

ബ്രഹ്‌മാണ്ഡ സംവിധായകന്‍ എസ് എസ് രാജമൗലി ഒരുക്കുന്ന വാരണാസി ആണ് ഇപ്പോൾ സിനിമാപ്രേമികൾക്കിടയിലെ ചർച്ചാവിഷയം. മഹേഷ് ബാബു നായകനാകുന്ന ചിത്രത്തില്‍ പൃഥ്വിരാജും പ്രധാന വേഷത്തിലെത്തുന്നുണ്ട്. കുംഭ എന്ന വില്ലൻ വേഷത്തിലാണ് പൃഥ്വിരാജ് രാജമൗലി ചിത്രത്തിൽ എത്തുന്നത്. ആർ ആർ ആറിലെ മ്യൂസിക്കിൽ നിന്ന് വ്യത്യസ്തമായിരിക്കും വാരണാസിയിലെ ഗാനങ്ങൾ എന്നും 'നാട്ടു നാട്ടു' റിക്രിയേറ്റ് ചെയ്യാൻ ഞങ്ങൾ ശ്രമിച്ചിട്ടില്ല എന്നും കൊളൈഡറിന് നൽകിയ അഭിമുഖത്തിൽ രാജമൗലി പറഞ്ഞു.
'ആർ ആർ ആറിലെ മ്യൂസിക് വാരണാസിയിൽ റിക്രിയേറ്റ് ചെയ്യാൻ ഞങ്ങൾ ശ്രമിച്ചിട്ടില്ല. വാരണാസിയിലും പാട്ടും ഡാൻസും ഉണ്ടാകും പക്ഷേ അതെല്ലാം നാട്ടു നാട്ടുവിൽ നിന്ന് വ്യത്യസ്തമായിരിക്കും. വാരണാസിയുടെ 50% ചിത്രീകരണം പൂർത്തിയായി. രാമായണ എപ്പിസോഡ് മുഴുവനും ചിത്രീകരിച്ച് VFX-നായി അയച്ചിട്ടുണ്ട്. ജൂണോടെ സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കാനാകും എന്നാണ് ഞങ്ങൾ കരുതുന്നത്', രാജമൗലിയുടെ വാക്കുകൾ.
'മൂന്ന് മണിക്കൂറിന് അടുത്ത് ദൈർഖ്യം വരുന്ന സിനിമയാകും വാരണാസി. ആദ്യം ചിത്രം രണ്ട് ഭാഗങ്ങളായി പുറത്തിറക്കാൻ ഞങ്ങൾ ആലോചിച്ചിരുന്നു പക്ഷേ ആ ഐഡിയ ഞങ്ങൾ ഉടനെ ഉപേക്ഷിച്ചു. വാരണാസി ഒറ്റ പാർട്ട് സിനിമ തന്നെ ആയിരിക്കും', രാജമൗലി നേരത്തെ സിനിമയെക്കുറിച്ച് പറഞ്ഞ വാക്കുകൾ. ചിത്രം 2027 ഏപ്രിൽ ഏഴിന് തിയേറ്ററിൽ എത്തും. ആഗോള തലത്തിൽ ഉൾപ്പെടെ വമ്പൻ റിലീസായിട്ടാണ് വാരണാസി എത്താൻ ഒരുങ്ങുന്നത്. വാരണാസിയുടെ ടൈറ്റില്‍ അനൗണ്‍സ്മെന്‍റ് വീഡിയോ ഏവരെയും അതിശയിപ്പിച്ചിരിക്കുകയാണ്. പല കാലഘട്ടങ്ങളിലും വിവിധ ഭൂഖണ്ഡങ്ങളിലുമായാണ് ചിത്രം കഥ പറയുക എന്നാണ് സൂചന. രാമായണം പോലുള്ള പുരാണങ്ങളും വീഡിയോയില്‍ വലിയ പ്രാധാന്യത്തോടെ കടന്നുവരുന്നുണ്ട്. രാജമൗലിയുടെയും മഹേഷ് ബാബുവിന്റെയും ആരാധകര്‍ ഏറെ നാളായി കാത്തിരിക്കുന്ന ചിത്രമാണിത്. ആര്‍ ആര്‍ ആര്‍ ന് ശേഷമുള്ള അടുത്ത രാജമൗലി ചിത്രമെന്ന രീതിയില്‍ ആഗോളതലത്തില്‍ തന്നെ സിനിമ ശ്രദ്ധിക്കപ്പെടുമെന്നാണ് പ്രതീക്ഷ.

മഹേഷ് ബാബുവും ഏറെ നാളായി ഈ ചിത്രത്തിന്റെ പണിപ്പുരയിലാണ്. സിനിമയ്ക്കായി നടന്‍ നടത്തിയ ബോഡി ട്രാന്‍സ്ഫോര്‍മേഷന്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിന്റെ ഷൂട്ടിന്റെ ആദ്യ ഷെഡ്യൂള്‍ നേരത്തെ പൂര്‍ത്തിയായിരുന്നു. ചിത്രത്തിന്റെ സഹനിര്‍മാതാവ് കൂടിയായ മഹേഷ് ബാബു സിനിമയ്ക്കായി പ്രതിഫലം വാങ്ങുന്നില്ലെന്ന റിപ്പോര്‍ട്ടുകളുമുണ്ട്. രാജമൗലിയുടെ അച്ഛനും തിരക്കഥാകൃത്തുമായ വിജയേന്ദ്ര പ്രസാദ് ആണ് വാരണാസിക്ക് തിരക്കഥ ഒരുക്കുന്നത്.
Content Highlights: Varanasi will have songs, but they won’t be like “Naatu Naatu'' says ss rajamouli