

ആസിഫ് അലിയുടെ ഏറ്റവും കാത്തിരിക്കുന്ന ചിത്രം ആണ് ടിക്കി ടാക്ക. രോഹിത് വി എസ് ഒരുക്കുന്ന ചിത്രം ഒരു മാസ്സ് ആക്ഷൻ മൂഡിലാണ് ഒരുങ്ങുന്നത്. ഈ ആക്ഷൻ പാക്ക്ഡ് ചിത്രത്തിനായി വലിയ ബോഡി ട്രാൻസ്‌ഫോർമേഷനാണ് ആസിഫ് നടത്തുന്നത്. ഇപ്പോഴിതാ സിനിമയെക്കുറിച്ച് മനസുതുറക്കുകയാണ് ചിത്രത്തിന്റെ എഴുത്തുകാരൻ നിയോഗ് കൃഷ്ണ.
'മുൻകൂട്ടി തീരുമാനിച്ച റിലീസ് തീയതിക്ക് വേണ്ടി പോസ്റ്റ് പ്രൊഡക്ഷൻ തിരക്കുകൂട്ടാനോ CGI വർക്കുകൾ ചെയ്യാനോ ഞങ്ങൾ ഉദ്ദേശിക്കുന്നില്ല. ജോലികൾ പൂർത്തിയായതിന് ശേഷം സെപ്റ്റംബർ-ഒക്ടോബർ മാസങ്ങളിൽ സിനിമയുടെ റിലീസ് പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു', നിയോഗിന്റെ വാക്കുകൾ. ചിത്രത്തിൽ 22 ആക്ഷൻ സീനുകൾ ഉണ്ടാകുമെന്ന് നേരത്തെ സംവിധായകൻ രോഹിത് വി എസ് മനസുതുറന്നിരുന്നു. 'ഒരു പക്കാ ആക്ഷൻ സിനിമയാണ് ടിക്കി ടാക്ക. നമ്മൾ മലയാളത്തിൽ കണ്ടു വളർന്ന ആക്ഷൻ സിനിമകളുടെ അടിസ്ഥാനം ഡ്രാമയാണ്. അതിൽ നാല് സെറ്റ്പീസ് ആക്ഷൻ രംഗങ്ങൾ ഉണ്ടാകും. എന്നാൽ ടിക്കി ടാക്ക ആക്ഷനിലൂടെ സഞ്ചരിക്കുന്ന സിനിമയാണ്', രോഹിത്തിന്റെ വാക്കുകൾ.
We are currently avoiding the mistake of rushing the post production, CGI works with a pre planned release date in line. Once the works are locked, the release date would be announced which could be around September-October hopefully. https://t.co/pW4iSBaLl7
— Niyog (@niyogverse) July 11, 2026
ആസിഫ് അലിയുടെ പിറന്നാൾ പ്രമാണിച്ച് സിനിമയുടെ ഒരു ചെറിയ വീഡിയോ നേരത്തെ പുറത്തുവന്നിരുന്നു. കിടിലൻ മാസ്സിൽ ആസിഫ് അലി സിനിമയെക്കുറിച്ച് പറയുന്ന രീതിയിലാണ് ഈ വീഡിയോ ഒരുക്കിയിരിക്കുന്നത്. നിലവിൽ സിനിമയുടെ അവസാന ഷെഡ്യൂളിന്റെ ചിത്രീകരണം നടക്കുകയാണെന്നും ആസിഫ് വീഡിയോയിലൂടെ പറയുന്നുണ്ട്. വാമിഖ ഗബ്ബി, സഞ്ജന നടരാജൻ, ലുക്മാൻ അവറാൻ, നസ്ലെൻ എന്നിവരും സിനിമയിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്.
ബോളിവുഡിൽ വമ്പൻ നിർമാതാക്കളായ ടി സീരീസ്, പനോരമ സ്റ്റുഡിയോസും സിനിമയുടെ നിർമാണ പങ്കാളികളാണ്. ബോളിവുഡ് ദൃശ്യത്തിന്റെ സംവിധായകനായ അഭിഷേക് പാതക്കും സിനിമയുടെ നിർമാതാക്കളിൽ ഒരാളാണ്. അഡ്വഞ്ചേഴ്സ് കമ്പനിയുടെ ബാനറിൽ ജൂവിസ് പ്രൊഡക്ഷൻസ് ഒരുക്കുന്ന ചിത്രം സിജു മാത്യുവും നേവിസ് സേവ്യറും ചേർന്നാണ് നിർമിക്കുന്നത്. നിയോഗ് കൃഷ്ണ, ഫിറോസ് നജീബ്, യദു പുഷ്പാകരൻ എന്നിവർ ചേർന്നാണ് സിനിമയ്ക്കായി തിരക്കഥയൊരുക്കുന്നത്.
Content Highlights: The makers of Niyog have said that post-production activities are being completed carefully rather than in a hurry. The film’s release is expected during September or October.