മന്ത്രിസഭാ തീരുമാനത്തെ എതിര്‍ത്തിട്ടില്ല; റവാഡയുടെ നിയമനത്തിലെ പ്രതികരണം വിശദീകരിച്ച് പി ജയരാജന്‍

പരാമര്‍ശം ദുര്‍വ്യാഖ്യാനം ചെയ്തുവെന്ന് പി ജയരാജൻ

dot image

കണ്ണൂര്‍: സംസ്ഥാന പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖറിന്റെ നിയമനത്തിന് പിന്നാലെ നടത്തിയ പ്രതികരണം ചര്‍ച്ചയായതോടെ വിശദീകരണവുമായി മുതിര്‍ന്ന സിപിഐഎം നേതാവ് പി ജയരാജന്‍. തന്റെ പരാമര്‍ശം ദുര്‍വ്യാഖ്യാനം ചെയ്‌തെന്നും മന്ത്രിസഭാ തീരുമാനത്തിലോ സിപിഐഎമ്മുമായി ബന്ധപ്പെട്ട കാര്യങ്ങളിലോ തനിക്ക് വ്യതിചലനം ഉണ്ടായിട്ടില്ലെന്നും പി ജയരാജന്‍ വിശദീകരിച്ചു.

'മാധ്യമങ്ങള്‍ എന്നെ വന്നുകണ്ടതുകൊണ്ടാണ് പ്രതികരിച്ചത്. വാര്‍ത്താസമ്മേളനം വിളിച്ചിട്ടില്ല. മന്ത്രിസഭാ തീരുമാനത്തെ അനുകൂലിച്ചാണ് പറഞ്ഞത്. കേന്ദ്രസര്‍ക്കാര്‍ അയച്ച പേരുകളില്‍ മെറിറ്റ് അനുസരിച്ച് ഒരാളെ സര്‍ക്കാര്‍ തിരഞ്ഞെടുത്തുവെന്നാണ് ഞാന്‍ പറഞ്ഞത്. എന്നാല്‍ പരാമര്‍ശം ദുര്‍വ്യാഖ്യാനം ചെയ്തു. മന്ത്രിസഭാ തീരുമാനത്തിലോ സിപിഐഎമ്മുമായി ബന്ധപ്പെട്ട കാര്യങ്ങളിലോ വ്യതിചലനം ഉണ്ടായിട്ടില്ല. സര്‍ക്കാര്‍ തീരുമാനങ്ങളെക്കുറിച്ച് അഭിപ്രായം പറയേണ്ടത് സര്‍ക്കാരാണ്. പാര്‍ട്ടിയല്ലല്ലോ ഇത്തരം കാര്യങ്ങള്‍ നിര്‍ദേശിക്കേണ്ടത്. എതിരായി ഒരു അഭിപ്രായവും പറഞ്ഞിട്ടില്ല', പി ജയരാജന്‍ പറഞ്ഞു.

കൂത്തുപറമ്പ് വെടിവെപ്പിന് നിര്‍ദേശം നല്‍കിയ ഉദ്യോഗസ്ഥരിലൊരാളാണ് റവാഡയെന്നും മെറിറ്റിന്റെ അടിസ്ഥാനത്തിലാണ് നിയമനം. അതില്‍ വിശദീകരണം നല്‍കേണ്ടത് സര്‍ക്കാരാണെന്നുമായിരുന്നു പി ജയരാജന്‍ അന്ന് പ്രതികരിച്ചത്. അന്ന് കൂത്തുപറമ്പിലുണ്ടായിരുന്ന ഉദ്യോഗസ്ഥരുടെ സംഘത്തിലൊരാളാണ് റവാഡ ചന്ദ്രശേഖര്‍. സര്‍ക്കാര്‍ തങ്ങളുടെ മുന്നിലുള്ള പട്ടികയെ അടിസ്ഥാനമാക്കി തീരുമാനം എടുത്തതാണ്. തീരുമാനത്തില്‍ വിശദീകരണം നല്‍കേണ്ടത് സര്‍ക്കാരാണ്. കൂത്തുപറമ്പ് വെടിവെപ്പിന് മുന്‍പ് നടന്ന സമരത്തില്‍ പങ്കെടുത്ത എം സുകുമാരനെ കസ്റ്റഡിയിലിരിക്കെ ഭീകരമായി തല്ലിച്ചതച്ച കേസില്‍ പ്രതിയായിരുന്നു പട്ടികയില്‍ ഒന്നാമതുള്ള നിതിന്‍ അഗര്‍വാള്‍. എം സുകുമാരന്‍ നല്‍കിയ പരാതിയില്‍ നിതിന്‍ അഗര്‍വാളിനെതിരെ കേസെടുത്തിരുന്നു. യോഗ്യതയുടെ അടിസ്ഥാനത്തിലാണ് വര്‍ഷങ്ങള്‍ക്കിപ്പുറം റവാഡയെ നിയമിച്ചത്' എന്നായിരുന്നു പി ജയരാജന്‍ പറഞ്ഞത്.

പ്രതികരണത്തിന് പിന്നാലെ കൂത്തുപറമ്പ് വെടിവെപ്പിനെ ഇടതുസര്‍ക്കാര്‍ മറക്കുന്നുവെന്ന തരത്തില്‍ ചര്‍ച്ചകള്‍ ഉയര്‍ന്നിരുന്നു. പരിയാരത്തെ സര്‍ക്കാര്‍ ഭൂമിയില്‍ സ്വാശ്രയ സഹകരണ മെഡിക്കല്‍ കോളേജ് ആരംഭിക്കുന്നതിനെതിരെ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയില്‍ പൊലീസ് വെടിവെയ്പ്പ് നടത്തുകയായിരുന്നു. അഞ്ച് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടിരുന്നു.

Content Highlights: No opposition to the cabinet decision P Jayarajan ravada chandrasekhar ips appointment

dot image
To advertise here,contact us
dot image