ഒടിടി പ്ലാറ്ഫോമുകൾ ഭാവി കയ്യടക്കുന്നു; ഗുണത്തേക്കാളേറെ ദോഷം?
ഓവർ ദി ടോപ് അല്ലെങ്കിൽ ഒടിടിയുടെ ഗുണങ്ങളേറെയാണ്. എന്നാൽ അതേപോലെ യുവ തലമുറയ്ക്ക് തന്നെ ഭീഷണിയുയർത്തുന്ന ദോഷങ്ങളും ഒടിടിയിൽ ഉണ്ട്.
25 Nov 2021 12:03 PM GMT
ഫിൽമി റിപ്പോർട്ടർ

ഒടിടി പ്ലാറ്റ്ഫോമുകൾ എത്തിയതോടെ സിനിമ ആസ്വാദനത്തിന്റെ കാഴ്ചപ്പാട് തന്നെ മാറിയിരിക്കുന്നു. എന്നാൽ പ്രതിസന്ധികൾ തരണം ചെയ്തുകൊണ്ട് സിനിമകൾ ഒടിടിയിൽ ഇടം പിടിച്ചപ്പോൾ തിയേറ്റർ മേഖലയും ഒരു വശത്തു നിന്ന് തകരാൻ തുടങ്ങി. ബിഗ് സ്‌ക്രീനിൽ കയറിയിരുന്നെങ്കിൽ പല ക്ലബ്ബുകളിലും ഇടം നേടാൻ സാധ്യതയുള്ള സിനിമകൾ പലതും ഒടിടി പ്ലാറ്റ്ഫോമുകൾ എടുത്തു. പതുക്കെ സിനിമ ആസ്വാദനം വീടുകളിലേക്കും ജോലി സ്ഥലങ്ങളിലേക്കും മുറികളിലേക്കും ചുരുങ്ങി. എന്നാൽ തിയേറ്ററിൽ ഇറങ്ങുന്ന സിനിമ, എല്ലാ പ്രേക്ഷകരിലേക്കും എത്തുന്നതിന്റെ പകുതി വേഗത്തിൽ ഒടിടിയിലൂടെ ചിത്രം ഏവരും കാണാൻ തുടങ്ങി. കോവിഡ് മഹാമാരിക്ക് ശേഷം സിനിമകൾ ഒടിടിയിൽ പ്രദർശനം നടത്തുന്നതിൽ പലരും ആദ്യം എതിർപ്പ് പ്രകടിപ്പിച്ചവരിൽ നല്ലൊരു ശതമാനം ഇന്ന് ഒടിടിയുടെ ഗുണങ്ങൾ മനസിലാക്കി ആസ്വദിക്കുന്നുണ്ട്. ഓവർ ദി ടോപ് അല്ലെങ്കിൽ ഒടിടിയുടെ ഗുണങ്ങളേറെയാണ്. എന്നാൽ അതേപോലെ യുവ തലമുറയ്ക്ക് തന്നെ ഭീഷണിയുയർത്തുന്ന ദോഷങ്ങളും ഒടിടിയിൽ ഉണ്ട്. അതായത്, ഏതൊരു സാങ്കേതികവിദ്യയുടെ കാര്യത്തിലും അവ ഗുണം തരുന്നതുപോലെ ദോഷവും ഉണ്ടാക്കുന്നു. അത് ഒടിടിയുടെ കാര്യത്തിലും വ്യത്യസ്തമല്ല.
ഒടിടിയുടെ ഗുണങ്ങൾ
ഒടിടി ചാനലുകളുടെ ഏറ്റവും വലിയ പ്രത്യേകതകളിൽ ഒന്ന് പരിപാടി കാണുന്ന പ്രേക്ഷകരുടെ താല്പര്യങ്ങൾക്ക് പൂർണ സ്വാതന്ത്രയം കൊടുക്കുന്നു എന്നതാണ്. ഉപഭോക്താവിന് ഏതു കണ്ടന്റ് വേണം, എന്നതിനനുസരിച്ചായിരികും ഒടിടിയിൽ കണ്ടന്റ് ഉണ്ടാകുക. എന്നാൽ ടെലിവിഷനിൽ നേരെ മറിച്ചാണ്. അവിടെ സംപ്രേഷണം ചെയ്യുന്ന പരിപാടികൾ ഒരു കൃത്യ സമയം പാലിച്ചുകൊണ്ടാണ് നടത്തുക. ഒടിടിയ്ക്ക് സംപ്രേഷണം ചെയ്യാൻ പ്രേത്യേകം സമയം എന്നൊന്നില്ല, എല്ലാം ഉപഭോക്താക്കളുടെ സമയം പോലെയിരിക്കും.
മറ്റൊന്ന് ഒടിടി ഉപഭോക്താക്കൾ കൈകാര്യം ചെയ്യുന്ന രീതിയാണ്. നമ്മൾ കയ്യിൽ കൊണ്ടുനടക്കുന്ന മൊബൈൽ ഫോൺ മുതൽ ഏതു ഉപകരണത്തിലും കാണാൻ കഴിയുന്ന വിധം വഴങ്ങുന്നതാണ് ഒടിടി പ്ലാറ്റ്ഫോമുകൾ. എന്നാൽ ടെലിവിഷനിൽ പ്രത്യേക സമയത്ത് സംപ്രേഷണം ചെയ്യുന്ന പരിപാടികൾ അതിലൂടിയല്ലാതെ മറ്റൊരു മേഖലയിൽ കൂടിയും കാണാൻ സാധിക്കുന്നതല്ല.
എണ്ണിയാൽ തീരാത്ത കണ്ടെന്റുകൾ ആണ് ഒടിടിയിൽ ദിവസവും റിലീസ് ചെയുന്നത്. വിവിധ തരത്തിലുള്ള കണ്ടെന്റുകൾ ഉള്ളത് കൊണ്ട് തന്നെ കാണേണ്ടത് തിരഞ്ഞെടുക്കാനും ഉപഭോക്താക്കൾക്ക് സാധിക്കുന്നു. മാത്രമല്ല ടെലിവിഷനിലെ പോലെ പ്രാദേശിക ഭാഷ എന്നതിനപ്പുറം നിരവധി ഭാഷകൾ ഒടിടി പ്രോത്സാഹിപ്പിക്കുന്നു.
മറ്റൊന്ന് ഏറ്റവും മികച്ച ക്വാളിറ്റി നിലനിർത്തിക്കൊണ്ടാണ് ഒടിടിയിൽ ഏതു പരിപാടിയും സംപ്രേഷണം ചെയുന്നത്. അതിൽ കൊടുക്കുന്ന ദൃശ്യങ്ങളുടെയാണെങ്കിലും സംഗീതതിന്റെയാണെങ്കിലും പരിപാടിയുടെ മറ്റു സാങ്കേതികതയിലും കാണിക്കുന്ന ഗുണമേന്മ എടുത്തു പറയേണ്ടതാണ്. അത്തരത്തിൽ നിലവാരമുള്ള കണ്ടെന്റുകൾ മാത്രമേ ഒടിടി പ്ലാറ്റ്ഫോമുകളിലൂടെ സംപ്രേഷണം ചെയ്യാറുള്ളു. മാത്രമല്ല 'ഇൻസ്റ്റന്റ് പ്ലേബാക്ക്' എന്ന ഒരു സംവിധാനം കൂടി ഒടിടിയ്ക്കുണ്ട്. സിനിമകൾ ഡൌൺലോഡ് ചെയ്താൽ മാത്രമേ ആ ചിത്രം പോസ് ചെയ്യാനും പ്ലേ ചെയ്യുവാനും കഴിയുകയുള്ളു. എന്നാൽ ഒടിടി ഉപഭോക്താക്കളുടെ സ്വാതന്ത്ര്യത്തിന് വേണ്ടി രൂപകൽപ്പന ചെയ്തേക്കുന്നതിനാൽ ഏതുസമയത്ത് നിർത്തണം എപ്പോൾ തുടങ്ങണം എന്ന് നിയത്രിക്കാൻ ഉപഭോക്താവിന് കഴിയും. ഒരിക്കലും ടെലിവിഷൻ പോലെ ലൈവ് അല്ല.
മറ്റൊന്നാണ്, ഒടിടി പ്ലാറ്റ്ഫോമുകളുടേതായിട്ടുള്ള കണ്ടെന്റുകൾ ഏറ്റവും ഗുണമേന്മയോടെ കൊടുക്കുക എന്നത്. അതിന് 'ഒറിജിനൽ' എന്നുകൂടി അടയാളപ്പെടുത്തിയിട്ടുണ്ടാകും. ആമസോൺ ഒറിജിനൽ, നെറ്ഫ്ലിക്സ് ഒറിജിനൽ എന്നൊക്കെ പറയുന്നതും ഇതേ എക്സ്ക്ലൂസിവ് കണ്ടെന്റുകളെ മുൻനിർത്തിയാണ്.
പരിപാടി കണ്ടുകൊണ്ടിരിക്കുന്നതിനിടയിൽ പ്രേക്ഷകരെ എപ്പോഴും അലോസരപ്പെടുത്തുന്ന ഒന്നാണ് പരിപാടികളുടെ ഇടയിൽ കയറി വരുന്ന പരസ്യങ്ങൾ. ഇത് ടെലിവിഷനിൽ ആണെങ്കിലും യുട്യൂബിൽ ആണെങ്കിൽ ഒരുപോലെ തന്നെയാണ്. എന്നാൽ ഒടിടി പ്ലാറ്റ്ഫോമുകളിൽ പ്രേത്യേക പരിപാടികൾക്കല്ലാതെ ഒരു തരത്തിലുള്ള പരസ്യങ്ങളും പരിപാടിക്കിടയിൽ ഒടിടി കാണിക്കുന്നില്ല.
ഒടിടിയുടെ പിന്നിൽ ഒളിഞ്ഞിരിക്കുന്ന കുരുക്കുകൾ
ഗുണങ്ങൾ എന്നു പറയുംപോലെ ഒടിടി മേഖലയിലൂടെ ഉപഭോക്താക്കൾ നേരിടുന്ന ദോഷങ്ങളും ചെറുതല്ല. അതിൽ പ്രധാനയമായ ഒന്നാണ് ഇന്റർനെറ്റുമായുള്ള ഒടിടിയുടെ ബന്ധം. ഒരിക്കലും ഇന്റർനെറ്റിന്റെ സഹായമില്ലാതെ ഒടിടി പ്ലാറ്റ്ഫോമുകൾക്ക് പ്രവർത്തിക്കാൻ സാധിക്കില്ല. ഒരുപരിധിവരെ ഒടിടിയിൽ നിന്ന് പരിപാടികൾ ഡൌൺലോഡ് ചെയ്തു കാണാൻ സാധിക്കുമെങ്കിലും, പൂർണമായും ഇന്റർനെറ്റിന്റെ സ്വാധീനത്തിലാണ് ഇത് പ്രവർത്തിക്കുന്നത്.
മറ്റൊന്ന് ഇത് ഉപയോഗിക്കാനുള്ള അറിവാണ്. ഇന്ന് ഭൂരിഭാഗം ആളുകളും ഒടിടി ഉപയോഗിക്കുന്നവരുണ്ടെങ്കിലും ഇതിന്റെ സാങ്കേതികപരമായുള്ള അറിവ് കുറവാണ്. എങ്ങനെ നെറ്ഫ്ലിക്സ് പോലെ ഉള്ള ഒടിടിയിൽ അക്കൗണ്ട് എടുക്കു രജിസ്റ്റർ ചെയ്യും, പണമിടപാട് എങ്ങനെയാണ് എന്നുള്ള അടിസ്ഥാന കാര്യങ്ങൾ അറിഞ്ഞിരിക്കേണ്ടതുണ്ട്. ഇത് വർത്തനമാനകാലത്തിലെ മാത്രം ആശങ്കയാണ്, ഭാവിയിൽ പ്രായഭേദമന്യേ സാങ്കേതിക വിദ്യയുടെ അടിസ്ഥാനമെങ്കിലും അറിയുനനവരായി ഏവരും മാറും എന്നതിൽ സംശയമില്ല.
ഒടിടിയിൽ സംപ്രേഷണം ചെയ്യുന്ന പരിപാടികളുടെ ഗുണമേന്മ നമ്മുടെ ഫോണുകളിലുള്ള ഇന്റർനെറ്റിന്റെ വേഗതപോലെയിരിക്കും. ലഭിക്കുന്ന ഇന്റെർനെറ്റിന് വേണ്ടത്ര വേഗതയില്ല എങ്കിൽ ദൃശ്യങ്ങളെയും ശബ്ദത്തെയും അത് ബാധിക്കും.
മറ്റൊന്ന്, ഓൺലൈനിൽ നമ്മൾ കൊടുക്കുന്ന സ്വകാര്യ വിവരങ്ങളുടെ ആശങ്കയാണ്. പലപ്പോഴും സ്വകാര്യ വിവരങ്ങൾ ഒരു ഓൺലൈൻ പ്ലാറ്റ്ഫോമിൽ കൊടുക്കുമ്പോൾ ആശങ്കകൾ ഉണ്ടാകുന്നത് സ്വാഭാവികമാണ്.
ഇന്ന് കേരളം ചർച്ച ചെയ്യുന്ന പ്രധാന വിഷയങ്ങളിൽ ഒന്നാണ് ഒടിടിയിലെ സെൻസറിങ്. ഒടിടിയിൽ സെൻസറിങ് ഇല്ലത്തതുകൊണ്ട് തന്നെ അതിൽ വരുന്ന ലൈംഗിക കണ്ടെന്റുകളും വയലൻസ് കണ്ടെന്റുകളും ഉണ്ടാകുന്നു. ഇത് കുട്ടികൾക്ക് കാണുന്നതിലും പ്രശ്നങ്ങൾ ഉണ്ടാകുന്നുണ്ട്.
ഒടിടി പ്ലാറ്ഫോം കൊണ്ട് ഇന്ന് ഉപഭോക്താക്കൾ നേരിടുന്ന പ്രധാന പ്രശ്നം സമയ നഷ്ടമാണ്. കണ്ടാൽ തീരാത്ത ലക്ഷക്കണക്കിന് കണ്ടെന്റുകൾ കൊണ്ട് നിറയുന്ന ഒടിടിയിലെ പരിപാടികൾ കണ്ടു തീർക്കാൻ പലപ്പോഴും സമയം കണ്ടെത്തുന്നതിലൂടെ, ഒരാൾ പ്രൊഡക്ടിവായി ഉപയോഗപ്പെടുത്തേണ്ട മണിക്കൂറുകൾ ആണ് ഒടിടി കവർന്നെടുക്കുന്നത്. ഒടിടി പ്ലാറ്റ്ഫോമുകൾ ഒരു വിനോദ മേഖല മാത്രമാണ്. നാളെ ലോകത്തിന്റെ തന്നെ വിനോദ മേഖലയിൽ മുൻപിൽ നിൽക്കാൻ പോകുന്നതും ഒരുപക്ഷെ ഒടിടി എന്ന പുതിയ ദൃശ്യവിസ്മയ ലോകമായിരിക്കും.
- TAGS:
- OTT
- OTT Platform
- Advantages