പശ്ചിമേഷ്യൻ സംഘർഷങ്ങൾക്കിടയിലും ബഹ്റൈൻ്റെ മുന്നേറ്റം; എണ്ണയിതര മേഖലകളിൽ 2.2 ശതമാനം വളർച്ച

ജനുവരി, ഫെബ്രുവരി മാസങ്ങളിൽ ബഹ്റൈൻ സമ്പദ്‌വ്യവസ്ഥ മികച്ച മുന്നേറ്റം നടത്തിയിരുന്നു

പശ്ചിമേഷ്യൻ സംഘർഷങ്ങൾക്കിടയിലും ബഹ്റൈൻ്റെ മുന്നേറ്റം; എണ്ണയിതര മേഖലകളിൽ 2.2 ശതമാനം വളർച്ച
dot image

പശ്ചിമേഷ്യൻ സംഘർഷങ്ങൾക്കിടയിലും 2026-ലെ ആദ്യ പാദത്തിൽ (ജനുവരി-മാർച്ച്) എണ്ണയിതര സാമ്പത്തിക മേഖലകളിൽ നേട്ടം കൈവരിച്ച് ബഹ്റൈൻ. ധനകാര്യ-ദേശീയ സമ്പദ്‌വ്യവസ്ഥ മന്ത്രാലയം പുറത്തുവിട്ട റിപ്പോർട്ട് അനുസരിച്ച്, എണ്ണയിതര മേഖലകൾ സ്ഥിരവിലയിൽ 2.2 ശതമാനത്തിന്റെ വളർച്ചയാണ് ബഹ്റൈൻ കൈവരിച്ചത്.

ജനുവരി, ഫെബ്രുവരി മാസങ്ങളിൽ ബഹ്റൈൻ സമ്പദ്‌വ്യവസ്ഥ മികച്ച മുന്നേറ്റം നടത്തിയിരുന്നു. എന്നാൽ മാർച്ച് മാസത്തിൽ നേരിട്ട അപ്രതീക്ഷിത പ്രതിസന്ധികൾ രാജ്യത്തിന്റെ സാമ്പത്തിക രംഗത്തെ ബാധിച്ചതായി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. പ്രധാനമായും ഹോർമുസ് കടലിടുക്കിലൂടെയുള്ള സമുദ്രഗതാഗതത്തിന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ എണ്ണ കയറ്റുമതി ശേഷിയെ പ്രതികൂലമായി ബാധിച്ചു. ഇതിനൊപ്പം നിശ്ചിത അറ്റകുറ്റപ്പണികളും ചേർന്നതോടെ ആദ്യ പാദത്തിൽ എണ്ണ മേഖലയിലെ പ്രവർത്തനങ്ങളിൽ 37.2 ശതമാനത്തിന്റെ വലിയ ഇടിവുണ്ടായി.

എണ്ണ മേഖലയിലുണ്ടായ ഈ തകർച്ച കാരണം ആദ്യ പാദത്തിലെ മൊത്ത ആഭ്യന്തര ഉത്പ്പാദനം (GDP) വാർഷികാടിസ്ഥാനത്തിൽ 3.8 ശതമാനം ചുരുങ്ങി. നിലവിലെ വിലയിൽ കണക്കാക്കുമ്പോൾ ജിഡിപിയിൽ 2.7 ശതമാനത്തിന്റെ കുറവാണ് ഉണ്ടായിട്ടുള്ളത്. എന്നിരുന്നാലും ഇത്തരം പ്രതികൂല സാഹചര്യങ്ങളെ പ്രതിരോധിച്ച് എണ്ണയിതര മേഖലകൾ ശക്തമായ മുന്നേറ്റം തുടർന്നത് രാജ്യത്തിന്റെ സാമ്പത്തിക മേഖലയ്ക്ക് വലിയ ആശ്വാസമായി.

ബഹ്റൈന്റെ സാമ്പത്തിക ഭദ്രത ഉറപ്പാക്കുന്നതിൽ എണ്ണയിതര മേഖലകൾ നിർണായക പങ്കാണ് വഹിക്കുന്നത്. സ്ഥിരവിലയിലെ മൊത്തം ജിഡിപിയിൽ 90.1 ശതമാനം സംഭാവനയും നൽകിയത് എണ്ണയിതര രംഗമാണ്. രാജ്യത്തെ 13 പ്രധാന എണ്ണയിതര സാമ്പത്തിക മേഖലകളിൽ ഒമ്പത് എണ്ണവും മികച്ച വളർച്ച കൈവരിച്ചു. ബാക്കി മേഖലകൾ യഥാർത്ഥ ജിഡിപിയിൽ രണ്ട് മുതൽ അഞ്ച് ശതമാനം വരെ സംഭാവന നൽകിയിട്ടുണ്ട്.

പെട്രോളിയം ഉത്പ്പന്നങ്ങളെ മാത്രം ആശ്രയിക്കാതെ സാമ്പത്തിക രംഗം വൈവിധ്യവത്കരിക്കാൻ ബഹ്റൈൻ നടപ്പിലാക്കിയ ദീർഘവീക്ഷണമുള്ള നയങ്ങളുടെ വിജയമാണ് ഈ കണക്കുകൾ വ്യക്തമാക്കുന്നത്. പ്രതിസന്ധി ഘട്ടങ്ങളിലും എണ്ണയിതര മേഖല നൽകിയ പിന്തുണ ബഹ്റൈൻ സമ്പദ്‌വ്യവസ്ഥയുടെ ശക്തമായ അടിത്തറയും സ്ഥിരതയും തെളിയിക്കുന്നതാണെന്ന് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നു.

Content Highlights: Bahrain’s non-oil sectors recorded 2.2% growth despite ongoing conflicts in West Asia, highlighting the country’s economic resilience and continued progress in diversifying its economy beyond oil.

dot image
To advertise here,contact us
dot image