

മലയാളികൾ ഹൃദയത്തോട് ചേർത്തുവെച്ച സിനിമകളിൽ ഒന്നാണ് സമ്മർ ഇൻ ബത്‌ലഹേം. സിബി മലയിൽ ഒരുക്കിയ ചിത്രം മലയാളത്തിലെ വമ്പൻ ഹിറ്റുകളിൽ ഒന്നാണ്. സുരേഷ് ഗോപി, ജയറാം എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രം പുറത്തിറങ്ങി 27 വർഷത്തിനിപ്പുറം വീണ്ടും റീ റിലീസും ചെയ്തിരുന്നു. ചിത്രത്തിൽ നിന്ന് മോഹൻലാൽ ഉൾപ്പടുന്ന ഒരു രംഗം ഡിലീറ്റ് ചെയ്തിരുന്നു എന്ന് സിബി മലയിൽ നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ ഈ ഡിലീറ്റഡ് സീൻ പുറത്തുവിട്ടിരിക്കുകയാണ് സിനിമയുടെ നിർമാതാക്കൾ.
ജയിലിൽ പോയി മോഹൻലാലിന്റെ കഥാപാത്രമായ നിരഞ്ജനെ കണ്ടതിന് ശേഷം ആമിയും ഡെന്നിസും തിരികെ വീട്ടിൽ എത്തുന്നതും മഞ്ജു വാര്യരുടെ കഥാപാത്രത്തെ എല്ലാവരും കൺവിൻസ് ചെയ്യാൻ ശ്രമിക്കുന്നതുമാണ് ഈ ഡിലീറ്റഡ് സീൻ. പത്ത് മിനിറ്റോളം നീളമുള്ള സീൻ ആണ് പുറത്തുവന്നിരിക്കുന്നത്. ഈ ഡിലീറ്റഡ് സീനിനെക്കുറിച്ച് സിബി മലയിൽ പറഞ്ഞത് ഇങ്ങനെ: ''ലാലിലേക്ക് ആ വേഷം എത്തി എന്നത് തിയേറ്ററിൽ എത്തുന്നത് വരെ ഒളിപ്പിച്ച് വെച്ചിരിക്കുകയായിരുന്നു. അത് സർപ്രൈസ് ആയി ഇരിയ്ക്കട്ടെ എന്ന് വെച്ചു.
അത് തിയേറ്ററിൽ വലുതായി സ്വീകരിക്കപ്പെട്ടു. അതിൽ വേറെ ഒരു രഹസ്യം രണ്ട് സീനുകൾ ഡിലീറ്റ് ചെയ്തിരുന്നു. മഞ്ജുവിനെ താലി കെട്ടിയ ശേഷം കൺവിൻസ് ചെയ്യുന്ന ഒരു സീൻ ഉണ്ടായിരുന്നു. ലോജിക്കൽ ആയി ചിന്തിക്കുമ്പോൾ അയാളെ ഇത്രയും സ്നേഹിച്ച ഒരാൾ പെട്ടന്ന് മനസ് മാറി മറ്റൊരാളെ കല്യാണം കഴിക്കുന്നത് എങ്ങനെ സീകരിക്കപ്പെടുമെന്ന് സംശയം ഉണ്ടായിരുന്നു. അതിനെക്കുറിച്ച് പത്ത് മിനിറ്റ് നീളമുള്ള ഒരു സീൻ ഉണ്ടായിരുന്നു മഞ്ജുവിനെ വീട്ടുകാർ കൺവിൻസ് ചെയ്യുന്നത്. അതിനിടയിൽ മോഹൻലാൽ വീണ്ടും വരുന്ന ഒരു സീൻ ഉണ്ടായിരുന്നു.
പക്ഷെ തിയേറ്ററിൽ എത്തി സിയാദ് ആദ്യ ദിനം സിനിമ കണ്ട് കഴിഞ്ഞു എന്നെ വിളിച്ചിട്ട് പറഞ്ഞു ആ സീനിന്റെ ആവശ്യം ഇല്ലെന്ന്. ആളുകൾ അസ്വസ്ഥർ ആകുന്നുണ്ടെന്ന്. കാരണം ലാലു മരിച്ചെന്ന് ആളുകൾ അറിയുമ്പോൾ തിയേറ്ററിൽ ഇരിക്കാൻ തയ്യാറാകില്ലെന്ന്. ഇതിനിടയിൽ അത്രയും വലിയ സീൻ നിൽക്കില്ലെന്ന്. നിങ്ങളുടെ തിയേറ്ററിൽ മാത്രം അതൊന്ന് കട്ട് ചെയ്ത നോക്കിയിട്ട് പ്രശ്നം ഉണ്ടെങ്കിൽ പറയാൻ പറഞ്ഞു.കാരണം, ലാലു താലികെട്ടി ബോധം പോയതിന് ശേഷം പിന്നെ കാണിക്കുന്നത് മഞ്ജു റെയിൽവേ സ്റ്റേഷനിൽ ചിരിച്ചു നിൽക്കുന്നതാണ്. അതിൽ ജമ്പ് കട്ട് ഫീൽ ചെയ്യുമെന്ന് കരുതിയിരുന്നു. പക്ഷെ അതിന് ഒരു കുഴപ്പവും ഇല്ലെന്ന് സിയാദ് പറഞ്ഞു. പുതിയ പതിപ്പിൽ കൊണ്ട് വരാൻ ഞാൻ ശ്രമിച്ചു. പക്ഷെ നല്ല നെഗറ്റീവ് കിട്ടിയില്ല. അല്ലെങ്കിൽ അതൊരു സർപ്രൈസ് ആയി ഈ സിനിമയിലേക്ക് വന്നേനെ,' സിബി മലയിൽ പറഞ്ഞു.
സഞ്ജീവ് ശങ്കർ ഛായാഗ്രാഹകനായ ചിത്രത്തിൻ്റെ എഡിറ്റർ എൽ ഭൂമിനാഥൻ ആണ്. വിദ്യാസാഗറിന്റെ സംഗീതവും ഗിരീഷ് പുത്തഞ്ചേരിയുടെ വരികളും ഇന്നും മലയാളികളുടെ ഹൃദയത്തിൽ മുഴങ്ങുന്നവയാണ്. കെ ജെ യേശുദാസ്, കെ എസ് ചിത്ര, സുജാത, എം ജി ശ്രീകുമാർ, ശ്രീനിവാസ്, ബിജു നാരായണൻ എന്നിവരാണ് ചിത്രത്തിലെ ഗായകർ.
Content Highlights: Summer in bethlahem deleted scene featuring mohanlal out now