അച്ഛൻ പോയിട്ട് ഒരു മാസം കഴിഞ്ഞേയുള്ളു, തമാശ പറയാൻ പറ്റിയ മാനസികാവസ്ഥയിലല്ല ഞാൻ: ധ്യാൻ ശ്രീനിവാസൻ

'പ്രത്യേകിച്ച് തമാശയൊന്നും ആരും പ്രതീക്ഷിക്കരുത്' എന്ന് പറഞ്ഞുകൊണ്ടാണ് ധ്യാന്‍ പ്രസംഗം തുടങ്ങിയത്.

അച്ഛൻ പോയിട്ട് ഒരു മാസം കഴിഞ്ഞേയുള്ളു, തമാശ പറയാൻ പറ്റിയ മാനസികാവസ്ഥയിലല്ല ഞാൻ: ധ്യാൻ ശ്രീനിവാസൻ
dot image

സിനിമാ പ്രൊമോഷൻ അഭിമുഖങ്ങളിലും പൊതുപരിപാടികളിലും വാക്കുകൾകൊണ്ട് തമാശയുടെ പൊടിപൂരം തീർക്കുന്ന നടനാണ് ധ്യാൻ ശ്രീനിവാസൻ. തന്റെ ജീവിതത്തിലെ എല്ലാ നിമിഷങ്ങളെയും തമാശ കലർത്തി അവതരിപ്പിക്കുന്ന ധ്യാൻ ശ്രീനിവാസന്റെ അഭിമുഖങ്ങൾക്ക് ആരാധകർ ഏറെയാണ്. ആരെയും ഒരു മടിയും കൂടാതെ ട്രോളുകയും സരസമായി സംസാരിക്കുകയും ചെയ്യുന്ന ധ്യാനിനെയാണ് മലയാളികൾക്ക് എന്നും പരിചയം.

എന്നാൽ, അച്ഛനായ ശ്രീനിവാസൻ മരണപ്പെട്ടപ്പോൾ കരച്ചിലടക്കാനാകാതെ നിൽക്കുന്ന ധ്യാനിനെ മലയാളികൾ കണ്ടു. താങ്ങാനാകാത്ത വേർപാടിന് ശേഷം പൊതുവേദികളിൽ നിന്നും വിട്ടുനിൽക്കുകയായിരുന്ന ധ്യാൻ കഴിഞ്ഞ ദിവസം ഒരു പരിപാടിയിൽ എത്തിയിരുന്നു. വർഗീസ് ബ്ലൂ ഹിൽ ഫൗണ്ടേഷന്റെ വാർഷികാഘോഷത്തിന് എത്തിയ ധ്യാൻ പ്രസംഗിക്കുകയും ചെയ്തു. പക്ഷെ അപ്പോഴും അച്ഛന്റെ വേർപാടിന്റെ വേദനയിൽ തന്നെയാണ് താനിപ്പോഴും എന്ന് പറഞ്ഞുകൊണ്ടാണ് ധ്യാൻ സംസാരിച്ചു തുടങ്ങിയത്.

Sreenivasan

തമാശ പറയാൻ പറ്റിയ മാനസികാവസ്ഥയിലല്ല താനെന്നും ഈ പരിപാടി ആയതുകൊണ്ട് മാത്രമാണ് താൻ വന്നത് എന്നുമാണ് ധ്യാൻ പറഞ്ഞത്. 'പൊതുവെ ഞാൻ വരുമ്പോൾ തമാശയൊക്കെ പറയും, എല്ലാവരെയും ചിരിപ്പിക്കും അങ്ങനെയാണ്. പക്ഷെ ഇന്ന് തമാശയൊന്നും പറയാൻ പറ്റിയ മാനസികാവസ്ഥയിലല്ല ഞാൻ. അച്ഛൻ പോയിട്ട് ഒരു മാസം കഴിഞ്ഞതേയുള്ളു. അതിനുശേഷമുള്ള ആദ്യത്തെ പൊതുപരിപാടിയാണ്. ഇങ്ങനെയൊരു കാര്യം കൂടി ആയതുകൊണ്ടാണ് വിളിച്ചപ്പോൾ വരാം എന്ന് വിചാരിച്ചത്. പ്രത്യേകിച്ച് തമാശയൊന്നും പ്രതീക്ഷിക്കരുത്,' ധ്യാൻ പറഞ്ഞു.

ഇങ്ങനെ പറഞ്ഞെങ്കിലും പ്രസംഗത്തിനിടെ പതിയെ പതിയെ ധ്യാൻ ചില തമാശകളും സിനിമാനുഭവങ്ങളും ട്രോളുകളുമായി വേദി കീഴടക്കുകയായിരുന്നു. പരിപാടിയ്ക്ക് എത്തിയ നടൻ ഫഹദ് ഫാസിലിനൊപ്പമുള്ള അനുഭവങ്ങളും ധ്യാൻ പങ്കുവെക്കുകയും അത് സദസ്സിനെ അപ്പാടെ ചിരിപ്പിക്കുകയും ചെയ്തിരുന്നു.

dhyan sreenivasan at sreenivasan's funeral
ശ്രീനിവാസന്‍റെ മരണാനന്തര ചടങ്ങുകള്‍ക്കിടെ പൊട്ടിക്കരയുന്ന ധ്യാന്‍

അതേസമയം, ഡിസംബർ 20 ന് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ വെച്ചായിരുന്നു ശ്രീനിവാസന്റെ അന്ത്യം. വിവിധ രോഗങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. രാവിലെ ഡയാലിസിസിന് കൊണ്ടുപോകുമ്പോൾ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ശ്രീനിവാസനെ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പക്ഷെ ജീവൻ രക്ഷിക്കാനായില്ല. 48 വർഷക്കാലം നീണ്ടുനിന്ന സിനിമാ ജീവിതത്തിൽ 200ലേറെ സിനിമകളിൽ ശ്രീനിവാസൻ അഭിനയിച്ചു. 54 ചിത്രങ്ങൾക്ക് തിരക്കഥ രചിക്കുകയും രണ്ട് ചിത്രങ്ങൾ സംവിധാനം ചെയ്യുകയും ചെയ്തു. ദേശീയ-സംസ്ഥാന പുരസ്‌കാരങ്ങളടക്കം നിരവധി അംഗീകാരങ്ങളും ശ്രീനിവാസനെ തേടിയെത്തിയിരുന്നു.

Content Highlights: Dhyan sreenivasan says he is not in a mental state to crack jokes like usual after the demise of his father Sreenivasan

dot image
To advertise here,contact us
dot image