ജർമ്മനിക്ക് യുവപരിശീലകൻ; സ്വന്തം നാട്ടിലെ യൂറോ കപ്പ് വരെ ജൂലിയൻ നാ​ഗിൽസ്മാന് നിയമനം

ഹാൻസി ഫ്ലിക്കിനെ പുറത്താക്കിയ ഒഴിവിലേക്കാണ് ജൂലിയൻ നാ​ഗിൽസ്മാന്റെ നിയമനം
ജർമ്മനിക്ക് യുവപരിശീലകൻ; സ്വന്തം നാട്ടിലെ യൂറോ കപ്പ് വരെ ജൂലിയൻ നാ​ഗിൽസ്മാന് നിയമനം

ബെർലിൻ: ജർമ്മൻ ഫുട്ബോളിന്റെ മുഖ്യപരിശീലകനായി ജൂലിയൻ നാ​ഗിൽസ്മാനെ നിയമിച്ചു. അടുത്ത വർഷം സ്വന്തം മണ്ണിൽ നടക്കുന്ന യൂറോ കപ്പ് വരെയാണ് നാ​ഗിൽസ്മാന്റെ നിയമനം. ജപ്പാനെതിരെ ഒന്നിനെതിരെ നാല് ​ഗോളുകൾക്ക് തോറ്റതിന് പിന്നാലെ ജർമ്മനി പഴയ കോച്ച് ഹാൻസി ഫ്ലിക്കിനെ പുറത്താക്കിയിരുന്നു.

നാല് തവണ ലോകചാമ്പ്യനായ ജർമ്മനി കുറച്ചുവർഷങ്ങളായി മോശം ഫോമിലാണ്. 2018, 2022 ലോകകപ്പുകളിലെ ​ഗ്രൂപ്പ് സ്റ്റേജിൽ തന്നെ ജർമ്മനി ലോകകപ്പിൽ നിന്ന് പുറത്തായിരുന്നു. ബയേൺ മ്യൂണിക്, ആര്‍ബി ലെയ്പ്‌സിഗ്, ഹോഫെൻഹെയിം ടീമുകളെ നാ​ഗിൽസ്മാൻ മുമ്പ് തോൽപ്പിച്ചിരുന്നു. 2021-22 സീസണിൽ നാ​ഗിൽസ്മാന്റെ കീഴിലായിരുന്നു ബയേൺ ബുന്ദസ്‌ലിഗ കിരീടം നേടിയത്. എന്നാൽ ഈ വർഷം ആദ്യം നാ​ഗിൽസ്മാനെ ബയേൺ പുറത്താക്കി. ടീം മാനേജ്മെൻ്റുമായുള്ള ആഭ്യന്തര പ്രശ്നങ്ങളെ തുടർന്നാണ് നാ​ഗിൽസ്മാൻ പുറത്തായത്.

ജർമ്മൻ ഫുട്ബോളിലെ പ്രായം കുറഞ്ഞ രണ്ടാമത്തെ പരിശീലകനാണ് ജൂലിയൻ നാ​ഗിൽസ്മാൻ. 1926ൽ 34-ാം വയസിൽ നിയമിതനായ ഓട്ടോ നേർസ് ആണ് ഏറ്റവും കുറഞ്ഞ പ്രായത്തിൽ ജർമ്മൻ പരിശീലകനായത്. ജൂലിയൻ നാ​ഗിൽസ്മാന് 36 വയസുണ്ട്. 20-ാം വയസിൽ കാൽമുട്ടിനേറ്റ പരിക്കിനെ തുടർന്ന് നാ​ഗിൽസ്മാൻ ഫുട്ബോൾ കരിയർ അവസാനിപ്പിച്ചിരുന്നു. പിന്നാലെ പരിശീലക രം​ഗത്തേയ്ക്ക് തിരിയുകയായിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com