

പ്രേക്ഷകർ എല്ലാവരും ഒരുപോലെ ആഗ്രഹിക്കുന്ന തിരിച്ചുവരവാണ് സൂര്യയുടേത്. മോശം സിനിമകളിലൂടെയും ബോക്സ് ഓഫീസ് പരാജയങ്ങളിലൂടെയും കഴിഞ്ഞ കുറച്ച് നാളുകളായി അത്ര നല്ല സമയമല്ല സൂര്യക്ക്. നടന്റേതായി അവസാനമിറങ്ങിയ റെട്രോയും കങ്കുവയും ബോക്സ് ഓഫീസിൽ കാര്യമായ ചലനമുണ്ടാക്കിയിരുന്നില്ല. വെങ്കി അറ്റ്ലൂരി ഒരുക്കുന്ന സിനിമയിൽ പ്രതീക്ഷ വെച്ച് ഇരിക്കുകയാണ് നടന്റെ ആരാധകർ.
ഇപ്പോഴിതാ സിനിമയുടെ ടൈറ്റിൽ പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. 'വിശ്വനാഥ് ആൻഡ് സൺസ്' എന്നാണ് സിനിമയുടെ പേര്. ജൂലൈയിൽ സിനിമയുടെ റീലീസ് ഉണ്ടാകുമെന്നും പോസ്റ്ററിൽ പറയുന്നു. സൂര്യ ഒരു കുഞ്ഞുമായി നിൽക്കുന്ന ചിത്രമാണ് പോസ്റ്ററിൽ ഉള്ളത്. ആഘോഷത്തോടെയാണ് പോസ്റ്റർ നടന്റെ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.
'ലക്കി ഭാസ്കർ' എന്ന സിനിമയ്ക്ക് ശേഷം വെങ്കി അറ്റ്ലൂരി ഒരുക്കുന്ന സിനിമയാണ് വിശ്വനാഥ് ആൻഡ് സൺസ്. ചിത്രത്തിന്റെ സ്ട്രീമിങ് അവകാശം നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 85 കോടിക്കാണ് ഷൂട്ട് തുടങ്ങുന്നതിന് മുൻപേ നെറ്റ്ഫ്ലിക്സ് ചിത്രം വാങ്ങിയത്. ഈ ചിത്രത്തിനായി സൂര്യയുടെ പ്രതിഫലം 50 കോടിയായിരിക്കും എന്നാണ് ഒടിടി പ്ലേ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.
മമിത ബൈജു ആണ് സിനിമയിൽ സൂര്യയുടെ നായികയായി എത്തുന്നത്. രാധിക ശരത്കുമാർ, രവീണ ടണ്ഠൻ എന്നിവരും സിനിമയിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. 'സൂര്യ-വെങ്കി അറ്റ്ലൂരി ചിത്രം ഒരു ഫാമിലി എന്റർടൈനർ ആണ്. ആ സിനിമ നന്നായി തന്നെ വന്നിട്ടുണ്ട്. അല്ലു അർജുൻ ചിത്രം 'അല വൈകുണ്ഠപുരമുലൂ' (അങ്ങ് വൈകുണ്ഠപുരത്ത്) പോലെയുള്ള ഒരു സിനിമയാകും അത്', എന്നാണ് സിനിമയെക്കുറിച്ച് നേരത്തെ സംഗീത സംവിധായകൻ ജി വി പ്രകാശ് കുമാർ പറഞ്ഞത്.
അതേസമയം, ജിത്തു മാധവൻ ഒരുക്കുന്ന സിനിമയിലാണ് ഇപ്പോൾ സൂര്യ അഭിനയിക്കുന്നത്. ആവേശം എന്ന സിനിമയ്ക്ക് ശേഷം ജിത്തു മാധവൻ ഒരുക്കുന്ന സിനിമയാണിത്. ചിത്രത്തിൽ പൊലീസ് വേഷത്തിലാണ് സൂര്യ എത്തുന്നത്. നടന്റെ പുതിയ ബാനറായ ഴകരം ആണ് സിനിമ നിർമിക്കുന്നത്. ജിത്തു മാധവിനൊപ്പം നസ്‍ലെനും സുഷിന് ശ്യാമും സിനിമയിൽ ഉണ്ട്. മൂന്ന് പേരുടെയും ആദ്യ തമിഴ് ചിത്രമാണ് ഇത്. സൂര്യയ്ക്ക് നായികയായി നസ്രിയയാണ് സിനിമയിൽ എത്തുന്നത്. ചിത്രത്തിൽ ഫഹദ് ഫാസിൽ അതിഥി വേഷത്തിൽ എത്തുമെന്നാണ് നേരത്തെ ഉണ്ടായിരുന്ന റിപ്പോർട്ടുകൾ. സൂര്യയെ നായകനാക്കി ആർ ജെ ബാലാജി ഒരുക്കുന്ന കറുപ്പും റിലീസിന് തയ്യാറെടുക്കുകയാണ്. ഈ വർഷം സൂര്യയുടെ ആയിരിക്കുമെന്നാണ് ആരാധകർ പറയുന്നത്. പരാജയങ്ങൾക്കൊടുവിൽ നടന്റെ ഉദയം കാത്തിരിക്കുകയാണ് ആരാധകർ.
Content Highlights: Director Venky Atluri unveiled the title poster of his new film featuring Suriya. Fans and industry insiders wished Suriya success for the upcoming project. The poster release has generated excitement across social media platforms.