

മലയാളത്തിൻ്റെ മഹാനടന്മാരായ മമ്മൂട്ടി, മോഹൻലാൽ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് നാരായണൻ ഒരുക്കുന്ന മൾട്ടിസ്റ്റാർ സിനിമയാണ് പാട്രിയറ്റ്. 19 വർഷത്തിന് ശേഷമാണ് മമ്മൂട്ടിയും മോഹൻലാലും വീണ്ടും ഒരു സിനിമയ്ക്കായി ഒരുമിക്കുന്നത്. ഇപ്പോഴിതാ സിനിമയിലെ മമ്മൂട്ടിയുടേയും മോഹൻലാലിന്റേയും പോസ്റ്ററുകൾ പുറത്തുവന്നിരിക്കുകയാണ്.
അല്പം പുച്ഛഭാവത്തോടെ നോക്കുന്ന ലാലേട്ടനെയും ഇരുട്ടിൽ മറഞ്ഞിരിക്കുന്ന മമ്മൂട്ടിയെയുമാണ് പോസ്റ്ററിൽ കാണാനാകുന്നത്. മമ്മൂട്ടിയുടെ പോസ്റ്റർ മോഹൻലാലും, മോഹൻലാലിന്റെ പോസ്റ്റർ മമ്മൂക്കയുമാണ് പങ്കുവെച്ചിരിക്കുന്നത്. ഒപ്പം സിനിമയുടെ മറ്റൊരു അപ്‌ഡേറ്റ് കൂടി പുറത്തുവന്നിട്ടുണ്ട്. നാളെ രാവിലെ 10.10 ന് സിനിമയുടെ ഒരു അപ്ഡേറ്റ് പുറത്തുവരുമെന്നും പോസ്റ്ററിനൊപ്പം ഉണ്ട്. വരാനിരിക്കുന്നത് സിനിമയുടെ ഫസ്റ്റ് ലുക്ക് ആണോ അതോ ട്രെയ്‌ലർ ആണോ എന്നാണ് ആരാധകർ ചോദിക്കുന്നത്. സിനിമയിലെ ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻതാര തുടങ്ങിയവരുടെ പോസ്റ്ററുകളും നേരത്തെ പുറത്തുവന്നിരുന്നു.
അതേസമയം, സിനിമ സമ്മർ റിലീസായി ഏപ്രിൽ 23 ന് റിലീസിനെത്തുമെന്നാണ് പ്രമുഖ ട്രാക്കർ ശ്രീധർ പിള്ള ട്വീറ്റ് ചെയ്തിരിരുന്നു. വെക്കേഷൻ റിലീസായതുകൊണ്ട് തന്നെ സിനിമയ്ക്ക് വലിയ കളക്ഷനുകൾ നേടാനാകും എന്നുതന്നെയാണ് പ്രതീക്ഷ. ചിത്രം നിർമ്മിക്കുന്നത് ആന്റോ ജോസഫ് ഫിലിം കമ്പനി, കിച്ചപ്പു ഫിലിംസ് എന്നിവയുടെ ബാനറിൽ ആന്റോ ജോസഫ്, കെ ജി അനിൽകുമാർ എന്നിവർ ചേർന്നാണ്. സി ആർ സലിം പ്രൊഡക്ഷൻസ്, ബ്ലൂ ടൈഗേഴ്സ് ലണ്ടൻ എന്നീ ബാനറുകളിൽ സി.ആര്‍.സലിം, സുഭാഷ് ജോര്‍ജ് മാനുവല്‍ എന്നിവരാണ് ചിത്രത്തിൻ്റെ സഹ നിർമ്മാണം നിർവഹിക്കുന്നത്. സി.വി.സാരഥിയും രാജേഷ് കൃഷ്ണയുമാണ് ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാര്‍.
മലയാളത്തിലെ ഏറ്റവും വലിയ ചിത്രമായി ഒരുക്കുന്ന പാട്രിയറ്റ്, അന്താരാഷ്ട്ര സ്പൈ ത്രില്ലറുകളെ അനുസ്മരിപ്പിക്കുന്ന രീതിയിലാണ് ഒരുക്കുന്നതെന്ന്, നേരത്തെ പുറത്ത് വന്ന ചിത്രത്തിൻ്റെ ടൈറ്റിൽ ടീസറിലെ ദൃശ്യങ്ങൾ കാണിച്ചു തരുന്നുണ്ട്. മമ്മൂട്ടി, മോഹൻലാൽ എന്നിവരുടെ ഗംഭീര ആക്ഷൻ രംഗങ്ങൾ ചിത്രത്തിൻ്റെ ഹൈലൈറ്റ് ആയി മാറുമെന്നും ടീസർ സൂചന നൽകുന്നു. മലയാള സിനിമ ഇതുവരെ കാണാത്ത തരത്തിലുള്ള മാസ്സ് ദൃശ്യ വിരുന്ന് ആയിരിക്കും ചിത്രം സമ്മാനിക്കുക എന്ന ഫീൽ ആണ് ടീസർ നൽകുന്നത്.
ചിത്രത്തിന്റെ കഥയും തിരക്കഥയും രചിച്ചത് സംവിധായകൻ മഹേഷ് നാരായണൻ തന്നെയാണ്. ശ്രീലങ്ക, അസർബൈജാൻ, ഡൽഹി, ഷാർജ, ലഡാക്ക്, ഹൈദരാബാദ്, യുകെ, കേരളം തുടങ്ങി വിവിധ ലൊക്കേഷനുകളിലാണ് സിനിമയുടെ ചിത്രീകരണം നടന്നത്. ഒരു വലിയ ഇടവേളക്ക് ശേഷം മമ്മൂട്ടി - മോഹൻലാൽ ടീം ഒന്നിച്ചഭിനയിക്കുന്ന ഈ ചിത്രത്തിലെ ഹൈലൈറ്റ് ആയിരിക്കും ഇവരുടെ കോമ്പിനേഷൻ രംഗങ്ങൾ. ജിനു ജോസഫ്, രാജീവ് മേനോന്‍, ഡാനിഷ് ഹുസൈന്‍, ഷഹീന്‍ സിദ്ദിഖ്, സനല്‍ അമന്‍, ദര്‍ശന രാജേന്ദ്രന്‍, സെറീന്‍ ഷിഹാബ് തുടങ്ങിയവര്‍ക്കൊപ്പം മദ്രാസ് കഫേ, പത്താന്‍ തുടങ്ങിയവയിലൂടെ ശ്രദ്ധേയനായ തീയറ്റര്‍ ആര്‍ട്ടിസ്റ്റും സംവിധായകനുമായ പ്രകാശ് ബെലവാടിയും ചിത്രത്തിന്റെ താരനിരയിലുണ്ട്.
Content Highlights: Mammootty and Mohanlal's character posters from Patriot out now