പ്രതിപക്ഷ ഉപനേതാവ് തര്‍ക്കം: സി എന്‍ മോഹനന്റെ പ്രസ്താവന തികച്ചും അപക്വം; വിമര്‍ശനവുമായി എന്‍ അരുണ്‍

ചരിത്രം പരിശോധിച്ച് വേണം പ്രതികരണം നടത്താനെന്നും എന്‍ അരുണ്‍

പ്രതിപക്ഷ ഉപനേതാവ് തര്‍ക്കം: സി എന്‍ മോഹനന്റെ പ്രസ്താവന തികച്ചും അപക്വം; വിമര്‍ശനവുമായി എന്‍ അരുണ്‍
dot image

കൊച്ചി: പ്രതിപക്ഷ ഉപനേതാവ് തര്‍ക്കത്തില്‍ സി എന്‍ മോഹനന് മറുപടിയുമായി സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി എന്‍ അരുണ്‍. സി എന്‍ മോഹനന്റെ പ്രസ്താവന തികച്ചും അപക്വവും അനുചിതവുമായെന്ന് അരുണ്‍ വിമര്‍ശിച്ചു. സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സി എന്‍ മോഹനന്‍ നടത്തിയ അഭിപ്രായ പ്രകടനം വസ്തുതാ വിരുദ്ധവും ചരിത്രത്തെ വളച്ചൊടിക്കുന്നതുമാണ്. ചരിത്രം പരിശോധിച്ച് വേണം പ്രതികരണം നടത്താനെന്നും അരുണ്‍ പ്രതികരിച്ചു.

'കീഴ്‌വഴക്കമെന്ന വാദം രണ്ട് ടേമിലെ കാര്യം മാത്രമാണ്. പാര്‍ട്ടി നേതൃത്വം ആലോചിച്ചാണ് ആവശ്യം മുന്നോട്ടുവച്ചത്. 5000 വോട്ട് പരാമര്‍ശം പൊതു രാഷ്ട്രീയം വീക്ഷിക്കുന്നവര്‍ അവജ്ഞയോടെ തള്ളിക്കളയും. സിപിഐയുടെ പ്രസക്തി സിപിഐഎം നേതൃത്വത്തിനും ബോധ്യമുണ്ട്. ചരിത്രം പരിശോധിച്ചിട്ട് വേണം പ്രതികരണം നടത്താന്‍', എന്‍ അരുണ്‍ പറഞ്ഞു.

പ്രതിപക്ഷ ഉപനേതാവ് തര്‍ക്കത്തില്‍ സിപിഐക്കെതിരെ രൂക്ഷ വിമര്‍ശനവുമായാണ് സി എന്‍ മോഹനന്‍ നേരത്തെ രംഗത്തെത്തിയിരുന്നത്. എല്ലാക്കാലത്തും പ്രതിപക്ഷ ഉപനേതാവ് പദവി വഹിച്ചത് സിപിഐഎം ആണെന്നും പിണറായി വിജയനെ സിപിഐ ഒറ്റതിരിഞ്ഞ് ആക്രമിക്കുകയാണെന്നും സി എന്‍ മോഹനന്‍ കുറ്റപ്പെടുത്തിയിരുന്നു. കീഴ്‌വഴക്കമാണ് പിണറായി പറഞ്ഞതെന്ന് ചൂണ്ടിക്കാട്ടിയ മോഹനന്‍, പിഎം ശ്രീയില്‍ അനാവശ്യ വിവാദമുണ്ടാക്കി ഇടത് സര്‍ക്കാരിനെ താറടിച്ചതില്‍ സിപിഐ പ്രധാന പങ്ക് വഹിച്ചെന്നും വിമര്‍ശിച്ചിരുന്നു.

സിപിഐയുടെ സംസ്ഥാന നേതൃത്വം ദേശീയ നേതൃത്വത്തിന്റെ ഇടപെടല്‍ തേടിയതിനെയും സി എന്‍ മോഹന്‍ പരിഹസിച്ചു.

സംസ്ഥാനത്തെ കൊച്ചു കാര്യങ്ങളില്‍ അഖിലേന്ത്യന്‍മാര്‍ വാളെടുക്കാറില്ല എന്നായിരുന്നു സി എന്‍ മോഹനന്റെ പരിഹാസം. വിഷയത്തില്‍ ഇടപെട്ട സിപിഐ ദേശീയ ജനറല്‍ സെക്രട്ടറി ഡി രാജയെ കൂടി പരോക്ഷമായി ലക്ഷ്യം വെച്ചായിരുന്നു സി എന്‍ മോഹനന്റെ വിമര്‍ശനം. മുന്നണി മര്യാദ പാലിച്ചില്ലെങ്കില്‍ യാഥാര്‍ത്ഥ്യങ്ങള്‍ പറയുമെന്നും സി എന്‍ മോഹനന്‍ സിപിഐക്ക് മുന്നറിയിപ്പ് നല്‍കി. സിപിഐക്ക് സംസ്ഥാനത്ത് കാര്യമായ സ്വാധീനമില്ലെന്ന പരോക്ഷ വിമര്‍ശനവും സി എന്‍ മോഹനന്‍ മുന്നോട്ടുവെച്ചിരുന്നു. സിപിഐക്ക് 5000 വോട്ടില്‍ കൂടുതലുള്ള മണ്ഡലങ്ങള്‍ കാര്യമായിട്ടില്ല. എവിടെയൊക്കെയാണ് ഉള്ളതെന്ന് പറയട്ടെ എന്നായിരുന്നു സി എന്‍ മോഹനന്റെ പ്രതികരണം. സര്‍ക്കാര്‍ വീണപ്പോള്‍ സിപിഐ വീണിടത്ത് കുത്തുന്നു എന്ന് കുറ്റപ്പെടുത്തിയ സിഎന്‍ മോഹനന്‍ ഏകപക്ഷീയ ആക്രമണമാണെങ്കില്‍ മറുടിയുണ്ടാകുമെന്നും പറഞ്ഞിരുന്നു.

കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലും സി എന്‍ മോഹനന്‍ സിപിഐയെ വിമര്‍ശിച്ചിരുന്നു. പിണറായി വിജയനെ ഒറ്റതിരിഞ്ഞാക്രമിക്കാനാണ് CPI നീക്കമെന്നായിരുന്നു സി എന്‍ മോഹനന്റെ കുറ്റപ്പെടുത്തല്‍. ഇന്നുവരെയില്ലാത്ത കീഴ്വഴക്കങ്ങള്‍ ലംഘിച്ചു നിയമസഭയില്‍ പ്രതിപക്ഷ ഉപനേതൃ പദവി തങ്ങള്‍ക്കു വേണം എന്നാണ് ഇജക ആവശ്യപ്പെടുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചിരുന്നു. മുന്നണിയില്‍ സിപിഐ എന്നും സമ്മര്‍ദതന്ത്രമാണ് സ്വീകരിച്ചു വരുന്നത്. ഇടതുപക്ഷ ഐക്യം വേണമെങ്കില്‍ സിപിഐഎം സഹിച്ചുകൊള്ളണം എന്നാണ് ഇവരുടെ നിലപാട്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ പിഎം ശ്രീ ആയിരുന്നു ഇവരുടെ വിപ്ലവായുധം എന്നും സി എന്‍ മോഹനന്‍ കുറ്റപ്പെടുത്തിയിരുന്നു.

Content Highlights: N Arun has criticised C N Mohanan's statement on the Opposition Deputy Leader controversy, calling it completely immature.

dot image
To advertise here,contact us
dot image