

രശ്‌മികയെ കേന്ദ്ര കഥാപാത്രമാക്കി രാഹുൽ രവീന്ദ്രൻ സംവിധാനം ചെയ്ത സിനിമയാണ് ദി ഗേൾഫ്രണ്ട്. ചിത്രത്തിലെ പ്രകടനത്തിന് രശ്‌മികയ്ക്ക് മികച്ച നടിക്കുള്ള തെലങ്കാന സ്റ്റേറ്റ് അവാർഡ് ലഭിച്ചിരുന്നു. ഇപ്പോഴിതാ സിനിമയുടെ ഷൂട്ടിനിടെ നടന്ന ഒരു സംഭവത്തെക്കുറിച്ച് മനസുതുറക്കുകയാണ് രാഹുൽ രവീന്ദ്രൻ. വളരെ ഇന്റെൻസ് ആയ ഒരു ഷോട്ട് എടുത്തതിന് ശേഷം രശ്‌മികയ്ക്ക് കരച്ചിൽ അടക്കാനായില്ലെന്നും 20 മിനിറ്റോളം നടി കരഞ്ഞുകൊണ്ടേയിരുന്നു എന്നും രാഹുൽ പറഞ്ഞു.
'താന്‍ ഹോസ്റ്റല്‍ റൂമിലേക്ക് വരുമ്പോള്‍, ഹോസ്റ്റലിന്റെ വാതിലില്‍ തന്നെ കുറിച്ചുള്ള അശ്ലീല പരമാര്‍ശങ്ങള്‍ എഴുതി വെച്ചത് നായിക കാണുന്നതാണ് ഷോട്ട്. ഷോട്ട് എടുക്കുന്നതിന് മുന്‍പേ രശ്മികയോട്, ആ ഡോര്‍ നീ ഇപ്പോള്‍ കാണേണ്ട, ടേക്കില്‍ കണ്ടാല്‍ മതി എന്ന് പറഞ്ഞിരുന്നു. അതിന് മുന്‍പ്, ഇതുവരെ സോഷ്യല്‍ മീഡിയയില്‍ നിനക്കെതിരെ വന്ന സൈബര്‍ അറ്റാക്കുകളെ കുറിച്ചൊക്കെ ആലോചിച്ചോളൂ. നിന്നെ വേദനിപ്പിക്കണം എന്നെനിക്ക് ആഗ്രഹമില്ല, പക്ഷേ അത് ചിന്തിച്ചാല്‍ ഷോട്ട് കൂടുതല്‍ പെര്‍ഫക്ട് ആകും. എന്തിന് എന്നെ കുറിച്ച് ഇങ്ങനെ പറയുന്നു, അതിനും മാത്രം ഞാനെന്തു ചെയ്തു എന്ന് ചിന്തിച്ചു പോയ ചില സംഭവങ്ങള്‍ ജീവിതത്തിലില്ലേ, അതാലോചിച്ചു കൊണ്ട് വന്നാല്‍ മതി എന്ന് പറഞ്ഞാണ് ഷോട്ടിലേക്ക് കടന്നത്.
ക്യാമറ റോള്‍ ചെയ്തു, ആക്ഷന്‍ പറഞ്ഞു, രശ്മിക ഡോറിന് മുന്നിലെത്തി. ആ സീനില്‍ രശ്മിക അഭിനയിച്ചിട്ടില്ല, അത് റിയല്‍ ആയിരുന്നു. ആ കാഴ്ച കണ്ട് ഡോര്‍ തുറന്ന് രശ്മിക അകത്തേക്ക് പോകുന്നതോടെ ഷോട്ട് കഴിഞ്ഞു. ഞാനഗ്രഹിച്ചതിന് മേലെ ആ ഷോട്ട് വന്നുവെങ്കിലും എനിക്ക് സന്തോഷിക്കാന്‍ തോന്നിയില്ല, ക്യാമറാമാനോട് ടേക്ക് ഓകെ പറയുന്നതിന് മുന്‍പേ എനിക്കൊരു പന്തികേട് തോന്നി, ഡോര്‍ തുറന്ന് അകത്തേക്ക് ചെന്നു നോക്കി. രശ്മിക മുറിയില്‍ നിലവിളിച്ചു കരയുകയായിരുന്നു. ഏകദേശം 20 മിനിട്ടോളം, ആ കരച്ചില്‍ നിന്നു. എന്താണ് അവരുടെ മനസ്സിലൂടെ പോയത് എന്നറിയില്ല, അത്രയേറെ അവരെ വേദനിപ്പിച്ച സംഭവം ഉണ്ടായിട്ടുണ്ട് എന്നെനിക്ക് ബോധ്യമായി', രാഹുലിന്റെ വാക്കുകൾ.
ചി ലാ സൗ, മൻമധുഡു 2 എന്നെ സിനിമകൾക്ക് ശേഷം രാഹുൽ രവീന്ദ്രൻ സംവിധാനം ചെയ്ത സിനിമയാണ് ദി ഗേൾഫ്രണ്ട്. അല്ലു അരവിന്ദ് അവതരിപ്പിക്കുന്ന ചിത്രം വിദ്യ കോപ്പിനീടിയും ധീരജ് മൊഗിലൈനേനിയും ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. ദീക്ഷിത് ഷെട്ടി, റാവു രമേശ്, രോഹിണി തുടങ്ങിയവരാണ് സിനിമയിലെ മറ്റു പ്രധാന അഭിനേതാക്കൾ. കൃഷ്ണൻ വസന്ത് ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിൻ്റെ സംഗീതം ഹിഷാം അബ്ദുൾ വഹാബ് ആണ് നിർവഹിക്കുന്നത്. 'ഹായ് നാനാ', 'ഖുഷി' എന്നീ ഹിറ്റ് സിനിമകൾക്ക് ശേഷം ഹിഷാം സംഗീത സംവിധാനം നിർവഹിക്കുന്ന തെലുങ്ക് ചിത്രമാണിത്.
Content Highlights: Rahul ravindran talks about the girlfriend movie and rashmika mandanna