

മികച്ച നടനുള്ള കേരള സംസ്ഥാന പുരസ്‌കാരം ഏറ്റുവാങ്ങി മമ്മൂട്ടി. പുരസ്കാരം കിട്ടുന്നത് പ്രോത്സാഹനം ആണെന്ന് മമ്മൂട്ടി പറഞ്ഞു. ഒപ്പം അവാർഡ് നേടിയ ആസിഫും ടൊവിനോയും തന്നെക്കാൾ ഒട്ടും താഴെയല്ലെന്നും പ്രായത്തിൽ മൂത്തത് ആയതിനാൽ തനിക്ക് അവാർഡ് കിട്ടിയതാകാം എന്നും മമ്മൂട്ടി പറഞ്ഞു.
'പുരസ്കാരം കലാകാരന്മാർക്ക് പ്രോത്സാഹനമാണ്. നല്ല നടനുള്ള പുരസ്കാരം കിട്ടുന്നത് അതിലേറെ പ്രോത്സാഹനം. ഇന്ന് എനിക്കൊപ്പം സ്പെഷ്യൽ ജൂറി പുരസ്‌കാരം നേടിയ ടൊവിനോയും ആസിഫ് അലിയുമുണ്ട്. അവരൊന്നും എന്നേക്കാൾ ഒരു മില്ലിമീറ്റർ പോലും താഴെയല്ല. അവർ എനിക്ക് ഒപ്പമാണ്, പ്രായത്തിൽ മൂത്തത് ആയതിനാൽ എനിക്ക് അവാർഡ് കിട്ടിയതാകാം', മമ്മൂട്ടിയുടെ വാക്കുകൾ.
ഫെമിനിച്ചി ഫാത്തിമ എന്ന സിനിമയെയും മമ്മൂട്ടി അഭിനന്ദിച്ചു. 'ഫെമിനിച്ചി ഫാത്തിമ കണ്ടു. ഇത്തരം സിനിമകൾ മലയാളത്തിൽ മാത്രമേ ഉണ്ടാകൂ. സിനിമ ചിന്തിക്കാനും മനസ്സിലാക്കാനും സന്ദേശം പകരാനും എന്ന് വിചാരിക്കുന്നവരാണ് മലയാളികൾ. കഴിഞ്ഞ ദിവസമാണ് ഫെമിനിച്ചി ഫാത്തിമ കണ്ടത്. പുരുഷാധിപത്യമാണ് സിനിമയിൽ പറയുന്നത്. മലയാളത്തിൽ മാത്രമെ ഇങ്ങനെ ഉള്ള സിനിമകൾ ഉണ്ടാവുകയുള്ളൂ. മലയാളികൾക്ക് മാത്രമേ അങ്ങനെ ഒരു സിനിമ ഉൾക്കൊള്ളാൻ കഴിയുകയുള്ളൂ. ഇവിടെ അത് കാണാൻ ആളുകൾ ഉണ്ട്. എല്ലാ സിനിമയേയും പ്രോത്സാഹിപ്പിക്കണം', മമ്മൂട്ടി കൂട്ടിച്ചേർത്തു.

ഭ്രമയുഗത്തിലെ പ്രകടനത്തിനാണ് മമ്മൂട്ടിക്ക് മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ചത്. മമ്മൂട്ടിയുടെ ഏഴാമത്തെ സംസ്ഥാന പുരസ്കാരമാണിത്. കൊടുമൺ പോറ്റി, ചാത്തൻ എന്നീ രണ്ട് കഥാപാത്രങ്ങളെ ഏക ശരീരത്തിലേക്ക് ആവാഹിച്ച് അഭിനയിച്ചതിനാണ് മികച്ച നടനായി മമ്മൂട്ടിയെ തിരഞ്ഞെടുത്തതെന്ന് ജൂറി അഭിപ്രായപ്പെട്ടു. ഒരു ലക്ഷം രൂപയും ശില്‌പവും പ്രശസ്തി പത്രവുമാണ് മികച്ച നടന് ലഭിക്കുക.
Content Highlights: Mammootty about Asif Ali, Tovino and Feminichi fathima at state award function