

ഇന്ത്യൻ സിനിമയിൽ തന്നെ ഏറ്റവും കൂടുതൽ പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രമാണ് ദൃശ്യം 3. മലയാളത്തിൽ ആദ്യം പുറത്തിറങ്ങിയ ചിത്രം പിന്നീട് നിരവധി ഭാഷകളിലാണ് റീമേയ്ക്ക് ചെയ്ത് പുറത്തിറങ്ങിയത്. ദൃശ്യം 3 യ്ക്കായുള്ള കാത്തിരിപ്പിലാണ് ആരാധകർ. ചിത്രം ഏപ്രിൽ 2 ന് പുറത്തിറങ്ങും. ഇപ്പോഴിതാ സിനിമയുടെ പുതിയ പോസ്റ്റർ ആണ് ശ്രദ്ധനേടുന്നത്.
ഒരു വാഴത്തോട്ടത്തിന് മുന്നിൽ നിഗൂഢമായ നോട്ടവുമായി നിൽക്കുന്ന മോഹൻലാലിനെയാണ് പോസ്റ്ററിൽ കാണാനാകുന്നത്. 'വാഴയ്ക്കുള്ള വാണിങ് ആണോ' എന്നാണ് പലരും കമന്റിലൂടെ ചോദിക്കുന്നത്. വിപിൻ ദാസിന്റെ തിരക്കഥയിൽ ഹാഷിർ ആൻഡ് ഗംഗ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന സിനിമയാണ് വാഴ 2 . വൻ വിജയമായ വാഴയുടെ രണ്ടാം ഭാഗമാണ് ഈ ചിത്രം. ദൃശ്യം 3 യ്‌ക്കൊപ്പം ഏപ്രിൽ രണ്ടിനാണ് വാഴ 2 വും തിയേറ്ററിൽ എത്താൻ ഒരുങ്ങുന്നത്. അതിനാലാണ് ഇപ്പോൾ വാഴയെ ഉന്നം വെച്ചാണോ ദൃശ്യം ടീം ഈ പോസ്റ്റർ പുറത്തിറക്കിയതെന്ന് പ്രേക്ഷകർ കമന്റ് ചെയ്യുന്നത്. മലയാളത്തിൽ ത്രില്ലർ സിനിമകൾക്ക് പുതിയൊരു ബെഞ്ച്മാർക്ക് നൽകിയ ചിത്രമായിരുന്നു മോഹൻലാൽ - ജീത്തുജോസഫ് കൂട്ടുകെട്ടിലൊരുങ്ങിയ 'ദൃശ്യം'. സിനിമയുടെ മൂന്നാം ഭാഗത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. 75 കോടിയായിരുന്നു ആദ്യ ഭാഗം തിയേറ്ററിൽ നിന്നും നേടിയത്. തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ തുടങ്ങിയ ഭാഷകളിലേക്ക് ചിത്രം റീമേക്ക് ചെയ്യപ്പെട്ടിരുന്നു.
മോഹൻലാലിനൊപ്പം മീന, അൻസിബ ഹസൻ, ആശാ ശരത്, സിദ്ദിഖ്, എസ്തർ അനിൽ തുടങ്ങിയവരായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ. 2021 ഫെബ്രുവരി 19 നാണ് ദൃശ്യം രണ്ടാം ഭാഗം പുറത്തിറങ്ങുന്നത്. ആമസോൺ പ്രൈമിലൂടെ ഒടിടി റിലീസായിട്ടായിരുന്നു ചിത്രം പ്രേക്ഷകരിലേക്ക് എത്തിയത്. രണ്ടാം ഭാഗം പോലെ ആയിരിക്കില്ല ദൃശ്യം 3 എന്നും ഒന്നാം ഭാഗത്തിന്റെ പാറ്റേണിൽ ആണ് സിനിമ ഒരുക്കിയിരിക്കുന്നതെന്നും ജീത്തു ജോസഫ് നേരത്തെ പറഞ്ഞിരുന്നു. 'ദൃശ്യം ഒന്നാം ഭാഗം പോലെ അല്ലായിരുന്നു രണ്ടാം ഭാഗം. ഇനി രണ്ടാം ഭാഗം പോലെയേ അല്ല മൂന്നാം ഭാഗം. കുറച്ചുകൂടി ഇമോഷണൽ ആയിരിക്കും മൂന്നാം ഭാഗം.
ജോർജ്കുട്ടിയുടെ കുടുംബത്തിൽ ഇനി എന്തൊക്കെ സംഭവിക്കാം എന്ന കാര്യങ്ങൾ ആണ് കാണിക്കുന്നത്. ആ കഥാപാത്രങ്ങളുടെ ഐഡന്റിറ്റി ഞങ്ങൾ നിലനിർത്തുന്നുണ്ട്. ഇല്ലെങ്കിൽ കാര്യമുണ്ടാകില്ല. അതിനുള്ള ചില കാര്യങ്ങൾക്ക് വേണ്ടിയാണ് എന്റെ എഫർട്ട്. രണ്ടാം ഭാഗത്തിൽ ഒരു നരേറ്റിവ് പാറ്റേൺ ഉണ്ടായിരുന്നു എന്നാൽ മൂന്നാം ഭാഗം അങ്ങനെയല്ല. ഒന്നാം ഭാഗത്തിന്റെ പാറ്റേർണിൽ ആണ് ദൃശ്യം 3 ഒരുങ്ങുന്നത് എന്ന് വേണമെങ്കിൽ പറയാം', ജീത്തു ജോസഫിന്റെ വാക്കുകൾ.
Content Highlights: Mohanlal-jeethu joseph film drishyam 3 new poster goes viral, fans claiming the poster is a warning to Vaazha 2 movie