ഇനി ഒരു സ്റ്റേജിലും ഡാൻസ് ചെയ്യരുത് എന്ന് പറഞ്ഞു, അവരെക്കൊണ്ട് തന്നെ സൂര്യ മാറ്റി പറയിപ്പിച്ചു: ശിവകുമാർ

'10 മണിക്കൂറോളം ആ പാട്ടിനായി അവൻ പ്രാക്ടീസ് ചെയ്തു. വിയർത്തൊഴുകി ഇട്ടിരിക്കുന്ന ജീൻസ് വരെ നനഞ്ഞു പോകുന്ന രീതിയിലാണ് സൂര്യ ഡാൻസ് ചെയ്തത്'

ഇനി ഒരു സ്റ്റേജിലും ഡാൻസ് ചെയ്യരുത് എന്ന് പറഞ്ഞു, അവരെക്കൊണ്ട് തന്നെ സൂര്യ മാറ്റി പറയിപ്പിച്ചു: ശിവകുമാർ
dot image

കരിയറിന്റെ തുടക്കത്തിൽ ഡാൻസിന്റെ പേരിൽ സൂര്യ നേരിട്ട കളിയാക്കലുകളെക്കുറിച്ചും അതിന് സൂര്യ നൽകിയ മറുപടിയെക്കുറിച്ചും മനസുതുറക്കുകയാണ് സുര്യയുടെ അച്ഛനും നടനുമായ ശിവകുമാർ. ഇനി ഒരു സ്റ്റേജിൽ പോലും ഡാൻസ് ചെയ്യരുത് എന്നായിരുന്നു സൂര്യക്ക് വന്ന വിമർശനമെന്നും എന്നാൽ അവർ തന്നെ പിന്നീട് അത് തിരുത്തി എഴുതിയെന്നും ഗലാട്ടാ പ്ലസിന് നൽകിയ അഭിമുഖത്തിൽ ശിവകുമാർ പറഞ്ഞു.

'ആദ്യത്തെ സിനിമയിൽ സൂര്യക്ക് ഡാൻസും ഫൈറ്റുമൊക്കെ ഉണ്ടായിരുന്നു. പടത്തിന്റെ ആദ്യ ഷോ കഴിഞ്ഞതിന് ശേഷം റിവ്യൂ ഒക്കെ പുറത്തിറങ്ങിയിരുന്നു. അന്ന് കൽക്കി മാഗസിൻ സൂര്യയെക്കുറിച്ച് എഴുതിയത് എനിക്ക് ഇന്നും ഓർമയുണ്ട്. ഇനി ഒരു സ്റ്റേജിൽ പോലും സൂര്യ ഡാൻസ് ചെയ്യരുത്, ഇത് അപേക്ഷയാണ് എന്നായിരുന്നു പറഞ്ഞത്. എന്നാൽ പിന്നീട് സൂര്യ ചെയ്ത 'പൂവെല്ലാം കേട്ടുപ്പാർ' എന്ന സിനിമയിൽ 'സെനോരീറ്റ' എന്നൊരു പാട്ടുണ്ട്. 10 മണിക്കൂറോളം ആ പാട്ടിനായി അവൻ പ്രാക്ടീസ് ചെയ്തു. വിയർത്തൊഴുകി ഇട്ടിരിക്കുന്ന ജീൻസ് വരെ നനഞ്ഞു പോകുന്ന രീതിയിലാണ് സൂര്യ ഡാൻസ് ചെയ്തത്. അന്ന് കുറ്റപ്പെടുത്തി എഴുതിയ അതേ മാഗസിൻ ഞങ്ങൾക്ക് തെറ്റുപറ്റി, തിരുത്തുകയാണ് എന്ന് എഴുതി. അത്രമാത്രം വെറി പിടിച്ച ഒരുത്തനാണ് സൂര്യ', ശിവകുമാറിന്റെ വാക്കുകൾ.

ഗജിനി എന്ന ചിത്രത്തിനായി സിക്സ് പാക്ക് എല്ലാം സൂര്യ ഉണ്ടാക്കിയെടുത്തതാണെന്നും അദ്ദേഹം പറഞ്ഞു. ബോഡി ബിൽഡിങ്ങിനെ സീരിയസായി കാണുന്നവർക്ക് മാത്രമേ സിക്‌സ് പാക്ക് ഉണ്ടാവുകയുള്ളൂ എന്നും അത്തരത്തിൽ സൂര്യ സിക്‌സ് പാക്ക് ഉണ്ടാക്കിയെടുത്തത് വലിയ ഡെഡിക്കേഷനിലൂടെയാണെന്നും ശിവകുമാർ കൂട്ടിച്ചേർത്തു.

'എനിക്ക് കുടവയറാണ്. പക്ഷേ, അവൻ ഇപ്പോഴും സിക്‌സ് പാക്ക് മെയിന്റെയിൻ ചെയ്യുന്നുണ്ട്. അത് എത്രമാത്രം അപകടമാണെന്ന് അറിയാമോ? അത് അവൻ നേടിയെടുത്തിട്ടുണ്ട്. കണ്ടാൽ സാധാരണ ആളുകളെപ്പോലെ തോന്നുമെങ്കിലും വല്ലാത്തൊരു വാശി അവനിലുണ്ട്. അതാണ് ഇന്നും അവനെ മുന്നോട്ട് നയിക്കുന്നത്', ശിവകുമാർ പറഞ്ഞു.

suriya

ആവേശം എന്ന സിനിമയ്ക്ക് ശേഷം ജിത്തു മാധവൻ ഒരുക്കുന്ന സൂര്യ 47 ലാണ് സൂര്യ ഇപ്പോൾ അഭിനയിക്കുന്നത്. സിനിമയുടെ ചിത്രീകരണം ചെന്നൈയിൽ നടക്കുകയാണ്. നടന്റെ പുതിയ ബാനറായ ഴകരം ആണ് സിനിമ നിർമിക്കുന്നത്. സിനിമയിൽ സൂര്യ പൊലീസ് വേഷത്തിലാണ് എത്തുന്നത്. സിനിമയുടെ സ്ട്രീമിങ് അവകാശം ഷൂട്ടിംഗ് തീരുന്നതിന് മുൻപ് തന്നെ നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയിരിക്കുകയാണ്. സിനിമയുടെ തിയേറ്റർ റിലീസിന് ശേഷം തമിഴ്, തെലുങ്ക്, ഹിന്ദി, മലയാളം ഭാഷകളിൽ സിനിമ നെറ്റ്ഫ്ലിക്സിലൂടെ പുറത്തുവരും. ജിത്തു മാധവിനൊപ്പം നസ്‍ലെനും സുഷിൻ ശ്യാമും സിനിമയിൽ ഉണ്ട്. മൂന്ന് പേരുടെയും ആദ്യ തമിഴ് ചിത്രമാണ് ഇത്. സൂര്യയ്ക്ക് നായികയായി നസ്രിയയാണ് സിനിമയിൽ എത്തുന്നത്. സുഷിൻ ശ്യാം ആണ് സിനിമയ്ക്കായി സംഗീതം ഒരുക്കുന്നത്.

Content Highlights: sivakumar talks about criticsms suriya faced for dancing in his initial days

dot image
To advertise here,contact us
dot image