'എൻ എൻ പിള്ളയുടെ ബയോപിക് ഉപേക്ഷിച്ചിട്ടില്ല'; നിവിൻ പോളി ചിത്രത്തെക്കുറിച്ച് വിജയരാഘവൻ
രാജീവ് രവി പ്രഖ്യാപിച്ച ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് ഗോപൻ ചിദംബരമാണ്.
18 March 2023 5:33 PM GMT
ഫിൽമി റിപ്പോർട്ടർ

രാജീവ് രവിയുടെ സംവിധാനത്തിൽ നാടകാചാര്യൻ എൻ എൻ പിള്ളയുടെ ജീവിതകഥ സിനിമയാക്കുമെന്ന വാർത്തകൾ മുൻപ് വന്നിരുന്നു. 2017-ലായിരുന്നു നിവിൻ പോളി നായകനാകുന്ന സിനിമയുടെ പ്രഖ്യാപനം നടന്നത്. പിന്നീട് സിനിമയുടെ യാതൊരു വിധ അപ്ഡേറ്റുകളും പുറത്തുവന്നില്ല. ഇപ്പോഴിതാ സിനിമ ഉപേക്ഷിച്ചിട്ടില്ല എന്ന് അറിയിച്ചിരിക്കുകയാണ് എൻ എൻ പിള്ളയുടെ മകൻ കൂടിയായ നടൻ വിജയരാഘവൻ.
'അത് വലിയ പ്രോജക്ട് ആണ്. അതിനാൽ തന്നെ ഏറെ ഒരുക്കങ്ങൾ ആവശ്യമാണ്. അവർക്ക് ഐ എൻ എയിലെ (ഇന്ത്യൻ നാഷണൽ ആർമി) അദ്ദേഹത്തിന്റെ ജീവിതം കാണിക്കേണ്ടി വരും, ലോകമഹായുദ്ധങ്ങൾ കവർ ചെയ്യണം. ഇത് വളരെ ചിലവേറിയ പദ്ധതിയായിരിക്കും, അതിനാൽ കാലതാമസം ഉണ്ട്. പദ്ധതി ഇപ്പോഴും സജീവമാണ്, പക്ഷേ ഇപ്പോഴും കാര്യങ്ങൾ പ്രാരംഭ ഘട്ടത്തിലാണ്. കാര്യങ്ങൾ ഉടൻ തന്നെ സംഭവിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു', വിജയരാഘവൻ സിനിമ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
രാജീവ് രവി പ്രഖ്യാപിച്ച ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് ഗോപൻ ചിദംബരമാണ്. 'ഇയോബിന്റെ പുസ്തകം', 'തുറമുഖം' എന്നീ സിനിമകളുടെ രചയിതാവാണ് ഗോപൻ ചിദംബരം. മധു നീലകണ്ഠൻ സിനിമയുടെ ഛായാഗ്രഹണം നിർവഹിക്കും എന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.
നാടകകൃത്ത്, നടൻ, നാടക സംവിധായകൻ, ഐഎൻഎ സ്വാതന്ത്ര്യ സമര സേനാനി എന്നിങ്ങനെ നിരവധി മേഖലകളിൽ പ്രവർത്തിച്ചിട്ടുള്ള വ്യക്തിയാണ് എൻ എൻ പിള്ള. കേരളത്തിലെ എക്കാലത്തെയും മികച്ച നാടക കലാകാരന്മാരിൽ ഒരാളായി പരക്കെ കണക്കാക്കപ്പെടുന്ന അദ്ദേഹം മലയാള നാടക ലോകത്തെ 'നാടകാചാര്യൻ' എന്ന് വിളിക്കപ്പെട്ടു. 'ഗോഡ്ഫാദർ' എന്ന ചിത്രത്തിലെ അദ്ദേഹത്തിന്റെ അഞ്ഞൂറാൻ എന്ന കഥാപാത്രം ഇന്നും മലയാള സിനിമാപ്രേമികൾ ഏറെ ചർച്ച ചെയ്യാറുണ്ട്.
Story Highlights: Vijayaraghavan confirms that NN Pillai biopic hasn't been dropped