ഇടുക്കി പൂപ്പാറയിലെ കാട്ടാന ആക്രമണം: എംഎൽഎയുമായുള്ള ചർച്ചയില്‍ ധാരണ, പ്രതിഷേധം അവസാനിപ്പിച്ചു

മരിച്ച തോട്ടം തൊഴിലാളിയുടെ കുടുംബത്തിന് വനംവകുപ്പ് 10 ലക്ഷം രൂപ ധനസഹായം നല്‍കും

ഇടുക്കി പൂപ്പാറയിലെ കാട്ടാന ആക്രമണം: എംഎൽഎയുമായുള്ള ചർച്ചയില്‍ ധാരണ, പ്രതിഷേധം അവസാനിപ്പിച്ചു
dot image

ഇടുക്കി: പൂപ്പാറയിലെ കാട്ടാന ആക്രമണത്തില്‍ തോട്ടം തൊഴിലാളി മരിച്ച സംഭവത്തില്‍ പ്രതിഷേധം അവസാനിപ്പിച്ച് ബന്ധുക്കളും നാട്ടുകാരും. ഉടുമ്പന്‍ചോല എംഎല്‍എ സേനാപതി വേണുവുമായി നടത്തിയ ചര്‍ച്ച ധാരണയില്‍ എത്തിയതിനെ തുടര്‍ന്നാണ് ബന്ധുക്കൾ പ്രതിഷേധം അവസാനിപ്പിച്ചത്. മരിച്ച തോട്ടം തൊഴിലാളിയുടെ കുടുംബത്തിന് വനംവകുപ്പ് 10 ലക്ഷം രൂപ ധനസഹായം നല്‍കും. ആദ്യഘടുവായി 5 ലക്ഷം രൂപ ഇന്നുതന്നെ കൈമാറുമെന്നും കുടുംബത്തിന് 4 ലക്ഷം രൂപ റവന്യൂ വകുപ്പ് നല്‍കുമെന്നും അറിയിച്ചു. കൂടാതെ മരിച്ച ഒച്ച തേവരുടെ പോസ്റ്റുമോര്‍ട്ടം പരിശോധന തേനി മെഡിക്കല്‍ കോളേജില്‍ തന്നെ നടത്താമെന്നതിലും ധാരണയായിട്ടുണ്ട്.

കാട്ടാന ആക്രമണത്തില്‍ മരിച്ചയാളുടെ മൃതദേഹം ബന്ധുക്കളുടെ അനുമതിയില്ലാതെയാണ് തമിഴ്‌നാട് തേനി മെഡിക്കല്‍ കോളേജിലേക്ക് പോസ്റ്റ്‌മോര്‍ട്ടത്തിനായി കൊണ്ടുപോയത് എന്ന പരാതിയെ തുടര്‍ന്നായിരുന്നു ബന്ധുകളും നാട്ടുകാരും ദേശീയപാത ഉപരോധിച്ചുകൊണ്ട് പ്രതിഷേധിച്ചത്. സംഭവത്തില്‍ ഇടുക്കി മെഡിക്കല്‍ കോളേജില്‍ സര്‍ജന്‍ ഇല്ലെന്നായിരുന്നു പൊലീസിന്റെ വിശദീകരണം.

തോട്ടം തൊഴിലാളിയായ തമിഴ്‌നാട് ബോഡിനായ്ക്കന്നൂര്‍ സ്വദേശി ഒച്ച തേവര്‍(62) ആണ് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ ഒച്ച തേവരെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരിക്കുകയായിരുന്നു. പ്രദേശത്ത് രാവിലെ മുതല്‍ കാട്ടാനക്കൂട്ടം തമ്പടിച്ചിരുന്നു. തലക്കുളം എസ്റ്റേറ്റിലെ 12 ഏക്കര്‍ ഭാഗത്തായിരുന്നു സംഭവം. ആശുപത്രിയില്‍ എത്തിച്ച ശേഷമാണ് ഒച്ച തേവര്‍ക്ക് മരണം സംഭവിച്ചതെന്ന് ദേവികുളം റേഞ്ച് ഓഫീസര്‍ പറഞ്ഞു. പ്രദേശത്ത് സ്ഥിരമായി കാട്ടാനശല്യം നേരിടുന്നുണ്ടെന്നും വനം വകുപ്പ് ആര്‍ആര്‍ടി സംഘം ആനകളെ വനത്തിലേക്ക് തുരത്തുമെങ്കിലും ഇവ വീണ്ടും ജനവാസമേഖലയിലേക്ക് ഇറങ്ങിവരികയാണ് പതിവെന്നും നാട്ടുകാര്‍ പറയുന്നു.

Content Highlights: Protest Ends After Plantation Worker Loses Life in Wild Elephant Attack

dot image
To advertise here,contact us
dot image