Top

കേസിൽ തീരുമാനം ഉണ്ടാകട്ടെ; എന്നിട്ട് മാത്രം ദിലീപുമായി സിനിമയെന്ന് ബി ഉണ്ണികൃഷ്ണൻ

കോടതിസമക്ഷം ബാലൻവക്കീൽ എന്ന സിനിമ കഴിഞ്ഞ സമയത്ത് അത്തരമൊരു ആലോചന വന്നിരുന്നു.

12 Feb 2022 4:47 PM GMT
ഫിൽമി റിപ്പോർട്ടർ

കേസിൽ തീരുമാനം ഉണ്ടാകട്ടെ; എന്നിട്ട് മാത്രം ദിലീപുമായി സിനിമയെന്ന് ബി ഉണ്ണികൃഷ്ണൻ
X

നടിയെ ആക്രമിച്ച കേസിന് വിധിയുണ്ടായ ശേഷം മാത്രമേ ദിലീപിനൊപ്പം സിനിമ ചെയ്യുകയുള്ളൂ എന്ന് സംവിധായകൻ ബി ഉണ്ണികൃഷ്ണൻ. കോടതി സ്മാമക്ഷം ബാലൻ വക്കീൽ എന്ന സിനിമയ്ക്ക് പിന്നാലെ മറ്റൊരു സിനിമയെക്കുറിച്ച് ആലോചന നടന്നിരുന്നു. കേസിന് ശേഷം മാത്രമേ അത്തരമൊരു സിനിമയ്ക്ക് സാധ്യത ഉള്ളുവെന്ന് താൻ അന്ന് പറഞ്ഞിരുന്നതായും അദ്ദേഹം അറിയിച്ചു. തന്റെ പുതിയ ചിത്രമായ ആറാട്ടിന്റെ വിശേഷങ്ങൾ റിപ്പോർട്ടർ ലൈവിനോട് പങ്കുവെക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

'ദിലീപിനെവെച്ച് ഒരു സിനിമ ആലോചിച്ചിരുന്നു. എന്നാൽ ഇനി കേസ് തീർന്ന ശേഷം മാത്രമേ ദിലീപുമായി ഒരു സിനിമ ചെയ്യുകയുള്ളൂ. കോടതിസമക്ഷം ബാലൻവക്കീൽ എന്ന സിനിമ കഴിഞ്ഞ സമയത്ത് അത്തരമൊരു ആലോചന വന്നിരുന്നു. അന്ന് ഞാൻ കേസ് തീർന്നിട്ട് ആലോചിക്കാം എന്ന് പറഞ്ഞിരുന്നു. കേസിൽ തീരുമാനം ഉണ്ടാകട്ടെ. അതിന് ശേഷം സാഹചര്യങ്ങൾ ഒത്തുവരുകയാണെങ്കിൽ സിനിമ ചെയ്യാം. അതിന് ഒരു വിഷയം വേണം, നല്ല ഒരു പ്രൊഡക്ഷൻ വേണം, നമുക്ക് ഒരു സിനിമ ചെയ്യാൻ തോന്നണം. അങ്ങനെ വന്നാൽ മാത്രമല്ലേ ചെയ്യാൻ സാധിക്കൂ', ബി ഉണ്ണികൃഷ്ണൻ പറഞ്ഞു.

അതേസമയം ആറാട്ട് ഫെബ്രുവരി 18ന് റിലീസ് ചെയ്യുകയാണ്. വില്ലന്‍' എന്ന ചിത്രത്തിനു ശേഷം ബി ഉണ്ണികൃഷ്ണന്‍ മോഹന്‍ലാലിനെ നായകനാക്കി ഒരുക്കുന്ന ചിത്രമാണിത്. നെയ്യാറ്റിന്‍കര ഗോപന്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്.കോമഡിക്ക് പ്രാധാന്യം നല്‍കുന്ന ഒരു ആക്ഷന്‍ ഡ്രാമയാണ് ആറാട്ട്. ഒരു തികഞ്ഞ മാസ് മസാല പടമായിരിക്കും 'ആറാട്ടെന്ന്' ബി ഉണ്ണികൃഷ്ണന്‍ നേരത്തെ പറഞ്ഞിരുന്നു. നെയ്യാറ്റിന്‍കര ഗോപന്‍ ചില കാരണങ്ങളാല്‍ പാലക്കാട്ടെ ഒരു ഗ്രാമത്തില്‍ എത്തുകയാണ്. തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളിലൂടെയാണ് കഥ മുന്നോട്ട് കൊണ്ടുപോകുന്നത്.

വിജയ് ഉലകനാഥാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. എഡിറ്റര്‍ സമീര്‍ മുഹമ്മദാണ്. ജോസഫ് നെല്ലിക്കല്‍ കലാ സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ വസ്ത്രാലങ്കാരം സ്റ്റെഫി സേവ്യറാണ്. ശ്രദ്ധ ശ്രീനാഥാണ് 'ആറാട്ടില്‍' നായിക. നെടുമുടി വേണു, സായ്കുമാര്‍, സിദ്ദിഖ്, ജോണി ആന്റണി, ഇന്ദ്രന്‍സ്, രാഘവന്‍, നന്ദു, ബിജു പപ്പന്‍, ഷീല, സ്വാസിക, മാളവിക, രചന നാരായണന്‍ കുട്ടി, എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങള്‍. പലക്കാടിന് പുറമെ ഹൈദ്രബാദാണ് ചിത്രത്തിന്റെ മറ്റൊരു പ്രധാന ലൊക്കേഷന്‍.

Next Story