'കുറുപ്പിലേയോ നൈറ്റ് ഡ്രൈവിലേയോ പൊലീസ് അല്ല പത്താം വളവില്‍'; സേതു പ്രിയപ്പെട്ട കഥാപാത്രമെന്ന് ഇന്ദ്രജിത്ത്
14 May 2022 2:52 AM GMT
ഫിൽമി റിപ്പോർട്ടർ

'പത്താം വളവി'ലെ സേതു എന്ന പൊലീസ് കഥാപാത്രത്തെക്കുറിച്ച് നടന് ഇന്ദ്രജിത്ത്. നിരവധി പൊലീസ് വേഷങ്ങള്‍ ചെയ്തിട്ടുണ്ടെങ്കിലും തനിക്ക് ഏറ്റവും പ്രിയപ്പെട്ട കഥാപാത്രമാണ് സേതു എന്ന് താരം പറഞ്ഞു. എല്ലാവരിലും നന്മ കാണാന്‍ ആഗ്രഹിക്കുന്ന വളരെ സൗമ്യനും വ്യത്യസ്തനുമാണ് സേതു. ഒരു പ്രശ്നത്തില്‍ നില്ക്കുമ്പോള് തന്നെ മറ്റ് പ്രശ്നങ്ങള്‍ നേരിടേണ്ടിവരുന്ന വ്യക്തിയാണ്. പെര്‍ഫോം ചെയ്യാനുള്ള മുഹൂര്‍ത്തങ്ങളും സേതുവിനുണ്ടെന്നും ഇന്ദ്രജിത്ത് റിപ്പോര്‍ട്ടര്‍ ടിവിയോട് പ്രതികരിച്ചു.
ഇന്ദ്രജിത്തിന്റെ വാക്കുകള്‍
നിരവധി പൊലീസ് വേഷങ്ങള്‍ ചെയ്തെങ്കിലും ഓരോ പൊലീസും വ്യത്യസ്തരാണ്. അവരുടെ ജീവിത സാഹചര്യങ്ങളും വ്യത്യസ്തരാണ്. അത്തരത്തില്‍ വ്യത്യസ്തമായ പൊലീസ് വേഷങ്ങളാണ് ചെയ്തിട്ടുള്ളത്. കുറുപ്പിലെ പൊലീസ് അല്ല നൈറ്റ് ഡ്രൈവില്‍. നൈറ്റ് ഡ്രൈവിലെ പൊലീസ് അല്ല പത്താം വളവില്‍. ആ രീതിയില്‍ നോക്കുമ്പോള്‍ സേതു എന്ന കഥാപാത്രം വളരെ വ്യത്യസ്തനാണ്. എന്തിലും നന്മ കാണാന്‍ ആഗ്രഹിക്കുന്ന വളരെ സൗമ്യനായ വ്യക്തിയാണ്. ഒരു പ്രശ്നത്തില്‍ നില്ക്കുമ്പോള് തന്നെ മറ്റ് പ്രശ്നങ്ങള്‍ നേരിടേണ്ടിവരുന്ന വ്യക്തിയാണ്. പെര്‍ഫോം ചെയ്യാനുള്ള മുഹൂര്‍ത്തങ്ങളും സേതുവിനുണ്ട്.
ഇത്രയും പൊലീസ് വേഷങ്ങള്‍ ചെയ്യുമ്പോള്‍ എങ്ങനെ വ്യത്യസ്തമാക്കാമെന്ന് ചിന്തിക്കും. അതിന് ഡയറക്ടറും സ്ക്രിപ്റ്റ് റൈറ്ററും സഹായിക്കാറുണ്ട്. വളരെ ആഴത്തുള്ള കഥാപാത്രമാണ് സേതുവിന്റേത്. അടുത്തിടെ ചെയ്ത പൊലീസ് വേഷങ്ങളില്‍ എനിക്ക് പ്രിയപ്പെട്ട കഥാപാത്രമാണ് സേതുവിന്റേത്.
ഡയറക്ടര്‍ പത്മകുമാറും ഞാനും തമ്മില്‍ 20 വര്‍ഷത്തെ പരിചയമുണ്ട്. എന്റെ മൂന്നാമത്തെ ചിത്രം മിഴിരണ്ടിലും അസോസിയേറ്റ് ഡയറക്ടറായിരുന്നു അദ്ദേഹം. അതെന്റെ തുടക്കമായിരുന്നു. അത്രയും ഡയലോഗ് ഞാന്‍ ആദ്യമായിട്ടാണ് പറയുന്നത്. എന്നെ പരിശീലിപ്പിച്ചിരുന്നത് പപ്പേട്ടന് ആയിരുന്നു. പിന്നീട് ഇത്രയും വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒരുമിച്ചൊരു സിനിമ ചെയ്യുന്നത്.
Story Highlights; Indrajith says about police character in Patham valavu