

ലൂസിഫര്‍ എന്ന ആദ്യ സംവിധാന ചിത്രത്തിലൂടെ തന്നെ പൃഥ്വിരാജ് സുകുമാരന്‍ പ്രേക്ഷകരുടെ മനം കവര്‍ന്നതാണ്. മാസ് ആക്ഷന്‍ സിനിമകളുടെ ബോക്‌സ് ഓഫീസ് കണക്കുകളിലും തിയേറ്റര്‍ എക്‌സ്പീരിയന്‍സിലും തന്റെതായ സ്ഥാനം കുറിച്ചുകൊണ്ടായിരുന്നു അന്ന് പൃഥ്വി എത്തിയത്. പിന്നീട് വന്ന ബ്രോ ഡാഡി ഫീല്‍ ഗുഡ് കോമഡി ഴോണറിലൊരുങ്ങിയ ചിത്രമായിരുന്നു. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ എമ്പുരാനാകട്ടെ സമീപകാലത്ത് മലയാളികള്‍ക്കിടയില്‍ ഏറ്റവും പ്രീറിലീസ് ഹൈപ്പ് നേടിയ ചിത്രമായി മാറി.
ഈ മൂന്ന് സിനിമകളെ കുറിച്ച് വിമര്‍ശനങ്ങളുണ്ടെങ്കിലും സംവിധായകനെന്ന നിലയില്‍ തിയേറ്ററില്‍ വലിയ ഗ്യാരണ്ടിയുള്ള താരമായി പൃഥ്വിരാജ് മാറിക്കഴിഞ്ഞു. പൃഥ്വിരാജിന്റെ അടുത്ത സംവിധാനചിത്രത്തിനായി മലയാളികള്‍ മാത്രമല്ല പാന്‍ ഇന്ത്യന്‍ ലെവലില്‍ കാത്തിരിക്കുന്ന ആരാധകരുണ്ട്. ലൂസിഫറിന്റെ മൂന്നാം ഭാഗമായ എസ്രയേല്‍, ഹോംബാലെ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ടൈസണ്‍ എന്നിങ്ങനെയുള്ള ചിത്രങ്ങള്‍ പൃഥ്വിരാജിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്നുണ്ടെന്ന് സ്ഥിരീകരിച്ചതാണ്. മറ്റ് ചിത്രങ്ങളെ കുറിച്ചും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

പൃഥ്വിരാജ് സംവിധാനം ചെയ്യാനൊരുങ്ങുന്ന ചിത്രങ്ങളെ കുറിച്ചുള്ള ഒരു അപ്‌ഡേറ്റ് പങ്കുവെച്ചിരിക്കുകയാണ് പൃഥ്വിരാജിന്റെ അമ്മയായ നടി മല്ലിക സുകുമാരന്‍. മൂന്നോളം വലിയ ചിത്രങ്ങള്‍ സംവിധാനം ചെയ്യാനായുള്ള ഓഫര്‍ പൃഥ്വിരാജിന്റെ മുന്നില്‍ വന്നിരുന്നു എന്നാണ് മല്ലിക സുകുമാരന്റെ വാക്കുകള്‍. മലയാള ചിത്രവും അന്യഭാഷാചിത്രങ്ങളും ഇക്കൂത്തിലുണ്ടെന്നും ആദ്യം മലയാള ചിത്രമാകും റിലീസിനെത്തുക എന്നും മല്ലിക പറഞ്ഞു.
'കൂടുതല്‍ ഒന്നും എനിക്ക് അറിയില്ല. അവന്‍ വൈകാതെ കൊച്ചിയിലെത്തും. നോബഡി ഷൂട്ട് കഴിഞ്ഞാല്‍ രൗജമൗലി ചിത്രത്തിലും, പിന്നീട് ഖലീഫയിലും ഷൂട്ടുണ്ട്. അതുകഴിഞ്ഞ് കൊച്ചിയിലുണ്ടാകും. അപ്പോള്‍ നിങ്ങള്‍ സംവിധാനം ചെയ്യുന്ന ചിത്രങ്ങളെ കുറിച്ചുള്ള വിവരങ്ങളെല്ലാം നേരിട്ട് ചോദിച്ചോളൂ. എനിക്ക് ആ സിനിമകളുടെ ചെറിയ വണ്‍ലൈനുകളല്ലാതെ, കഥയൊന്നും അറിയില്ല. അത് ഞാന്‍ ചോദിക്കാറുമില്ല. എനിക്ക് അതൊന്നുമറിയാതെ നിങ്ങളെ പോലെ തന്നെ സിനിമ വന്ന് കാണാനാണ് ഇഷ്ടം.

ചെയ്യാന്‍ പോകുന്ന സിനിമയുടെ കഥ രാജു പറയുമ്പോള്‍ 'അവസാനം ആരെങ്കിലും മരിക്കുമോ?' എന്ന് ഞാന്‍ ചോദിച്ചുപോകും. എന്താ അമ്മേ അങ്ങനെ ചോദിക്കുന്നത് എന്നാകും രാജുവിന്റെ മറുപടി. ഈ പ്രായമായല്ലോ. അപ്പോള്‍ അതൊക്കെ ആണ് ചോദിക്കാന്‍ തോന്നുക. പിന്നെ ഇപ്പോഴത്തെ സിനിമകള്‍ക്ക് പലപ്പോഴും ഹാപ്പി എന്‍ഡിങ് ആയതുകൊണ്ട് കുഴപ്പമില്ല,' മല്ലിക സുകുമാരന്‍ പറഞ്ഞു.
ഇന്ദ്രജിത്ത് സുകുമാരന്‍ സംവിധാനത്തിലേക്കും നിര്‍മാണത്തിലേക്കും ചുവടുവെക്കാന്‍ ഒരുങ്ങുകയാണെന്ന വാര്‍ത്തകളും മല്ലിക സുകുമാരന്‍ സ്ഥിരീകരിച്ചു. തിരക്കഥ പൂര്‍ത്തിയായെന്നും എന്നാല്‍ ചില ചിത്രങ്ങളുടെ തിരക്കുകള്‍ വന്നതുകൊണ്ടാണ് പ്രോജക്ടിലേക്ക് കടക്കാന്‍ ഇന്ദ്രജിത്ത് വൈകുന്നതെന്നും അവര്‍ പറഞ്ഞു. അനുരാഗ് കശ്യപ് ചിത്രം, ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഹിന്ദി ചിത്രം എന്നിവയില്‍ ഇന്ദ്രജിത്ത് ഭാഗമാണെന്നും തമിഴ് വെബ് സീരിസും ഇതിനിടയില്‍ ചെയ്തുവെന്നും മല്ലിക സുകുമാരന്‍ പറഞ്ഞു. പ്രകമ്പനം എന്ന പുതിയ ചിത്രത്തിന്റെ തിയേറ്റര്‍ വിസിറ്റിന് എത്തിയപ്പോഴാണ് ഓണ്‍ലൈന്‍ മീഡിയയുടെ ചോദ്യങ്ങള്‍ക്ക് മല്ലിക സുകുമാരന്‍ മറുപടി നല്‍കിയത്.
Content Highlights : Mallika Sukumaran about Prithviraj's next directorials. Says he will direct in Malayalam first