

2017ൽ നീരജ് മാധവ് എഴുതി ഗിരീഷ് മാനോ സംവിധാനം ചെയ്ത ചിത്രമായിരുന്നു ലവകുശ. നീരജ് മാധവിനൊപ്പം ബിജു മേനോൻ, അജു വർഗീസ് എന്നിവര്‍ ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയിരുന്നു.
കോമഡി ഴോണറിൽ ഇൻവെസ്റ്റിഗേഷൻ കൂടി കടന്നുവരുന്ന രീതിയിലായിരുന്നു ചിത്രം. അടുത്തിടെ സിനിമയിലെ ചില രംഗങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇതേ കുറിച്ച് സംസാരിക്കുകയാണ് നീരജ് മാധവ് ഇപ്പോൾ. പ്ലൂട്ടോ എന്ന പുതിയ ചിത്രത്തിന്റെ ഭാഗമായി റിപ്പോർട്ടർ ഫിലിംസിന് നൽകിയ അഭിമുഖത്തിലാണ് ലവകുശ സിനിമയെ കുറിച്ച് നീരജ് സംസാരിച്ചത്.
'അന്ന് തിയേറ്ററിൽ ലവകുശ എന്ന സിനിമ വിജയമായെങ്കിലും നിരൂപകർക്കിടയിൽ നല്ല അഭിപ്രായം നേടിയിരുന്നില്ല. ആ സിനിമയിലെ കോമഡി കാലത്തിന് മുൻപേ സഞ്ചരിച്ചതാണ് എന്നാണ് അജുവേട്ടൻ പറയാറുള്ളത്. ഞാൻ ഉദ്ദേശിച്ച രീതിയിൽ എഴുതിയെങ്കിലും ഞാൻ മനസിൽ കണ്ട രീതിയിലല്ലായിരുന്നു ആ സിനിമ വന്നത്.
പക്ഷെ ആ സിനിമയിലെ ഹ്യൂമറും പല സീനുകളും ഇഷ്ടപ്പെടുന്ന ഒരുപാട് ആളുകളുണ്ടെന്ന് പിന്നീടുള്ള വർഷങ്ങളിൽ മനസിലായി. ലവകുശയ്ക്ക് രണ്ടാം ഭാഗം വരികയാണെങ്കിൽ കാണാൻ ആളുകളുണ്ടെന്നും മനസിലായി.

സിനിമ വലിയ ഹിറ്റായാൽ രണ്ടാം ഭാഗം ചെയ്യാമെന്ന് ഞങ്ങൾ അന്നേ ആലോചിച്ചിരുന്നു. അങ്ങനെയൊരു ഐഡിയ ഉണ്ടായിരുന്നുവെന്ന് പറയാം. അതുകൊണ്ട് രണ്ടാം ഭാഗം തള്ളിക്കളയാൻ പറ്റില്ലെന്ന് തന്നെ പറയാം.
അജുവേട്ടൻ ഇടയ്ക്ക് എന്നോട് പറയാറുണ്ട് 'ഞാൻ മെലിയാം നീ ലവകുശയുടെ അടുത്ത ഭാഗം എഴുത്' എന്ന്. ഞാൻ നിലവിൽ ഒരു കൃത്യമായ ഐഡിയയിലേക്ക് എത്തിയിട്ടില്ല. അത് വരികയാണെങ്കിൽ സിനിമയ്ക്ക് സാധ്യതയുണ്ട്,' നീരജ് മാധവ് പറഞ്ഞു.
Content Highlights: Neeraj Madhav about his debut script movie Lavakusha and the appreciation it got after years