'അപ്പു എങ്ങനെ സിനിമയില്‍ അഭിനയിക്കാതിരിക്കാന്‍ പറ്റുമെന്ന് ആലോചിച്ച് നടക്കുന്ന ആളാണ്'; മോഹന്‍ലാല്‍

മക്കളുടെ ഇഷ്ടമാണ് അവര്‍ എന്തു ചെയ്യണമെന്നുമുള്ളതെന്നും മോഹന്‍ലാല്‍ പറഞ്ഞു

'അപ്പു എങ്ങനെ സിനിമയില്‍ അഭിനയിക്കാതിരിക്കാന്‍ പറ്റുമെന്ന് ആലോചിച്ച് നടക്കുന്ന ആളാണ്'; മോഹന്‍ലാല്‍
dot image

മോഹന്‍ലാലിന്റെ മകള്‍ വിസ്മയ മോഹന്‍ലാല്‍ സിനിമയിലേക്കുള്ള ആദ്യ ചുവടുവപ്പായ 'തുടക്കം' സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. മക്കളുടെ സിനിമാ താല്പര്യത്തെ കുറിച്ച് ചോദിച്ചപ്പോള്‍ മോഹന്‍ലാല്‍ നല്‍കുന്ന മറുപടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ദൃശ്യം 3 യുടെ പ്രമോഷനുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ടര്‍ ഫിലിംസിന് നല്‍കിയ അഭിമുഖത്തിലാണ് മോഹന്‍ലാല്‍ മറുപടി നല്‍കിയത്.

'മകള്‍ സിനിമയിലേക്ക് വരുമ്പോള്‍ അച്ഛന്‍ മകള്‍ എന്നൊന്നുമില്ല, അവരുടെ ഇഷ്ടത്തിന് ജീവിക്കാന്‍ നമ്മള് സമ്മതം കൊടുക്കുക എന്നതാണ്. അവര്‍ക്ക് അഭിനയിക്കണമെന്ന് പറഞ്ഞ് അവര് സിനിമയിലേക്ക് വന്നു. ഇനി അവരാണ് കഴിവ് തെളിയിക്കേണ്ടത്. അല്ലാതെ എന്റെ മകളാണെന്ന് പറഞ്ഞിട്ട് കാര്യമില്ല. അപ്പുവൊക്കെ വളരെ കുറച്ച് സിനിമ ചെയ്യാന്‍ ഇഷ്ടപ്പെടുന്ന ആളാണ്, എങ്ങിനെ സിനിമ ചെയ്യാതിരിക്കണമെന്ന് ആലോചിച്ച് നടക്കുന്ന ആളാണ്'- മോഹന്‍ലാല്‍ പറഞ്ഞു.

അതേസമയം, ദൃശ്യം 3 വന്‍ പ്രേക്ഷക സ്വീകാര്യത നേടി തീയേറ്ററുകളില്‍ നിറഞ്ഞ സദസില്‍ പ്രദര്‍ശനം തുടരുകയാണ്. സിനിമ തീയേറ്ററിലെത്തി വെറും 58 മണിക്കൂറുകള്‍ കൊണ്ടാണ് ദൃശ്യം3 100 കോടി ക്ലബിലെത്തുന്നത്. ഇപ്പോഴിതാ 200 കോടിയും നേടിയിരിക്കുകയാണ് ജോര്‍ജുകുട്ടി. റീലീസ് ചെയ്ത 7 ദിവസം കൊണ്ടാണ് ചിത്രം 200 കോടിയുടെ നേട്ടം ഉണ്ടാക്കിയത്. എമ്പുരാന്‍, തുടരും എന്നീ ചിത്രങ്ങളും മോഹന്‍ലാല്‍ നായകനായി 200 കോടി ക്ലബില്‍ കയറിയവയാണ്. രണ്ടാം വാരം എത്തുമ്പോഴും 500 തിയറ്ററുകളിലാണ് കേരളത്തില്‍ ദൃശ്യം 3 പ്രദര്‍ശിപ്പിക്കുന്നത്.

മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്. ദൃശ്യത്തിന്റെ മൂന്നാംഭാഗം മികച്ച ദൃശ്യാനുഭവമായി മാറിയെന്നത് ക്ലൈമാക്‌സിനു ശേഷം തിയറ്ററിലെ പ്രേക്ഷകരുടെ കയ്യടികള്‍ തെളിവാണ്. ദൃശ്യം 3' കേരളത്തില്‍ 465 സ്‌ക്രീനുകളിലും ലോകമെമ്പാടും 3000 സ്‌ക്രീനുകളിലുമാണ് റിലീസിനെത്തിയിരിക്കുന്നത്. മോഹന്‍ലാലിനൊപ്പം മീന, എസ്തര്‍ അനില്‍, അന്‍സിബ, സിദ്ദിഖ്, ആശാ ശരത്, മുരളി ഗോപി എന്നിവര്‍ ദൃശ്യം 3-യിലും പ്രധാനവേഷങ്ങളിലെത്തുന്നുണ്ട്.

Content Highlights: Mohanlal says Pranav is interested in acting in very few films

dot image
To advertise here,contact us
dot image