ഹേമചന്ദ്രൻ ജീവനൊടുക്കിയത്, കുഴിച്ചിടുകയല്ലാതെ മറ്റ് വഴിയില്ലായിരുന്നു:ഫേസ്ബുക്ക് പോസ്റ്റുമായി പ്രതി നൗഷാദ്

'രാവിലെ മൃതദേഹം കണ്ടപ്പോള്‍ എന്തുചെയ്യണം എന്നറിയാതെ സുഹൃത്തിനെ വിളിച്ചു. കുഴിച്ചിടുകയല്ലാതെ മറ്റ് വഴിയില്ല എന്ന് അവര്‍ പറഞ്ഞു. അങ്ങനെയാണ് മൂന്നുപേരും ചേര്‍ന്ന് കുഴിച്ചിട്ടത്'- നൗഷാദ് പറഞ്ഞു

dot image

കോഴിക്കോട്: വയനാട്ടില്‍ നിന്ന് കാണാതായ മധ്യവയസ്‌കനെ കൊന്ന് കുഴിച്ചുമൂടിയ സംഭവത്തില്‍ ഫേസ്ബുക്ക് പോസ്റ്റുമായി വിദേശത്തുളള മുഖ്യപ്രതി നൗഷാദ്. ഹേമചന്ദ്രന്റേത് ആത്മഹത്യയാണ് എന്നാണ് നൗഷാദ് ഫേസ്ബുക്കിൽ പങ്കുവെച്ച വീഡിയോയിൽ പറയുന്നത്. കൊലപാതകം എന്ന് പറയുന്നത് തന്നെ തെറ്റാണെന്നും മൃതദേഹം കണ്ടപ്പോള്‍ മറ്റ് വഴിയില്ലെന്ന് സുഹൃത്തുക്കള്‍ പറഞ്ഞത് അനുസരിച്ചാണ് കുഴിച്ചിട്ടതെന്നും നൗഷാദ് പറയുന്നു. ചെയ്ത തെറ്റിന് ജയിലില്‍ കിടക്കാന്‍ തയ്യാറാണെന്നും നാട്ടിലെത്തി പൊലീസില്‍ കീഴടങ്ങുമെന്നും നൗഷാദ് പറഞ്ഞു.

'ഹേമചന്ദ്രന്‍ എനിക്കും സുഹൃത്തുക്കള്‍ക്കും ഉള്‍പ്പെടെ പണം നല്‍കാനുണ്ട്. മുപ്പതോളം പേര്‍ക്ക് പണം കൊടുക്കാനുണ്ട് എന്ന് ഹേമചന്ദ്രന്‍ തന്നെ പറഞ്ഞിട്ടുണ്ട്. പലയിടങ്ങളിലും പൈസ കിട്ടാന്‍ വേണ്ടി ഒരുമിച്ച് പോയതാണ്. എഗ്രിമെന്റ് തയ്യാറാക്കിയ ശേഷം ഹേമചന്ദ്രനെ വീട്ടിലേക്ക് അയച്ചതാണ്. എന്നാല്‍ ഹേമചന്ദ്രന്‍ തിരിച്ചെത്തി മൈസൂരില്‍ നിന്നും പൈസ കിട്ടാനുണ്ട് എന്ന് പറഞ്ഞു. ഒരുദിവസം കൂടി വീട്ടില്‍ കിടക്കാന്‍ അനുവാദം ചോദിച്ചു. ഭക്ഷണം വാങ്ങിക്കൊടുത്തിരുന്നു. രാവിലെ എഴുന്നേറ്റ് നോക്കുമ്പോള്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തുകയായിരുന്നു. ഹേമചന്ദ്രന്‍ ആത്മഹത്യ ചെയ്യാന്‍ തന്നെ വന്നതാണ്. അയാള്‍ വീട്ടില്‍ ഒറ്റയ്ക്കായിരുന്നു താമസം. ആവശ്യമെങ്കില്‍ അയാള്‍ക്ക് അവിടേക്ക് പോകാമായിരുന്നു. രാവിലെ മൃതദേഹം കണ്ടപ്പോള്‍ എന്തുചെയ്യണം എന്നറിയാതെ സുഹൃത്തിനെ വിളിച്ചു. കുഴിച്ചിടുകയല്ലാതെ മറ്റ് വഴിയില്ല എന്ന് അവര്‍ പറഞ്ഞു. അങ്ങനെയാണ് മൂന്നുപേരും ചേര്‍ന്ന് കുഴിച്ചിട്ടത്. ചെയ്ത തെറ്റിന് ജയിലില്‍ കിടക്കാന്‍ തയ്യാറാണ്.'- എന്നാണ് നൗഷാദ് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നത്.

താന്‍ എങ്ങോട്ടും മുങ്ങിയിട്ടില്ലെന്നും രണ്ടുമാസത്തെ വിസിറ്റിംഗ് വിസയ്ക്ക് സൗദിയില്‍ എത്തിയതാണെന്നും തിരിച്ചുവന്ന് പൊലീസില്‍ കീഴടങ്ങുമെന്നും നൗഷാദ് വ്യക്തമാക്കി. ലൊക്കേഷനുള്‍പ്പെടെയുളള വിവരങ്ങള്‍ പൊലീസിന്റെ കൈവശമുണ്ടെന്ന് പറഞ്ഞ നൗഷാദ് ഹേമചന്ദ്രന്റെ മൃതദേഹം വീണ്ടും പോസ്റ്റ്‌മോര്‍ട്ടം ചെയ്യണമെന്നും ആവശ്യപ്പെട്ടു.

അതേസമയം, നൗഷാദിന്റെ വാദങ്ങള്‍ തളളി പൊലീസ് രംഗത്തെത്തി. ഹേമചന്ദ്രനെ കൊലപ്പെടുത്തിയത് നൗഷാദിന്റെ നേതൃത്വത്തില്‍ തന്നെയാണ് എന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. തെറ്റുപറ്റിപ്പോയെന്ന് അന്വേഷണ സംഘത്തിന് നൗഷാദ് വാട്ട്‌സാപ്പ് സന്ദേശം അയച്ചിരുന്നെന്നും നൗഷാദിന്റെ വിസിറ്റിംഗ് വിസയുടെ കാലാവധി ഈ മാസം എട്ടിന് അവസാനിക്കുമെന്നും പൊലീസ് വ്യക്തമാക്കി. നൗഷാദ് വൈകാതെ പിടിയിലാകുമെന്നും പൊലീസ് അറിയിച്ചു. കേസില്‍ രണ്ട് സ്ത്രീകളെക്കൂടി പ്രതിചേര്‍ക്കാനാണ് പൊലീസിന്റെ നീക്കം.

ജൂണ്‍ 28-നാണ്  ഒന്നര വർഷം മുമ്പ് കോഴിക്കോട് നിന്നും കാണാതായ വയനാട് സുൽത്താൻ ബത്തേരി സ്വദേശി ഹേമചന്ദ്രൻ്റെ മൃതദേഹം കണ്ടെത്തിയത്.  വയനാട് ചേരമ്പാടിയിലെ വനത്തിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മുഖ്യപ്രതി നൗഷാദ് ഹേമചന്ദ്രനെ ട്രാപ്പ് ചെയ്താണ് വയനാട്ടിലേക്ക് കൊണ്ടുപോയതെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ ഡിസിപി അരുൺ കെ പവിത്രൻ നേരത്തെ പറഞ്ഞിരുന്നു. ഹേമചന്ദ്രന്‍ നൗഷാദിന് പണം കൊടുക്കാനുണ്ടായിരുന്നുവെന്നും അത് വാങ്ങിയെടുക്കാനുള്ള വഴിയായിരുന്നു ട്രാപ്പെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: Hemachandran committed suicide, there was no other option but to bury him says Accused Noushad

dot image
To advertise here,contact us
dot image