
വിജയ് ദേവരകൊണ്ടയെ നായകനാക്കി ഗൗതം തന്നൂരി സംവിധാനം ചെയ്യുന്ന ആക്ഷൻ ചിത്രമാണ് കിങ്ഡം. വലിയ പ്രതീക്ഷകളോടെ എത്തുന്ന സിനിമയുടെ ട്രെയ്‌ലർ ഇന്നലെ പുറത്തുവന്നിരുന്നു. ട്രെയ്‌ലർ റിലീസിന് പിന്നാലെ വൈറലാകുകയാണ് മലയാളി നടൻ വെങ്കിടേഷ്. ചിത്രത്തിൽ ഒരു പ്രധാനപ്പെട്ട റോളിലാണ് നടൻ എത്തുന്നത്. കിങ്ഡം പോലെയൊരു സിനിമയിൽ ഭാഗമാകാൻ കഴിഞ്ഞത് ഒരു ഭാഗ്യമെന്ന് കരുതുന്നെന്ന് വെങ്കിടേഷ് മനസുതുറന്നു. ചിത്രത്തിൽ മെയിൻ വില്ലൻ റോൾ ആണെന്നും എല്ലാ ഇമോഷൻസും ഉള്ള ഒരു നെഗറ്റീവ് കഥാപാത്രമാണെന്നും റിപ്പോർട്ടറിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ പറഞ്ഞു.
ട്രെയ്‌ലറിലെ രണ്ട് ഷോട്ട്
ഭയങ്കര റെസ്പോൺസ് ആണ് വരുന്നത്. എന്റെ ഒരു സിനിമ പുറത്തുവന്നിട്ട് ഒന്നര കൊല്ലത്തിന് മേലെയാകുന്നു. ഈ സമയത്തിനുള്ളിൽ സിനിമ വിട്ടോ? സിനിമയൊന്നുമില്ലേ? എന്നുള്ള ചോദ്യങ്ങൾ കേൾക്കേണ്ടി വന്നിട്ടുണ്ട്. തെലുങ്ക് പടത്തിൽ അഭിനയിക്കുന്നുണ്ട് എന്ന് പറയുമ്പോൾ മലയാളത്തിൽ സിനിമകൾ ഒന്നുമില്ലേ എന്ന് ചോദിച്ചവർ വരെയുണ്ട്. പക്ഷെ അപ്പോഴും കിങ്ഡം പോലെയൊരു സിനിമയിൽ ഭാഗമാകാൻ കഴിഞ്ഞത് ഒരു ഭാഗ്യമെന്ന് കരുതുന്നു. ടീസറിലും ട്രെയ്‌ലറിലും ഒക്കെ എന്റെ ഷോട്ട് അവർ വെക്കുമെന്ന് ഞാൻ കരുതിയില്ല. ട്രെയ്‌ലർ വന്നതിന് ശേഷം ഒരുപാട് പേർ അത് ഷെയർ ചെയ്തു. ഒരു വർക്ക് ഇത്രയും പേർ ഷെയർ ചെയ്യുന്നതൊക്കെ ഇത് ആദ്യമാണ്. ഒൻപത് വർഷമായി ഈ മേഖലയിൽ എത്തിയിട്ട്, ജൂനിയർ ആർട്ടിസ്റ്റ് ആയിട്ടാണ് ഞാൻ തുടങ്ങിയത്. അപ്പോൾ ഒരു ട്രെയ്‌ലർ മാത്രം കണ്ടിട്ട് എല്ലാവരും കൊള്ളാമെന്നൊക്കെ പറയുന്നത് ഭാഗ്യമാണ്. വളരെ സന്തോഷം തോന്നുന്നു.
ട്രെയ്‌ലർ റെസ്പോൺസ്
ചിന്മയിയുടെ പാർട്ണറും സംവിധായകനുമായ രാഹുൽ രവീന്ദ്രൻ എന്നെക്കുറിച്ച് എക്സിൽ പോസ്റ്റ് ചെയ്തത് ഞാൻ കണ്ടിരുന്നു. അത്തരത്തിൽ മൂന്ന് നാല് പോസ്റ്റ് കൂടി ഞാൻ കണ്ടിരുന്നു. വെറും രണ്ട് ഷോട്ടിനെ വെച്ച് ഇവാൻ ആരാണ് എന്ന് പ്രേക്ഷകർ ചോദിക്കുന്നതൊക്കെ വലിയ കാര്യമാണ്. ട്രെയ്‌ലർ നന്നായത് കൊണ്ട് കൂടിയാണ് ആ ഒരു റെസ്പോൺസ്. വലിയൊരു സിനിമയാണ് കിങ്ഡം. ഷൂട്ട് ചെയ്തിരിക്കുന്നത് ജോമോൻ ചേട്ടനും ഗിരീഷ് ഗംഗാധരനും. മ്യൂസിക് അനിരുദ്ധിന്റേതും. ഒപ്പം ഭാഗ്യത്തിന് ട്രെയിലറിൽ എന്റെ വന്നത് നല്ല രണ്ട് ഷോട്ടുകളാണ്. ഇതിനും അപ്പുറം ഉള്ള ഒരു റെസ്പോൺസ് പടം ഇറങ്ങുമ്പോൾ എനിക്ക് കിട്ടണം. കാരണം ഈ പടം ഹിറ്റാകണം എന്ന് അതിയായി ആഗ്രഹിക്കുന്നുണ്ട്.
ഇടി മാത്രം കൊള്ളുന്ന വില്ലനല്ല
ഞാൻ സിനിമയിൽ മെയിൻ വില്ലൻ തന്നെയാണ്. ഒരു കിടിലൻ പരിപാടി തന്നെയായിരിക്കും ഈ സിനിമയിൽ. സംവിധായകൻ ഗൗതമിന്റെ പ്രത്യേകത ഇമോഷൻസ് കൈകാര്യം ചെയ്യുന്ന രീതിയാണ്. അദ്ദേഹത്തിന്റെ കഥാപാത്രങ്ങളിൽ എല്ലാം ഭയങ്കര ഇമോഷൻസ് ഉണ്ടായിരിക്കും. വില്ലൻ ആണെങ്കിലും എല്ലാ ഇമോഷൻസും ഉള്ള ഒരു നെഗറ്റീവ് കഥാപാത്രമാണ്, ടിപ്പിക്കൽ വില്ലനല്ല. വെറുതെ ഇടി കൊള്ളാൻ മാത്രമല്ല ഞാൻ സിനിമയിൽ.
വിജയ് ദേവരകൊണ്ടയ്‌ക്കൊപ്പം
എന്റെ ആദ്യത്തെ തെലുങ്ക് സിനിമയാണ് ഇത്. അത് ഇത്രയും മികച്ച സംവിധായകന്റെ കൂടെയും പ്രൊഡക്ഷൻ ടീമിന്റെ കൂടെയും ഹീറോയുടെ കൂടെയും ചെയ്യാൻ പറ്റിയത് ഒരു ഭാഗ്യമാണ്. ഗംഭീര ആക്ടറും ഒരുപാട് ഫേമസ് ആയ നടനുമാണ് വിജയ് ദേവരകൊണ്ട. എനിക്ക് തെലുങ്ക് വളരെ കുറച്ച് മാത്രമേ അറിയൂ. അതുകൊണ്ട് തന്നെ സെറ്റിൽ വെറുതെ ഇരിക്കുന്ന സമയം ഉണ്ടാകില്ല. മുഴുവൻ സമയവും ഡയലോഗ് കാണാതെ പഠിക്കുകയായിരിക്കും. വിജയ് തന്നെയാണ് എന്നോട് ഇങ്ങോട്ട് വന്ന് കൈ തന്ന് സംസാരിച്ചത്.
വളരെ ഡൗൺ ടു എർത്ത് ആയിട്ടുള്ള ആളാണ് വിജയ് ദേവരകൊണ്ട. വർക്കഹോളിക്ക് ആയിട്ടുള്ള കൃത്യമായ ഫോക്കസ് ഉള്ള ആളാണ് അദ്ദേഹം. ഞങ്ങൾ തമ്മിൽ കോമ്പിനേഷൻ സീനുകൾ ഉണ്ട്. പുള്ളിക്കാരൻ എന്നെ നല്ല രീതിയിൽ സഹായിച്ചിട്ടുണ്ട്. രണ്ട് ടേക്ക് കൂടുതൽ പോയാലും അദ്ദേഹത്തിന് കുഴപ്പമില്ലായിരുന്നു. സിനിമയുടെ സംവിധായകൻ ഗൗതം ഒരു പെർഫെക്ഷനിസ്റ്റ് ആണ്. എല്ലാ അഭിനേതാക്കളുടെ പക്കൽ നിന്നും ഏറ്റവും ബെസ്റ്റ് കൊണ്ട് വരാനാണ് അദ്ദേഹം ശ്രമിക്കുന്നത്. പുള്ളി ഫസ്റ്റ് ഹാഫ് കണ്ടിട്ട് എന്നെ അഭിനന്ദിച്ചിരുന്നു.
തെലുങ്ക് പഠിത്തം
തെലുങ്ക് കൃത്യമായിട്ട് പഠിപ്പിക്കാൻ സെറ്റിൽ ഒരു എഡി ഉണ്ടായിരുന്നു. ഓരോ വാക്കിന്റെ മോഡുലേഷനും ഉച്ഛാരണവും എങ്ങനെയെന്ന് അവൻ പറഞ്ഞു തരുമായിരുന്നു. ചില സീനുകളിൽ ഡയലോഗുകൾ പെട്ടെന്ന് പറയേണ്ട അവസരങ്ങൾ ഉണ്ടായിട്ടുണ്ട്. ആദ്യം ചെറിയ ഒരു താളപിശക് ഉണ്ടായിരുന്നു. ഇതിന്റെ മീറ്റർ എങ്ങനെയാണെന്ന് അറിയില്ലല്ലോ. പിന്നെപ്പിന്നെ ഡയലോഗുകൾ കാണാതെ ഇരുന്നു പഠിക്കാൻ തുടങ്ങി.
തെലുങ്ക് പ്രേക്ഷകർക്കൊപ്പം സിനിമ കാണണം
നാളെ ഹൈദരാബാദിലേക്ക് പോകുന്നുണ്ട്. അവിടെ പോയി ഫാൻസിന്റെ കൂടെയിരുന്നു പടം കാണണം. ഞാൻ ഹൈദരാബാദിൽ പോയിട്ട് സിനിമ ഇതുവരെ കണ്ടിട്ടില്ല. ഇവർ ഏത് സീനിലാണ് കയ്യടിക്കുന്നതെന്ന് നമുക്ക് അറിയില്ലല്ലോ.
Content Highlights: Venkitesh VP talks about Vijay Deverakonda and Kingdom film