

മലയാളികൾ ഉൾപ്പെടെ ലക്ഷക്കണക്കിന് ആരാധകരുള്ള നടനാണ് അമിതാഭ് ബച്ചൻ. സോഷ്യൽ മീഡിയയിൽ സജീവമായ ഇദ്ദേഹം തന്റെ വ്ലോഗ്ഗിലൂടെ ആരാധകരുമായി നിരന്തരം വിശേഷങ്ങൾ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ നടൻ തന്റെ രോഗവിവരങ്ങൾ പങ്കുവെക്കാതെ ആശുപത്രി വിട്ടതിനെക്കുറിച്ചുള്ള വ്ലോഗ്ഗാണ് ശ്രദ്ധ നേടുന്നത്. ഏറ്റവും വിഷമമേറിയ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് അമിതാഭ് ബച്ചൻ കുറിച്ചു.
'ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് വിധേയനായി ഐ.സി.യുവിൽ വിദഗ്ധരായ ഡോക്ടർമാരുടെയും മെഡിക്കൽ സംഘത്തിന്റെയും പരിചരണത്തിലായിരുന്നു. തുടർന്ന് ഡിസ്ചാർജ് ചെയ്ത് വീട്ടിലെത്തി. എന്നാൽ വീട്ടിലേക്കുള്ള ഈ മടങ്ങിവരവാണ് ശാരീരികമായും മാനസികമായും പ്രായോഗികമായും ഏറ്റവും പ്രയാസമേറിയ ഘട്ടം,' അമിതാഭ് ബച്ചൻ കുറിച്ചു.
'നിങ്ങൾ ആരാധിക്കപ്പെടുന്ന ജേതാവായിരിക്കാം. എന്നാൽ ഒരു ദിവസം തോൽവി നിങ്ങളുടെ മുന്നിൽ വന്നുനിൽക്കും. അത് ജീവിതത്തിലെ ഏറ്റവും കഠിനമായ ഘട്ടമാണ്. ചിലർ അതിനെ ധൈര്യപൂർവം നേരിടും, ചിലർ കീഴടങ്ങും. നിരന്തരം പോരാടി ധീരത കാട്ടുന്നവർ എന്നും ചാമ്പ്യന്മാരായി തുടരും. അല്ലാത്തവർ ഭൂതകാലത്തിലെ പ്രതാപത്തിൽ ജീവിക്കും. അത് വ്യക്തിഗതമായ തിരഞ്ഞെടുപ്പാണ്, അതിൽ ശരിയോ തെറ്റോ ഇല്ല,' എന്ന് കൂട്ടിച്ചേർത്ത അദ്ദേഹം എല്ലാവർക്കും സന്തോഷവും ആരോഗ്യവും നേർന്നുകൊണ്ടാണ് കുറിപ്പ് അവസാനിപ്പിച്ചത്. നിലവിലെ ആരോഗ്യസ്ഥിതിയെക്കുറിച്ചോ അസുഖത്തെക്കുറിച്ചോ ഉള്ള കൂടുതൽ വിവരങ്ങൾ താരം പുറത്തുവിട്ടിട്ടില്ല. വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് ആശംസിച്ച് നിരവധി ആരാധകർ സമൂഹമാധ്യമങ്ങളിൽ സന്ദേശങ്ങൾ പങ്കുവെക്കുന്നുണ്ട്.
Content Highlights: Amitabh Bachchan has provided an update on his health, reassuring fans by sharing details about his current condition. His statement has drawn widespread attention, with fans expressing support and wishing him good health.