

വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും ഒന്നിക്കുന്ന ഏറ്റവും പുതിയ പാന്‍-ഇന്ത്യന്‍ ചിത്രം 'രണബാലി'യുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. രാഹുല്‍ സാങ്ക്രിത്യന്‍ സംവിധാനം ചെയ്യുന്ന ഈ ബിഗ് ബജറ്റ് ചിത്രം വിജയദശമി ദിനമായ ഒക്ടോബര്‍ 16ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. മൈത്രി മൂവി മേക്കേഴ്‌സിന്റെ ബാനറില്‍ നവീന്‍ യെര്‍നേനിയും വൈ. രവിശങ്കറും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം ടി-സീരീസ് ആണ് പ്രേക്ഷകര്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നത്.
19-ാം നൂറ്റാണ്ടിലെ ബ്രിട്ടീഷ് കൊളോണിയല്‍ ഭരണകാലത്ത് നടന്ന യഥാര്‍ത്ഥ ചരിത്ര സംഭവങ്ങളെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. വാളുമേന്തി രൗദ്രഭാവത്തില്‍ നില്‍ക്കുന്ന വിജയ് ദേവരകൊണ്ടയുടെ മാസ്സ് ലുക്കിലുള്ള റിലീസ് പോസ്റ്റര്‍ ഇപ്പോള്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ തരംഗമായിക്കഴിഞ്ഞു. ദസറ ബോക്‌സ് ഓഫീസില്‍ വലിയൊരു തരംഗം തന്നെ സൃഷ്ടിക്കാന്‍ 'രണബാലി'ക്ക് സാധിക്കുമെന്നാണ് വിലയിരുത്തല്‍. വിജയ് ദേവരകൊണ്ട, രശ്മിക മന്ദാന, ആര്‍നോള്‍ഡ് വോസ്ലൂ തുടങ്ങി വലിയൊരു താരനിരയാണ് ചിത്രത്തില്‍ ഒരുമിക്കുന്നത്.
'നമ്മുടെ ചരിത്രത്തിലെ ഏറ്റവും ഇരുണ്ട അധ്യായം ഈ ഒക്ടോബറില്‍ ആരംഭിക്കുന്നു' എന്ന അടിക്കുറിപ്പോടെയാണ് അണിയറപ്രവര്‍ത്തകര്‍ റിലീസ് വിവരം ഔദ്യോഗികമായി പുറത്തുവിട്ടത്. ഈ ബ്രഹ്‌മാണ്ഡ ചിത്രത്തില്‍ വിജയ് ദേവരകൊണ്ടയോടൊപ്പം കരുത്തുറ്റ പ്രതിനായക കഥാപാത്രമായാണ് 'ദ മമ്മി', 'ദ മമ്മി റിട്ടേണ്‍സ്', 'ബ്ലഡ് ഡയമണ്ട്' തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ അര്‍ണോള്‍ഡ് വോസ്ലൂ എത്തുന്നത്. സര്‍ തിയോഡോര്‍ ഹെക്ടര്‍ എന്ന ബ്രിട്ടീഷ് ഉദ്യോഗസ്ഥനായാണ് അദ്ദേഹം വേഷമിടുന്നത്.
വിജയ് ദേവരകൊണ്ടയുടേയും രശ്മിയുടേയും കരിയറിലെ തന്നെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നായിരിക്കും 'രണബാലി'യിലേത് എന്നാണ് സൂചന. വിവാഹ ശേഷം ഇരുവരും ആദ്യമായി ഒരുമിച്ച് അഭിനയിക്കുന്ന ചിത്രവുമാണിത്. ചിത്രത്തില്‍ ഇരുവരുടേയും പ്രണയാര്‍ദ്ര നിമിഷങ്ങള്‍ കോര്‍ത്തിണക്കിയ 'ഏന്‍ന്തയ്യ സാമി…' എന്ന മനോഹരമായ ഗാനം പുറത്തിറങ്ങിയിരുന്നത് ഏറെ ശ്രദ്ധ നേടിയിരുന്നു. 'രണബാലി'യുടെ ടൈറ്റിലും ഫസ്റ്റ് ഗ്ലിംപ്സും രശ്മിക, വിജയ് ദേവരകൊണ്ട ബെര്‍ത്‌ഡേ സ്‌പെഷല്‍ വീഡിയോയും സോഷ്യല്‍ മീഡിയയിലാകെ തരംഗമായിരുന്നു. പിരിയോഡിക് ഡ്രാമായായി എത്തുന്ന ചിത്രത്തില്‍ ഇതുവരെ കാണാത്ത ലുക്കിലാണ് വിജയ് ദേവരകൊണ്ട എത്തുന്നത്.
പത്തൊന്‍പതാം നൂറ്റാണ്ടിലെ യഥാര്‍ത്ഥ ചരിത്ര സംഭവങ്ങളെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. ബ്രിട്ടീഷ് ഭരണകാലത്ത് ഇന്ത്യയില്‍ നടന്ന, എന്നാല്‍ ചരിത്രപുസ്തകങ്ങളില്‍ രേഖപ്പെടുത്താത്ത ക്രൂരതകളെയും വംശഹത്യകളെയും കുറിച്ചാണ് ചിത്രം സംസാരിക്കുന്നത് എന്നാണ് സൂചന. ഹിറ്റ്ലറുടെ ഹോളോകോസ്റ്റിനേക്കാള്‍ ഭീകരമായ വംശഹത്യകളും ഇന്ത്യയിലെ സാമ്പത്തിക ചൂഷണവും ഗ്ലിംപ്സില്‍ സൂചിപ്പിക്കുന്നുണ്ട്. സര്‍ റിച്ചാര്‍ഡ് ടെമ്പിളിനെപ്പോലുള്ള ഉദ്യോഗസ്ഥര്‍ ഇന്ത്യയെ എങ്ങനെയാണ് വരള്‍ച്ചാ മേഖലയാക്കി മാറ്റിയതെന്ന വൈകാരികമായ വസ്തുതകളും ചിത്രം ചര്‍ച്ച ചെയ്യുന്നുണ്ടെന്നാണ് സൂചനകള്‍.
ചിത്രത്തില്‍ 'രണബാലി' എന്ന പോരാളിയായി തീപ്പൊരി ലുക്കിലാണ് വിജയ് ദേവരകൊണ്ട എത്തുന്നത്. 'ഗീതാ ഗോവിന്ദം', 'ഡിയര്‍ കോമ്രേഡ്' എന്നീ ചിത്രങ്ങള്‍ക്ക് ശേഷം വിജയ്യും രശ്മികയും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാണിത്.
മൈത്രി മൂവി മേക്കേഴ്‌സിന്റെ ബാനറില്‍ നവീന്‍ യെര്‍നേനിയും വൈ. രവിശങ്കറും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ബ്രഹ്‌മാണ്ഡ ചിത്രം ഗുല്‍ഷന്‍ കുമാര്‍, ഭുഷന്‍ കുമാര്‍, ടി സീരീസ് ചേര്‍ന്നാണ് അവതരിപ്പിക്കുന്നത്. ഇതൊരു ബയോപിക് അല്ലെന്നും മറിച്ച് മറച്ചുവെക്കപ്പെട്ട ചരിത്രരേഖകളുടെയും വാമൊഴികളുടെയും സിനിമാറ്റിക് പുനരാവിഷ്‌കാരമാണെന്നും അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയിട്ടുണ്ട്. പാന്‍-ഇന്ത്യന്‍ തലത്തില്‍ പുറത്തിറങ്ങുന്ന 'രണബാലി' ഇന്ത്യന്‍ സിനിമയിലെ തന്നെ വമ്പന്‍ പ്രോജക്റ്റുകളില്‍ ഒന്നായിരിക്കുമെന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്.
നിര്‍മ്മാതാക്കള്‍: നവീന്‍ യേര്‍നേനി വൈ രവിശങ്കര്‍, സഹ നിര്‍മ്മാതാവ്: അനുരാഗ് പര്‍വ്വതനേനി, സഹ നിര്‍മ്മാതാവ്: ശിവ ചനാന, പ്രസിഡന്റ് (ടി-സീരീസ്): നീരജ് കല്യാണ്‍, സിഇഒ: ചെറി, സംഗീതം: അജയ് - അതുല്‍, ക്യാമറ: നീരവ് ഷാ, ജിഷ്ണു ഭട്ടാചാര്യ, എഡിറ്റിംഗ്: കാര്‍ത്തിക ശ്രീനിവാസ് ആര്‍, രചന: പ്രമോദ് തമ്മിനേനി, പ്രൊഡക്ഷന്‍ ഡിസൈനര്‍: ശിവം റാവു നാഗസന്‍, ചീഫ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: ആര്‍ ചന്ദ്രശേഖര്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: ചെമ്പോലു സായി ആദിത്യ, കൊറിയോഗ്രാഫി ഡയറക്ടര്‍: കൃതി മഹേഷ്, കോസ്റ്റ്യൂം ഡിസൈനര്‍: അര്‍ച്ചന റാവു, കലാസംവിധായകന്‍: വിത്തല്‍ കോസാനം, VFX സൂപ്പര്‍വൈസര്‍: സുനില്‍ രാജു ചിന്ത, ആക്ഷന്‍ കൊറിയോഗ്രാഫര്‍മാര്‍: യാനിക്ക് ബെന്‍, ആന്‍ഡി ലോംഗ് ഗുയെന്‍, റോബിന്‍ സുബ്ബു, സൗണ്ട് ഡിസൈനര്‍: രഘുനാഥ് കെമിഷെട്ടി, പബ്ലിസിറ്റി ഡിസൈനര്‍: കബിലന്‍ ചെല്ലിയ, പി.ആര്‍.ഒ: ആതിര ദില്‍ജിത്ത്, മാര്‍ക്കറ്റിംഗ്: ഫസ്റ്റ് ഷോ.
Content Highlights: Vijay Deverakonda's 'Ranabali' heads to theatres; pan-Indian release on October 16.