

സിനിമ നിർമിച്ച് കടക്കെണിയിലായെന്ന് നടൻ സിനിമ സുബീഷ് സുധി. സാമ്പത്തികബാധ്യത മൂലം രണ്ട് തവണ ജീവനൊടുക്കാൻ ശ്രമിച്ചെന്നും സുഹൃത്തുക്കളുടെ ഇടപെടലിലൂടെയാണ് ജീവിതത്തിലേക്ക് തിരിച്ചെത്തിയതെന്നും സുബീഷ് സുധി പറഞ്ഞു. തന്റെ ഫോണിലേക്ക് ഇപ്പോൾ താൻ കടം വാങ്ങിയവർ മാത്രമാണ് വിളിക്കാറുള്ളതെന്നും നേരായ വഴിയിൽ പൈസ ഉണ്ടാക്കി കടം വീട്ടാൻ ശ്രമിച്ചെങ്കിലും നടന്നില്ലെന്ന് സുബീഷ് സുധി വെളിപ്പെടുത്തി.
'വലിയ സ്വപ്നങ്ങൾക്ക് പുറകെ പോയി ജീവിതം മുന്നോട്ട് പോകാൻ പറ്റാത്ത അവസ്ഥയിൽ ആണ് ഇങ്ങനെ ഒരു പോസ്റ്റ് ഇടുന്നത്. ഒരു ജൂനിയർ ആർടിസ്റ്റ് ആയി വന്ന ഞാൻ 80 ഓളം സിനിമകളിൽ അഭിനയിച്ചു. ഒരു ഭാരത സർക്കാർ ഉത്പന്നം എന്ന പടത്തിൽ നായകനായി. ഞാനും എന്റെ സുഹൃത്തുകളും ചേർന്നാണ് നിർമ്മിച്ചത്. 2024 മാർച്ച് 8 പ്രേമലുവും മഞ്ഞുമ്മൽ ബോയ്‌സും തിയേറ്റർ നിറഞ്ഞു നിൽക്കുന്ന സമയം ആയിരുന്നു. പിന്നെ നോമ്പ് മാസവും പരീക്ഷയും ആയിരുന്നു. പ്രതികൂല കാലാവസഥയിലും പടം കണ്ടവർ നല്ല അഭിപ്രായം ആണ് പറഞ്ഞത്. എല്ലാം റിവ്യൂവേഴ്സും നല്ല സിനിമ ആണ് എന്ന് പറഞ്ഞു. മാധ്യമങ്ങൾ 5 ൽ 4 സ്റ്റാർ തന്നു. എന്റെ ഭാഗ്യക്കേട് കൊണ്ട് ആ സിനിമ സാമ്പത്തികമായി വിജയിച്ചില്ല.
സിനിമ ഇറങ്ങുന്നതിനു മുന്നേ പ്രശ്നങ്ങൾ ആയിരുന്നു. ‘ഒരു ഭാരത സർക്കാർ ഉത്പന്നം’ സിനിമയുടെ പേരിൽ നിന്ന് ഭാരതം സെൻസർ ബോർഡ് കട്ട് ചെയ്തു. റിലീസിന് 2 ദിവസം മുന്നേ തിരക്കഥകൃത്ത് നിസാംക്ക മരണപെട്ടു. പിന്നേ ഈ സിനിമ വിൽക്കാൻ ബോംബയിൽ പോയി അവിടെ കുറേ ഏജന്റ്മാർ പൈസ വാങ്ങി പറ്റിച്ചു എന്നല്ലാതെ ഒന്നും നടന്നില്ല. ഞാൻ നേരായ വഴിയിൽ പൈസ ഉണ്ടാക്കി ഈ സിനിമയുടെ കടം വീട്ടാൻ ഒരുപാട് ശ്രമിച്ചു. അതും നടക്കാതെ പോയി ഞാൻ വല്ലാത്ത അവസ്ഥയിലൂടെ ആണ് കടന്നു പോകുന്നത്. എന്റെ വീട് ജപ്തിയിൽ ആണ്. സിനിമയ്ക്ക് വേണ്ടി ഫണ്ട് തന്നവർ എനിക്ക് എതിരെ കേസ് കൊടുത്തു. അത് വാറണ്ട് ആയി. എന്നെ എപ്പോൾ വേണമെങ്കിലും ജയിലിൽ ഇടുന്ന അവസ്ഥയിൽ ആണ്. ഇപ്പോൾ എന്റെ ഫോണിലേക്കു പൈസ കൊടുക്കാനുള്ളവരുടെ ഫോൺ മാത്രമേ വരാറുള്ളൂ. എന്റെ നല്ല കാലത്ത് കൂടെ ഉണ്ടായവർ എന്റെ ഫോൺ പോലും എടുക്കാതായി. ഒരു ദിവസം നാൽപതോളം കോളുകൾ ആണ് വരുന്നത്.
പിടിച്ചു നിൽക്കാനാവാതെ രണ്ട് തവണ ആത്മഹത്യയ്ക്ക് വരെ ശ്രമിച്ചു. എന്നെ ദൈവത്തിന് പോലും വേണ്ട. ആത്മഹത്യ ചെയ്യാൻ ശ്രമിക്കുന്നതിന് മുന്നേ ഞാൻ രണ്ട് മൂന്ന് സുഹൃത്തുക്കൾക്ക് മെസ്സേജ് അയച്ചിരുന്നു. അവരിൽ ആരോ കൊച്ചി സിറ്റി പൊലീസ് ഡെപ്യൂട്ടി കമ്മിഷണറെ അറിയിക്കുകയും എന്നെ അവിടെ നിന്ന് വിളിപ്പിക്കുകയും ചെയ്തു. അശ്വതി മാഡം എന്റെ അവസ്ഥ നേരിട്ട് മനസിലാക്കുകയും നിങ്ങളെ ആരെങ്കിലും സഹായിക്കാതിരിക്കില്ല ജീവിതത്തിൽ ധൈര്യമായി മുന്നോട്ടുപോകൂ എന്നു പറഞ്ഞ് എന്നെ ആശ്വസിപ്പിക്കുകയും ചെയ്തു.
ഈ നല്ല സിനിമ തിയറ്ററിൽ എത്തിക്കാൻ ശ്രമിച്ച സതീഷേട്ടനും വർക്കിച്ചനും സാമ്പത്തിക ബാധ്യതയിൽ ആണ്. എന്റെ പടത്തിന്റെ പ്രൊഡ്യൂസർമാറും സമാന അവസ്ഥയിൽ ആണ്. ഒരു അടിപോലും മുന്നോട്ട് പോകാൻ പറ്റാത്ത അവസ്ഥ ആണ്. എന്തു ചെയ്യണമെന്നറിയില്ല, ആരെങ്കിലും സഹായിക്കുമോ എന്നറിയില്ല, പക്ഷേ പ്രതീക്ഷയുണ്ട്. അതിജീവനത്തിന്റെ വീര ഇതിഹാസം രചിച്ച കേരളമേ കൂടെ ഉണ്ടാകണം. കൈവിടരുത്, കനിവ് ഉണ്ടാകണം', നടന്റെ വാക്കുകൾ.
Content Highlights: The film I produced failed my house was seized, and I tried to commit suicide twice says Subeesh Sudhi