
മലപ്പുറം: സ്കൂൾ വിദ്യാർഥികൾക്ക് ഉച്ചഭക്ഷണത്തിനായി സർക്കാർ നൽകിയ അരി മറിച്ചുവിൽക്കാനുള്ള അധ്യാപകരുടെ ശ്രമം തടഞ്ഞ് നാട്ടുകാർ. കുറുവയിലെ ഒരു എയ്ഡഡ് സ്കൂളിലാണ് സംഭവം. ഉച്ചക്കഞ്ഞിയ്ക്കുള്ള അരി മറിച്ചുവിൽക്കാൻ ശ്രമിച്ച രണ്ട് അധ്യാപകരെയും ഡ്രൈവറെയും പൊലീസ് കസ്റ്റഡിയിലെടുത്തു.
വ്യാഴാഴ്ച രാത്രി എട്ട് മണിയോടെ സ്കൂളിൽനിന്ന് ഗുഡ്സ് ഓട്ടോയിൽ പത്തിലേറെ ചാക്ക് അരി കയറ്റി. ശേഷം മക്കരപ്പറമ്പിലെ മൊത്തവ്യാപാരകേന്ദ്രത്തിലെത്തിച്ച് കടയിലേക്ക് മാറ്റുന്നതിനിടെയാണ് ഇവർ പിടിയിലായത്. വാഹനത്തെ പിന്തുടർന്നെത്തിയ രക്ഷിതാക്കളടക്കമുള്ള നാട്ടുകാരുടെ സംഘമാണ് ഇവരെ പിടികൂടിയത്. നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് സ്ഥലത്തെത്തിയ കൊളത്തൂർ പൊലീസ് അധ്യാപകരെയും ഗുഡ്സ് ഓട്ടോ ഡ്രൈവറെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
അതേസമയം, അരി മറിച്ചു വിൽക്കുകയായിരുന്നില്ല ലക്ഷ്യമെന്നാണ് സ്കൂൾ നൽകുന്ന വിശദീകരണം. നൂൺ ഫീഡിങ് ഓഫീസറുടെ പരിശോധന നടക്കുന്നതിനാൽ ബാക്കി വന്ന അരി സ്കൂളിൽ നിന്നും മാറ്റാനാണ് ഉദ്ദേശിച്ചത്. അരി നൽകി പകരം സ്കൂളിലേക്ക് പലചരക്ക്, പച്ചക്കറി എന്നിവ വാങ്ങാനാണ് ശ്രമിച്ചതെന്നും സ്കൂൾ അധികൃതർ വ്യക്തമാക്കി. സംഭവത്തെ തുടർന്ന് സംസ്ഥാന ഭക്ഷ്യ വകുപ്പ് കമ്മിറ്റി അംഗം സ്കൂളിൽ പരിശോധന നടത്തി.