'എല്ലാ പരിധികളും ലംഘിച്ചു, ആളുകൾക്ക് എത്രത്തോളം അധഃപതിക്കാൻ കഴിയും?'; വൈറൽ ഓഡിയോ ക്ലിപ്പ് ലീക്കിൽ രശ്‌മിക

'കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ നടന്ന കാര്യങ്ങൾ അവഗണിക്കാൻ കഴിയാത്ത വിധം എല്ലാ പരിധികളും ലംഘിച്ചിരിക്കുകയാണ്'

'എല്ലാ പരിധികളും ലംഘിച്ചു, ആളുകൾക്ക് എത്രത്തോളം അധഃപതിക്കാൻ കഴിയും?'; വൈറൽ ഓഡിയോ ക്ലിപ്പ് ലീക്കിൽ രശ്‌മിക
dot image

നടി രശ്‌മിക മന്ദാനയുടെ അമ്മ സുമൻ മന്ദാനയുടേതെന്ന പേരിൽ പുറത്തുവന്ന ഒരു ശബ്ദരേഖ ഇപ്പോൾ സോഷ്യൽ മീഡിയയിലാകെ വൈറലാണ്. തെലുങ്ക് യൂട്യൂബ് ചാനലുകളിലാണ് ഓഡിയോ പ്രചരിക്കുന്നത്. ഓഡിയോയില്‍ രക്ഷിതുമായുള്ള ബന്ധം എന്തുകൊണ്ടാണ് രശ്മിക വേണ്ടെന്ന് വച്ചതെന്ന് അമ്മ പറയുന്നുണ്ട്. ഇപ്പോഴിതാ ഇതിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് രശ്‌മിക. തന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ച് വിധി എഴുതാൻ ആർക്കും അവകാശമില്ലെന്നും, തന്റെ തീരുമാനങ്ങൾ തന്റേത് മാത്രമാണെന്നും പ്രഖ്യാപിച്ച രശ്മിക, വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന കർശന മുന്നറിയിപ്പും ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ നൽകി നൽകി.

‘‘എന്റെ ഈ മനോഹരമായ യാത്രയിൽ ഇതുവരെ എന്നോടൊപ്പം നിന്ന പ്രിയപ്പെട്ടവർക്കും, ഈ വിഷയവുമായി ബന്ധപ്പെട്ട മറ്റുള്ളവർക്കും -

മാധ്യമങ്ങളിലെ ഒരു വിഭാഗത്തിൽ നിന്നും ഓൺലൈൻ വ്യക്തികളിൽ നിന്നും എനിക്കെതിരെ തെറ്റായ പ്രചരണങ്ങളും, വേട്ടയാടലുകളും, ആസൂത്രിതമായ ആക്രമണങ്ങളും ആരംഭിച്ചിട്ട് ഇപ്പോൾ 8 വർഷമാകുന്നു. എന്റെ വാക്കുകൾ സന്ദർഭത്തിൽ നിന്നും അടർത്തി മാറ്റപ്പെടുന്നതും, ഞാൻ പറയാത്ത കാര്യങ്ങൾ തെറ്റായ രീതിയിൽ പ്രചരിപ്പിക്കപ്പെടുന്നതും, കേവലം കാഴ്ചക്കാർക്കും റീച്ചിനും വേണ്ടി വെറുപ്പ് പടർത്തുന്നതും ഞാൻ നോക്കി നിന്നിട്ടുണ്ട്.

ഇതെല്ലാം എന്നെ വളരെയധികം വേദനിപ്പിച്ചപ്പോഴും ഞാൻ ക്ഷമയോടെ മൗനം പാലിച്ചു. പൊതുമധ്യത്തിൽ നിൽക്കുന്ന ഒരാൾ എന്ന നിലയിൽ അനാവശ്യമായ വിമർശനങ്ങൾ സ്വാഭാവികമാണെന്നും, എപ്പോഴും എന്നോട് തന്നെ സത്യസന്ധത പുലർത്തി സന്തോഷത്തോടെ ഇരുന്നാൽ കാര്യങ്ങൾ ഒടുവിൽ ശരിയാകുമെന്നും ഞാൻ വിശ്വസിച്ചു. എന്നാൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ നടന്ന കാര്യങ്ങൾ അവഗണിക്കാൻ കഴിയാത്ത വിധം എല്ലാ പരിധികളും ലംഘിച്ചിരിക്കുകയാണ്.

എട്ടു വർഷം മുമ്പുള്ളതെന്ന് കരുതപ്പെടുന്ന ഒരു സ്വകാര്യ സംഭാഷണം, അതിൽ ഉൾപ്പെട്ടവരുടെ അറിവോ സമ്മതമോ ഇല്ലാതെ റെക്കോർഡ് ചെയ്യപ്പെടുകയും പ്രചരിപ്പിക്കപ്പെടുകയും ചെയ്തിരിക്കുന്നു. എന്റെ വ്യക്തിജീവിതത്തിലെ പുതിയ മാറ്റങ്ങളോട് അനുബന്ധിച്ച്, മറ്റൊരു വിവാദം സൃഷ്ടിക്കാനായി ആ സംഭാഷണത്തിന്റെ ഒരു ചെറിയ ഭാഗം മാത്രം സന്ദർഭത്തിൽ നിന്ന് അടർത്തി മാറ്റി തന്ത്രപൂർവ്വം പ്രചരിപ്പിക്കുകയാണ്.

ആളുകൾക്ക് എത്രത്തോളം അധപതിക്കാൻ കഴിയും? ഈ പ്രവർത്തിയിലൂടെ എന്റെ കുടുംബത്തെയും എന്നോട് നല്ല ബന്ധം പുലർത്തുന്ന, ഈ വിഷയവുമായി യാതൊരു ബന്ധവുമില്ലാത്ത ആളുകളെയും അവർ അനാവശ്യമായി ഇതിലേക്ക് വലിച്ചിഴച്ചിരിക്കുന്നു. ഇത് സ്വകാര്യതയുടെ ഗുരുതരമായ ലംഘനവും അപകീർത്തികരമായ കാര്യങ്ങൾ പ്രചരിപ്പിക്കലുമാണ്.

നമ്മൾ ജീവിതത്തിൽ മുന്നോട്ട് പോകുമ്പോഴും, വളരുമ്പോഴും, നല്ല കാര്യങ്ങൾ ചെയ്യുമ്പോഴും ചിലർ മറ്റൊരാളുടെ അന്തസ്സും സമാധാനവും കെടുത്തിക്കൊണ്ട് വെറുപ്പും വിവാദങ്ങളും ഉണ്ടാക്കാൻ ശ്രമിക്കുന്നത് നിർഭാഗ്യകരമാണ്. എട്ടു വർഷമായി ഈ ആക്രമണങ്ങൾ എനിക്ക് നേരെ മാത്രമായിരുന്നപ്പോൾ ഞാൻ മൗനം പാലിച്ചു. എന്നാൽ ഇന്ന് മറ്റുള്ളവരെ കൂടി ഇതിലേക്ക് വലിച്ചിഴയ്ക്കുമ്പോൾ എനിക്ക് നിശബ്ദയായിരിക്കാൻ കഴിയില്ല. ഇതിനൊരു അതിർവരമ്പ് നിശ്ചയിക്കാൻ ഞാൻ തീരുമാനിച്ചു. ഈ ദൃശ്യങ്ങളോ വാർത്തകളോ പ്രചരിപ്പിക്കുന്ന എല്ലാ മാധ്യമങ്ങളോടും ഇൻഫ്ലുവൻസർമാരോടും വ്യക്തികളോടും അവ ഉടനടി നീക്കം ചെയ്യാൻ ഞാൻ ആവശ്യപ്പെടുന്നു. ഈ പ്രസ്താവന വന്ന് 24 മണിക്കൂർ സമയം നിങ്ങൾക്ക് നൽകുന്നു.

rashmika

ഇത് പാലിക്കാത്ത പക്ഷം, നാളെ മുതൽ ഇത്തരം അപകീർത്തികരമായ ഉള്ളടക്കം പ്രചരിപ്പിക്കുന്ന വ്യക്തികൾക്കും ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾക്കും മാധ്യമങ്ങൾക്കും എതിരെ നിയമപരമായ നടപടികൾ സ്വീകരിക്കുന്നതാണ്. സന്തോഷത്തോടെ എടുത്ത തീരുമാനമല്ലിത്, പക്ഷേ ഇത് ഇപ്പോൾ അനിവാര്യമായിരിക്കുന്നു. ഇതുവരെ എന്നെ സ്നേഹത്തോടെ പിന്തുണച്ച എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി.

ഈ സമയത്ത് ഒരു കാര്യം കൂടി പറയാൻ ഞാൻ ആഗ്രഹിക്കുന്നു - ഞങ്ങളുടെ സ്വകാര്യ ജീവിതത്തെക്കുറിച്ച് മനഃപൂർവം മോശമായി സംസാരിക്കുന്നവർ ഒരു കാര്യം മനസ്സിലാക്കണം - എന്റെ ജീവിതം എങ്ങനെയായിരിക്കണമെന്ന് തീരുമാനിക്കാൻ അവർക്കാകുമോ? ഞങ്ങളുടെ ജീവിതം ഞങ്ങളുടേതല്ലേ? ഞങ്ങളുടെ തീരുമാനങ്ങൾ ഞങ്ങൾ തന്നെ എടുക്കും, അത് തുടരുകയും ചെയ്യും. എല്ലാവർക്കും നന്ദി, സ്നേഹം.

rashmika

രശ്മികയ്ക്ക് 21 വയസ്സുള്ളപ്പോഴാണ് 35 കാരനായ രക്ഷിത് ഷെട്ടിയുമായി വിവാഹം ഉറപ്പിക്കുന്നത്. വലിയ പ്രായവ്യത്യാസമുണ്ടായിട്ടും തങ്ങൾ ഈ ബന്ധത്തിന് സമ്മതിക്കുകയായിരുന്നുവെന്ന് ശബ്ദരേഖയിൽ പറയുന്നു. എന്നാൽ, ബന്ധം മുന്നോട്ട് പോയതോടെ ചെറിയ കാര്യങ്ങൾക്ക് പോലും രക്ഷിത് പ്രശ്നങ്ങളുണ്ടാക്കാൻ തുടങ്ങിയെന്നും രശ്മികയുടെ മേൽ അനാവശ്യ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയെന്നുമാണ് ആരോപണം. മറ്റ് വലിയ താരങ്ങൾക്കൊപ്പം രശ്മിക അഭിനയിക്കുന്നത് രക്ഷിതിന് ഇഷ്ടമായിരുന്നില്ലെന്നും രശ്മികയുടെ കരിയറിലെ വലിയ വഴിത്തിരിവായ 'ഗീതാ ഗോവിന്ദം' എന്ന ചിത്രത്തിന്റെ ഓഫർ വന്നപ്പോൾ അഭിനയം നിർത്താൻ രക്ഷിത് സമ്മർദം ചെലുത്തിയതായി ഓഡിയോയിൽ പറയുന്നുണ്ട്.

Content Highlights: Rashmika Mananna reacts to viral audio clip of her from eight years ago

dot image
To advertise here,contact us
dot image