

റിയാദ്: എണ്ണയിതര മേഖലയിലെ വിദേശവ്യാപാരത്തിൽ ചരിത്രനേട്ടവുമായി യുഎഇ. 2026-ന്റെ ആദ്യ ആറു മാസങ്ങളിൽ യുഎഇയുടെ എണ്ണയിതര വിദേശവ്യാപാരം മുൻവർഷത്തെ അപേക്ഷിച്ച് 13.1 ശതമാനം വർദ്ധിച്ച് 1.94 ട്രില്യൺ ദിർഹത്തിൽ ($527 ബില്യൺ) എത്തി. ഇതാദ്യമായാണ് ആറു മാസത്തെ കാലയളവിൽ എണ്ണയിതര വ്യാപാരം 2 ട്രില്യൺ ദിർഹമെന്ന നാഴികക്കല്ലിനോട് ഇത്രയധികം അടുക്കുന്നത്.
ഔദ്യോഗിക വാർത്താ ഏജൻസിയായ 'വാം' പുറത്തുവിട്ട ഈ കണക്കുകളിലെ കുതിച്ചുചാട്ടത്തെ "ചരിത്രപരം" എന്നാണ് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം വിശേഷിപ്പിച്ചത്. 2024-ലെ ആദ്യ പകുതിയെ അപേക്ഷിച്ച് 39.6 ശതമാനവും, 2023-നേക്കാൾ 54.5 ശതമാനവും, 2022-നേക്കാൾ 78.8 ശതമാനവും വർദ്ധനവാണ് നിലവിൽ രേഖപ്പെടുത്തിയിരിക്കുന്നത്. കൂടാതെ, 2019, 2021 വർഷങ്ങളിലെ ഇതേ കാലയളവിനേക്കാൾ രണ്ടിരട്ടിയിലധികം വളർച്ചയാണ് എണ്ണയിതര വിദേശവ്യാപാരത്തിൽ ഉണ്ടായിട്ടുള്ളത്.
ഈ വർഷത്തെ ആദ്യ പകുതിയിൽ കയറ്റുമതി മൂല്യം 452.8 ബില്യൺ ദിർഹമായി ഉയർന്നു. ഇത് 2025-ലെ ഇതേ കാലയളവിനേക്കാൾ 23.9 ശതമാനവും, 2024-നേക്കാൾ 77.3 ശതമാനവും ഉയർന്ന നിരക്കാണ്. ആകെ എണ്ണയിതര വിദേശവ്യാപാരത്തിന്റെ 23.4 ശതമാനവും കയറ്റുമതിയിൽ നിന്നാണ് എന്നത് എണ്ണ ഉൽപാദനത്തെ മാത്രം ആശ്രയിക്കാതെ, ഉൽപ്പാദന-കയറ്റുമതി അധിഷ്ഠിത സമ്പദ്‌വ്യവസ്ഥയായി മാറാനുള്ള യുഎഇയുടെ തന്ത്രപരമായ നീക്കങ്ങൾ വിജയം കാണുന്നു എന്നതിന്റെ തെളിവായിട്ടും വിലയിരുത്തപ്പെടുന്നു.
രാജ്യത്തിന്റെ ഏറ്റവും വലിയ എണ്ണയിതര വ്യാപാര പങ്കാളിയായി ചൈന (180.7 ബില്യൺ ദിർഹം) തുടരുമ്പോൾ, സ്വിറ്റ്‌സർലൻഡ് (138.4 ബില്യൺ ദിർഹം) രണ്ടാം സ്ഥാനത്തും ഇന്ത്യ (107.5 ബില്യൺ ദിർഹം) മൂന്നാം സ്ഥാനത്തുമുണ്ട്. ഈജിപ്ത്, ഒമാൻ, ഹോങ്കോംഗ് എന്നീ രാജ്യങ്ങളുമായുള്ള വ്യാപാരത്തിലും മികച്ച വളർച്ച രേഖപ്പെടുത്തി.
മാർച്ചിൽ ജപ്പാനുമായി ഒപ്പുവെച്ച സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ (CEPA) ഉൾപ്പെടെയുള്ള അന്താരാഷ്ട്ര കരാറുകൾ ആഗോള വ്യാപാര രംഗത്ത് യു.എ.ഇയുടെ സ്ഥാനം കൂടുതൽ ഭദ്രമാക്കിയിട്ടുണ്ട്. ടൂറിസം, നിർമ്മാണം, സാമ്പത്തിക സേവനങ്ങൾ, അടിസ്ഥാന സൗകര്യ വികസനം എന്നിവയുടെ കരുത്തിൽ 2026-ൽ യു.എ.ഇ സമ്പദ്‌വ്യവസ്ഥ 5 ശതമാനം വളർച്ച നേടുമെന്നാണ് അന്താരാഷ്ട്ര നാണയ നിധി (IMF) പ്രവചിക്കുന്നത്. ഇതിൽ എണ്ണയിതര മേഖല മാത്രം 4.6 ശതമാനം വളർച്ച കൈവരിക്കുമെന്നും കണക്കാക്കപ്പെടുന്നു.
Content Highlights: The UAE has recorded a historic surge in non-oil foreign trade, reflecting the success of its economic diversification strategy. Strong growth in sectors beyond petroleum has boosted trade volumes, reinforcing the country's position as a global trade and logistics hub while reducing its reliance on oil revenues.