

നസ്‌ലെനെ നായകനാക്കി അഭിനവ് സുന്ദര്‍ നായക് സംവിധാനം ചെയ്യുന്ന ചിത്രമാണ് മോളിവുഡ് ടൈംസ്. പുതിയ സ്റ്റൈലിലാണ് നസ്‌ലെൻ ചിത്രത്തിലെത്തുന്നത്. ഇപ്പോഴിതാ വാലെന്റൈൻസ് ദിനത്തിൽ സിനിമയുടെ പുത്തൻ അപ്ഡേറ്റ് പങ്കുവെച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ. നസ്‌ലെൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേരാണ് രസകരമായ വീഡിയോയിലൂടെ പങ്കുവെച്ചിരിക്കുന്നത്.
വിനീത് മാധവൻ എന്നാണ് നസ്‌ലെൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ഒരു ലവ് ലെറ്റർ എഴുതുന്ന രീതിയിലാണ് വീഡിയോ. പ്ലസ് വൺ സയൻസ് വിദ്യാർത്ഥിയാണ് വിനീത് മാധവൻ. വിനീത് അവനു തന്നെയാണ് പ്രേമലേഖനം എഴുതുന്നത്. വളരെ പെട്ടന്ന് ഓസ്‌കർ ജേതാവ് ആകാൻ പോകുന്ന വ്യക്തി ആയിട്ടാണ് വിനീത് തന്നെ കാണുന്നത്. കുട്ടിക്കാനത്താണ് കഥ നടക്കുന്നത്. വാലെന്റൈൻസ് ദിന ആശംസകൾ പങ്കുവെച്ചുകൊണ്ട് 'സെൽഫ് ലവ് ഈസ് ബെസ്റ്റ് ലവ് എന്നാണ് വിനീത് കുറിക്കുന്നത്.
2026 മെയ് 14ന് ചിത്രം തീയറ്ററിൽ എത്തും. നസ്ലിന്‍, സംഗീത് പ്രതാപ്, ഷറഫുദ്ദീന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അഭിനവ് സുന്ദര്‍ നായക് സംവിധാനം ചെയ്യുന്ന മോളിവുഡ് ടൈംസ് ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിഖ് ഉസ്മാന്‍ നിര്‍മിക്കുന്ന ചിത്രമാണ്. രാമു സുനില്‍ രചന നിര്‍വഹിക്കുന്ന ചിത്രത്തിനായി സംഗീതം ഒരുക്കുന്നത് ജേക്ക്‌സ് ബിജോയ് ആണ്. അഭിനവ് സുന്ദര്‍ നായക്കും അരോള്‍ നിതിനും ചേര്‍ന്നാണ് എഡിറ്റിംഗ് നിര്‍വഹിക്കുന്നത്.
വിശ്വജിത്താണ് ക്യാമറ. 2026ല്‍ നസ്‌ലെന്റേതായി ആദ്യം പുറത്തിറങ്ങുന്ന ചിത്രമാകും മോളിവുഡ് ടൈംസ്. നിരവധി താരങ്ങൾ കാമിയോ റോളുകളിൽ പ്രത്യക്ഷപ്പെടുന്ന ചിത്രം ഒരുപാട് പ്രതീക്ഷകൾ നൽകുന്ന ഒരു സിനിമയാണ്. അതേസമയം, ആസിഫ് അലി നായകനാകുന്ന ടിക്കി ടാക്കയാണ് നസ്‌ലെന്‍ ഭാഗമാകുന്ന മറ്റൊരു പ്രോജക്ട്. മമ്മൂട്ടിയെ നായകനാക്കി ഖാലിദ് റഹ്‌മാന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലും നസ്‌ലെന്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
Content Highlights: Mollywood Times stars Naslen in the lead role. The film is directed by Abhinav Sunder Nayak and produced by Ashiq Usman. Makers shared a special update on Valentine’s Day.