ക്രിസ്തീയ ചിഹ്നങ്ങൾക്ക് മുന്നിൽ ഇന്റിമേറ്റ് രംഗം; ടോക്‌സിക്കിനെതിരെ പരാതിയുമായി ക്രിസ്ത്യൻ സംഘടന

ടീസർ യൂട്യൂബിൽനിന്ന് ഉടൻ നീക്കം ചെയ്യണമെന്നും ഏതാനും സീനുകൾ മാറ്റണമെന്നുമാണ് പരാതിയിലെ ആവശ്യം

ക്രിസ്തീയ ചിഹ്നങ്ങൾക്ക് മുന്നിൽ ഇന്റിമേറ്റ് രംഗം; ടോക്‌സിക്കിനെതിരെ പരാതിയുമായി ക്രിസ്ത്യൻ സംഘടന
dot image

കെജിഎഫ് എന്ന ബ്രഹ്മാണ്ഡ സിനിമയ്ക്ക് ശേഷം യഷ് നായകനായി എത്തുന്ന ചിത്രമാണ് 'ടോക്സിക്'. ഗീതു മോഹൻദാസ് ആണ് സിനിമ സംവിധാനം ചെയ്യുന്നത്. ഇപ്പോഴിതാ നടൻ യഷിന്റെ പിറന്നാൾ പ്രമാണിച്ച് സിനിമയുടെ ടീസർ പുറത്തുവന്നിരുന്നു. റിലീസിന് പിന്നാലെ നിറയെ വിവാദങ്ങളും ടീസറിനെ തേടി എത്തിയിരുന്നു. ഇപ്പോഴിതാ ടോക്‌സിക്കിനെതിരെ വീണ്ടുമൊരു പരാതി ഉയർന്നിരിക്കുകയാണ്. ദ നാഷണൽ ക്രിസ്ത്യൻ ഫെഡറേഷൻ ആണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. നേരത്തേ പുറത്തുവന്ന ചിത്രത്തിന്റെ ടീസർ മതവികാരം വ്രണപ്പെടുത്തുന്നുവെന്നാണ് പരാതിയുടെ ഉള്ളടക്കം.

ഫിലിം ചേംബർ, കർണാടക ചീഫ് സെക്രട്ടറി, സെൻസർ ബോർഡ് എന്നിവർക്കുമുന്നിലാണ് സംഘടന പരാതിയുമായെത്തിയത്. ടീസറിലെ ഇന്റിമേറ്റ് രംഗങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു വിമർശനം. ഈ രംഗങ്ങൾ നടക്കുന്നത് ക്രിസ്തീയ ചിഹ്നങ്ങൾക്കും മിഖായേലിന്റെ പ്രതിമയ്ക്കുമുന്നിലുമാണെന്ന് കാണിച്ചാണ് പുതിയ പരാതി. ടീസർ യൂട്യൂബിൽനിന്ന് ഉടൻ നീക്കം ചെയ്യണമെന്നും ഏതാനും സീനുകൾ മാറ്റണമെന്നുമാണ് പരാതിയിലെ ആവശ്യം. നേരത്തെ, ചിത്രത്തിനെതിരേ കർണാടക വനിതാ കമ്മിഷനും സെൻസർ ബോർഡിനും മുന്നിൽ പരാതി എത്തിയിരുന്നു.

ടീസർ പിൻവലിക്കാൻ ആവശ്യപ്പെട്ട് ആം ആദ്മി പാർട്ടി വനിതാ വിഭാഗം കർണാടക സംസ്ഥാന വനിതാ കമ്മീഷന് പരാതി നൽകിയിരുന്നു. സ്ത്രീകളുടെയും കുട്ടികളുടെയും സാമൂഹിക ക്ഷേമത്തെ പ്രതികൂലമായി ബാധിക്കുന്നതും കന്നഡ സാംസ്കാരിക മൂല്യങ്ങളെ ദുർബലപ്പെടുത്തുന്നതുമായ അശ്ലീല ദൃശ്യങ്ങൾ ടീസറിൽ അടങ്ങിയിട്ടുണ്ടെന്നും ആയിരുന്നു പരാതിയിൽ ആരോപിച്ചത്. അതേസമയം, മാർച്ച് 19 ന് ടോക്‌സിക് ആഗോളതലത്തിൽ റീലീസ് ചെയ്യുമെന്ന് നിർമാണ കമ്പനിയായ കെ വി എൻ പ്രൊഡക്ഷൻസ് അറിയിച്ചു. സിനിമ ഒരേസമയം കന്നഡയിലും ഇംഗ്ലീഷിലുമാണ് ഒരുങ്ങുന്നത്. ടോക്‌സിക് പറയുന്ന കഥയ്ക്ക് ആഗോള സ്വഭാവമുളളതിനാൽ ഇതൊരു പാൻ വേൾഡ് സിനിമയായി ഒരുക്കുക എന്ന തീരുമാനത്തിലാണ് അണിയറപ്രവർത്തകർ.

കെവിഎൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ വെങ്കട്ട് കെ നാരായണയും മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും ചേർന്നാണ് ടോക്‌സിക് നിർമ്മിക്കുന്നത്. യഷിന്റെ 19-ാം സിനിമയാണിത്. 'എ ഫെയറി ടെയിൽ ഫോർ ഗ്രോൺ-അപ്‌സ്' എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈൻ. നേരത്തെ യഷും ഗീതുവും തമ്മിൽ അഭിപ്രായവ്യത്യാസം ഉണ്ടായിരുന്നു എന്നും സിനിമയുടെ ചിത്രീകരണം നിർത്തിവെച്ചു എന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ തുടർന്ന് ഇതിൽ വിശദീകരണം എന്നവണ്ണം ചിത്രത്തിന്റെ റിലീസ് പോസ്റ്ററുമായി നിർമാതാക്കൾ എത്തുകയായിരുന്നു.

Content Highlights: christian organisations files complaint against yash film toxic because of the intimate scene

dot image
To advertise here,contact us
dot image