ഓണം വിന്നർ! തിയേറ്ററുകളിൽ നിവിൻ പോളി തരംഗം; 100 കോടി ക്ലബ്ബിൽ 'ബെത്‌ലഹേം കുടുംബ യൂണിറ്റ്'

സർവ്വം മായയ്ക്ക് ശേഷം നിവിൻ പോളിയുടെ അടുത്ത 100 കോടി ചിത്രമായിരിക്കുകയാണ് 'ബെത്‌ലഹേം കുടുംബ യൂണിറ്റ്'. മമിത ഇത് അഞ്ചാം തവണയാണ് 100 കോടി സിനിമയുടെ ഭാഗമാകുന്നത്.

ഓണം വിന്നർ! തിയേറ്ററുകളിൽ നിവിൻ പോളി തരംഗം; 100 കോടി ക്ലബ്ബിൽ 'ബെത്‌ലഹേം കുടുംബ യൂണിറ്റ്'
dot image

ഈ വർഷത്തെ ഓണം റിലീസുകളിൽ പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന നിവിൻ പോളി - മമിത ബൈജു ചിത്രം ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ ബോക്സ് ഓഫീസിൽ തരംഗമാകുന്നു. 'പ്രേമലു'വിന് ശേഷം ഗിരീഷ് എ ഡി സംവിധാനം ചെയ്ത ചിത്രം തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുമ്പോൾ സിനിമയുടെ കളക്ഷൻ റിപ്പോര്‍ട്ടുകളാണ് എത്തുന്നത്. സിനിമ 100 കോടി ക്ലബ്ബിൽ ഇടം പിടിച്ചിരിക്കുകയാണ്. റിലീസ് ചെയ്ത് 6 ദിവസം പിന്നിടുമ്പോഴാണ് ചിത്രം ആഗോളതലത്തിൽ 110.73 കോടി സ്വന്തമാക്കിയിരിക്കുന്നത്.

സർവ്വം മായയ്ക്ക് ശേഷം നിവിൻ പോളിയുടെ അടുത്ത 100 കോടി ചിത്രമാണ് 'ബെത്‌ലഹേം കുടുംബ യൂണിറ്റ്'. അതേസമയം ഇത് അഞ്ചാം തവണയാണ് മമിത 100 കോടി നേടിയ സിനിമയുടെ ഭാഗമാകുന്നത്. പ്രേമലുവിൽ തുടങ്ങി ഡ്യൂഡ്, ജന നായകൻ, വിശ്വനാഥ് ആൻഡ് സൺസ് ഇപ്പോൾ ബെത്‌ലഹേം കുടുംബ യൂണിറ്റും 100 കോടി അടിച്ചിരിക്കുകയാണ്. ബോക്സ് ഓഫീസ് ട്രാക്കിങ് സൈറ്റായ സാക്നിൽക്കിന്റെ റിപ്പോർട്ട് പ്രകാരം ആഗോളതലത്തിൽ 15.63 കോടി രൂപയാണ് ആദ്യദിനം ചിത്രം നേടിയത്.

ഓണക്കാലത്ത് കുടുംബസമേതം കണ്ടിരിക്കാവുന്ന മികച്ചൊരു ഫീൽ ഗുഡ് എന്റർടെയ്‌നറാണ് ചിത്രമെന്നാണ് പ്രേക്ഷക പ്രതികരണങ്ങൾ. തണ്ണീർമത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യ, പ്രേമലു എന്നീ ചിത്രങ്ങൾക്ക് ശേഷം ഗിരീഷ് എ ഡി ഒരുക്കിയ ഈ ചിത്രം ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ഫഹദ് ഫാസിൽ, ദിലീഷ് പോത്തൻ, ശ്യാം പുഷ്കരൻ എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്.

സംഗീത് പ്രതാപ്, സുരേഷ് കൃഷ്ണ, ബിന്ദു പണിക്കര്‍, വിനയ് ഫോര്‍ട്ട്, റോഷന്‍ ഷാനവാസ്, ശ്യാം മോഹന്‍, ഷമീര്‍ ഖാന്‍, ശ്രിന്ദ, പാര്‍വതി അയ്യപ്പദാസ്, മീനാക്ഷി രവീന്ദ്രന്‍ തുടങ്ങി വലിയൊരു താരനിര തന്നെയാണ് ചിത്രത്തിലുള്ളത്. ചാലക്കുടി, പൊള്ളാച്ചി, ഗോവ, ഹൈദ്രാബാദ്, കുട്ടിക്കാനം എന്നീ ലൊക്കേഷനുകളിലായി നൂറിലധികം ദിവസങ്ങള്‍ കൊണ്ടാണ് സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായിട്ടുള്ളത്. പോസിറ്റീവ് പ്രതികരണങ്ങൾ കണക്കിലെടുത്ത് സിനിമയ്ക്ക് വരും ദിവസങ്ങളിൽ ഇനിയും കളക്ഷൻ കൂടാനാണ് സാധ്യത.

Content Highlights: Nivin Pauly starrer 'Bethlehem Kudumba Unit' is making a strong impact in theatres, with the Malayalam film officially entering the prestigious 100-crore club at the box office. The milestone further highlights the film's strong audience response and growing theatrical success.

dot image
To advertise here,contact us
dot image