'KC വേണുഗോപാലിനെ വെറുക്കപ്പെട്ടവനാക്കി, സംഘടിത നീക്കമുണ്ടായി'; ആഞ്ഞടിച്ച് പഴകുളം മധു

സോഷ്യല്‍ മീഡിയയില്‍ സംഘടിത ആക്രമണം നടന്നെന്ന് പഴകുളം മധു

'KC വേണുഗോപാലിനെ വെറുക്കപ്പെട്ടവനാക്കി, സംഘടിത നീക്കമുണ്ടായി'; ആഞ്ഞടിച്ച് പഴകുളം മധു
dot image

തിരുവനന്തപുരം: എഐസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിനെതിരെ വ്യാജ പ്രചരണം നടന്നതില്‍ പാര്‍ട്ടി അന്വേഷണം നടത്തണമെന്ന്

കെപിസിസി ജനറല്‍ സെക്രട്ടറിയും നിയുക്ത എംഎല്‍എയുമായ പഴകുളം മധു. കെ സി വേണുഗോപാലിനെ വെറുക്കപ്പെട്ടവന്‍ ആക്കിയെന്ന് പഴകുളം മധു പറഞ്ഞു. സോഷ്യല്‍ മീഡിയയില്‍ സംഘടിത ആക്രമണം നടന്നെന്നും യോഗ്യനായ നേതാവിനെ അപകീര്‍ത്തിപ്പെടുത്തിപ്പെടുത്തിയെന്നും പഴകുളം പറഞ്ഞു.

'ചില കേന്ദ്രങ്ങളില്‍ നിന്ന് കെ സിക്കെതിരെ ക്യാമ്പയിന്‍ നടത്തി. മോശം നേതാവായി ചിത്രീകരിച്ചു. ഇതിനെതിരെ അന്വേഷണം വേണം. വി ഡി സതീശന്‍ ആദ്യം തള്ളിപ്പറയേണ്ടത് ഇത്തരം നടപടികളെയാണ്. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി വേണം. കെസിക്കെതിരെ കൃത്രിമ പൊതുജന അഭിപ്രായം സൃഷ്ടിച്ചു. കെസിക്കെതിരെ സംഘടിത നീക്കം ഉണ്ടായി', പഴകുളം മധു പറഞ്ഞു.

പാര്‍ട്ടിക്കുവേണ്ടി ത്യാഗം സഹിച്ച നേതാവാണ് കെസി വേണുഗോപാലെന്നും പഴകുളം മധു പറഞ്ഞു. ജനം കാര്യങ്ങള്‍ തിരിച്ചറിയുമെന്നും കെ സി വേണുഗോപാലിനെതിരെ നടത്തിയ വ്യാജ പ്രചാരണങ്ങളില്‍ അന്വേഷണം വേണമെന്നും പഴകുളം മധു കൂട്ടിച്ചേര്‍ത്തു.

നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ ഫലം വന്ന് പത്താം ദിവസമാണ് കോണ്‍ഗ്രസ് മുഖ്യമന്ത്രിയായി വി ഡി സതീശനെ പ്രഖ്യാപിച്ചത്. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി, എഐസിസി നീരീക്ഷകരായ അജയ് മാക്കന്‍, മുകുള്‍ വാസ്നിക്, ജയ്റാം രമേശ് എന്നിവര്‍ മാധ്യമങ്ങളെ കണ്ടാണ് തീരുമാനം പ്രഖ്യാപിച്ചത്.

മുഖ്യമന്ത്രി പ്രഖ്യാപനം സംബന്ധിച്ച് ഇന്ന് രാവിലെയും ഡല്‍ഹിയില്‍ തിരക്കിട്ട കൂടിയാലോചനകള്‍ നടന്നിരുന്നു. രാഹുല്‍ ഗാന്ധിയുടെ വസതിയിലും മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെയും വസതിയിലായിരുന്നു കൂടിക്കാഴ്ചകള്‍ നടന്നത്. പ്രിയങ്കയും കെ സി വേണുഗോപാലുമായായിരുന്നു രാഹുലിന്റെ കൂടിക്കാഴ്ച. എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി, എഐസിസി നിരീക്ഷകരുടെ ചുമതലയുള്ള അജയ് മാക്കന്‍, മുകുള്‍ വാസ്നിക് എന്നിവരും ജയ്റാം രമേശുമായായിരുന്നു ഖര്‍ഗെയുടെ കൂടിക്കാഴ്ച. ഇതിന് ശേഷമായിരുന്നു മാധ്യമങ്ങളെ കാണുമെന്ന് നേതാക്കള്‍ പ്രഖ്യാപിച്ചത്. ഇതിനിടെ രമേശ് ചെന്നിത്തലയെയും വി ഡി സതീശനെയും രാഹുല്‍ ഗാന്ധി ഫോണില്‍ വിളിച്ച് സംസാരിച്ചിരുന്നു.

Content Highlights: Pazhakulam Madu against V D Satheesan group alleges that they defame K C Venugopal

dot image
To advertise here,contact us
dot image