

നടൻ നീരജ് മാധവും അജു വർഗീസും വീണ്ടുമൊരിക്കൽ കൂടി ഒന്നിച്ചെത്തുകയാണ്. നേരത്തെ പല ചിത്രങ്ങളിലും കൂട്ടുകാരായാണ് എത്തിയിരുന്നെങ്കിൽ ഇത്തവണ നായകനും വില്ലനുമായാണ് നീരജും അജുവും എത്തുന്നത്. പ്ലൂട്ടോ എന്ന ചിത്രത്തിലൂടെയാണ് പ്രേക്ഷകർക്ക് പ്രിയപ്പെട്ട കോംബോ വീണ്ടുമൊന്നിക്കുന്നത്.
ജൂലൈ 30ന് തിയേറ്ററുകളിലെത്തുന്ന ചിത്രവുമായി ബന്ധപ്പെട്ട് റിപ്പോർട്ടർ ഫിലിംസിന് നൽകിയ അഭിമുഖത്തിൽ നീരജ് മാധവ് അജു വർഗീസ് എന്ന നടനിൽ താൻ കണ്ട വളർച്ചയെ കുറിച്ച് സംസാരിച്ചു.
ആദ്യ ചിത്രമായ മലർവാടി ആർട്‌സ് ക്ലബിൽ അജു വർഗീസിനെ ആഴമുള്ള നടനായി തോന്നിയിരുന്നില്ലെന്നും എന്നാൽ പിന്നീടുള്ള വർഷങ്ങളിൽ അദ്ദേഹത്തിലെ നടന്റെ വളർച്ച കണ്ട് താൻ അത്ഭുതപ്പെട്ടെന്നും നീരജ് മാധവ് പറഞ്ഞു.
'അജുവേട്ടനെ മലർവാടിയിൽ വളരെ പ്ലെയ്‌നായ ആർടിസ്റ്റായാണ് തോന്നിയത്. വലിയ ലെയറുള്ളതായി തോന്നിയിട്ടില്ലായിരുന്നു. എന്നാൽ പിന്നീട് അദ്ദേഹം വലിയ എഫേർട്ട് എടുത്താണ് വളർന്നത്. സർവ്വം മായ സിനിമയൊക്കെ കണ്ടപ്പോൾ നെടുമുടി വേണുച്ചേട്ടനെ പോലെ ഏത് വേഷവും ചെയ്യാൻ പറ്റുന്ന, ഷേപ്പ് ഷിഫ്റ്ററായ നടനായി അദ്ദേഹം മാറി.
അജുച്ചേട്ടന്റെ റേഞ്ച് വളരെയധികം കൂടിക്കഴിഞ്ഞു. അദ്ദേഹത്തിന്റെ എഫേർട്ടും ഒബ്‌സർവേഷനുമെല്ലാം ഇന്ന് ഒരുപാട് വളർന്നു. എന്ത് കഥാപാത്രവും ചെയ്യാനാകുന്ന നടനായി അദ്ദേഹം മാറിയത് എനിക്ക് വളരെ സന്തോഷവും കൗതുകവും തോന്നുന്ന കാര്യമാണ്,' നീരജ് മാധവ് പറഞ്ഞു.
Content Highlights: Neeraj Madhav about Aju Varghese's growth as an actor. He says Aju resembles with Nedumudi Venu in many ways.