

സർപ്പാട്ട പരമ്പരൈയ്ക്ക് ശേഷം തന്റെ കരിയറിലുണ്ടായ ബ്രേക്കിനെക്കുറിച്ച് സംസാരിക്കുകയാണ് നടൻ ആര്യ. സർപ്പാട്ടയ്ക്ക് ശേഷം തനിക്ക് അർഥവത്തായ സിനിമകൾ ചെയ്യണം എന്നുള്ള ഒരാഗ്രഹം ഉണ്ടായിരുന്നു എന്ന് ആര്യ പറഞ്ഞു. തന്റെ ഏറ്റവും പുതിയ സിനിമയായ മിസ്റ്റർ എക്സിന്റെ പ്രൊമോഷനിടെ സംസാരിക്കുകയായിരുന്നു താരം.
'സർപ്പാട്ട പരമ്പരൈയ്ക്ക് ശേഷം എനിക്കൊരു ബ്രേക്ക് എടുക്കണമെന്ന് തോന്നി. കുറച്ച് അർഥവത്തായ സിനിമകൾ ചെയ്യണം എന്നുള്ള ഒരാഗ്രഹം ഉണ്ടായിരുന്നു. മിസ്റ്റർ എക്സ് ഞാൻ കമ്മിറ്റ് ചെയ്തപ്പോൾ തന്നെ സംവിധായകൻ എന്നോട് സ്പെഷ്യൽ ലുക്ക് വേണമെന്ന് പറഞ്ഞു. മുടി നീട്ടണമെന്നും ബോഡി ഫിറ്റ് ആക്കണമെന്നുമൊക്കെ പറഞ്ഞിരുന്നു. അതിന് കുറച്ചു സമയമെടുത്തു. പിന്നെ ഇതൊരു വലിയ സിനിമയാണ്. കുറേ സ്ഥലങ്ങളിൽ ഷൂട്ടിങ് ഉണ്ടായിരുന്നു. അതുപോലെ നിറയെ ആക്ഷൻ സീനുകളുണ്ട് ഇതിൽ, കുറേ അഭിനേതാക്കളുണ്ട്. ഇങ്ങനെയുള്ള ചില കാര്യങ്ങൾ കൊണ്ട് തന്നെ ഈ സിനിമ പൂർത്തിയാക്കാൻ കുറച്ചു സമയമെടുത്തു. അത് കഴിഞ്ഞ് പോസ്റ്റ് പ്രൊഡക്ഷനാണെങ്കിലും സമയമെടുത്തു. അതുകൊണ്ടാണ് എനിക്കൊരു ബ്രേക്ക് വന്നത്', ആര്യയുടെ വാക്കുകൾ.
മനു ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മിസ്റ്റർ എക്സ്. മഞ്ജു വാര്യർ, ഗൗതം കാർത്തിക്, ശരത്കുമാർ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. സ്പൈ ആക്ഷനായെത്തുന്ന മിസ്റ്റർ എക്സ് ഈ മാസം 17 ന് തിയറ്ററുകളിലെത്തും. 1965 നും 2023നും ഇടയിൽ ഇന്ത്യയിൽ നടന്ന യഥാർഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് 'മിസ്റ്റർ എക്സ്' ഒരുങ്ങുന്നത്. മവെറിക് മൂവീസ്, പ്രിൻസ് പിക്ചേഴ്സ് എന്നീ ബാനറിൽ വിനീറ്റ് ജെയിൻ, എസ്. ലക്ഷ്മൺ കുമാർ എന്നിവർ ചേർന്ന് ചിത്രം നിർമിക്കുന്നു. വിഷ്ണു വിശാൽ ഹിറ്റ് ചിത്രമായ 'എഫ് ഐ ആറി'നു ശേഷം മനു ആനന്ദ് ഒരുക്കുന്ന ഈ ചിത്രം, ഇന്റലിജൻസ് ലോകത്തിലെ നിഗൂഡമായ സംഭവങ്ങളെ ആസ്പദമാക്കിയുള്ളതാണ്.
Content Highlights: Actor Arya about taking break after Sarpatta Parambarai