

ഇന്ത്യൻ, ഫിലിപ്പീൻസ് പൗരന്മാർ ഉൾപ്പെടെ തങ്ങളുടെ ജന്മനാടിന് പുറത്ത് താമസിക്കുന്ന മറ്റ് വിദേശ പൗരന്മാർക്ക് യു.എ.ഇയിൽ വിസ-ഓൺ-അറൈവൽ (Visa-on-Arrival) നൽകുമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (GDRFA) അറിയിച്ചു. യോഗ്യരായ സന്ദർശകർക്ക് യുഎഇയിൽ എത്തിയ ശേഷം 14 ദിവസത്തേക്കോ 60 ദിവസത്തേക്കോ ഉള്ള വിസ നേടാനാകും.
ഇന്ത്യ, ഇൻഡോനേഷ്യ, വിയറ്റ്‌നാം, തായ്‌ലാന്റ്, കെനിയ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളിലെ പൗരന്മാർക്കും അവരുടെ കുടുംബാംഗങ്ങൾക്കുമാണ് ഈ ആനുകൂല്യം ലഭിക്കുക. അപേക്ഷകർക്ക് യു.എസ്, യു.കെ, കാനഡ, ഓസ്‌ട്രേലിയ, ന്യൂസിലാന്റ്, ജപ്പാൻ, ദക്ഷിണ കൊറിയ, സിംഗപ്പൂർ എന്നീ രാജ്യങ്ങളിലൊന്നിലെ സാധുവായ താമസാനുമതി (Residency/Visa) ഉണ്ടായിരിക്കണം. 14 ദിവസത്തെ വിസ ഇതേ കാലയളവിലേക്ക് ഒരു തവണ കൂടി നീട്ടാൻ സാധിക്കുമെങ്കിലും 60 ദിവസത്തെ വിസ നീട്ടി നൽകില്ല.
ജിഡിആർഎഫ്എ ദുബായുടെ ഔദ്യോഗിക വെബ്‌സൈറ്റ്, സ്മാർട്ട് ആപ്ലിക്കേഷൻ തുടങ്ങിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ വഴി 24 മണിക്കൂറും അപേക്ഷ സമർപ്പിക്കാം. സ്മാർട്ട് സർവീസസ് സിസ്റ്റത്തിൽ ലോഗിൻ ചെയ്ത് ആവശ്യമായ സേവനങ്ങൾ തിരഞ്ഞെടുത്ത് അപേക്ഷാ ഫീസ് അടയ്ക്കാവുന്നതാണ്. പരിശോധനകൾക്ക് ശേഷം അനുവദിച്ച വിസ അപേക്ഷകന്റെ ഇ-മെയിലിൽ ലഭ്യമാക്കും. 48 മണിക്കൂറിനുള്ളിൽ അപേക്ഷകൾ പ്രോസസ് ചെയ്യുമെന്ന് അധികൃതർ വ്യക്തമാക്കി.
ചുരുങ്ങിയത് 6 മാസത്തെ കാലാവധിയുള്ള പാസ്‌പോർട്ട്, വെളുത്ത പശ്ചാത്തലമുള്ള കളർ ഫോട്ടോ, നിർദ്ദിഷ്ട അംഗീകൃത രാജ്യങ്ങളിലെ സാധുവായ താമസ രേഖകൾ എന്നിവയാണ് അപേക്ഷയ്ക്ക് ആവശ്യമായ രേഖകൾ. 14 ദിവസത്തെ വിസ-ഓൺ-അറൈവലിന് 172.50 ദിർഹവും 60 ദിവസത്തെ വിസയ്ക്ക് 422.50 ദിർഹവുമാണ് അപേക്ഷാ ചാർജ്ജ്.
രാജ്യത്തെ താമസ-കുടിയേറ്റ നിയമങ്ങൾ പാലിച്ചുകൊണ്ട് തന്നെ യാത്രക്കാരുടെ പ്രവേശന നടപടികൾ കൂടുതൽ എളുപ്പമാക്കാനാണ് ഈ സംവിധാനം രൂപകൽപ്പന ചെയ്തിരിക്കുന്നത്. യാത്രാ സൗകര്യങ്ങൾ വർദ്ധിപ്പിക്കാനും കൂടുതൽ സന്ദർശകരെ ആകർഷിച്ച് വിനോദസഞ്ചാര മേഖലയെ പിന്തുണയ്ക്കാനും ഇതിലൂടെ സാധിക്കും. ഈ വർഷത്തിന്റെ ആദ്യപകുതിയിൽ മാത്രം 73,551 വിസകൾ ഈ വിഭാഗത്തിൽ അനുവദിച്ചിട്ടുണ്ടെന്നും പ്രവാസികൾക്കിടയിൽ ഈ സേവനത്തിന് വൻ ആവശ്യക്കാരുണ്ടെന്നും ജിഡിആർഎഫ്എ വ്യക്തമാക്കി.
Content Highlight: The UAE has expanded its visa-on-arrival facility to eligible Indian and Philippine tourists, making travel to the country more convenient