ലോകേഷ് അല്ലു പടത്തിനായി പോയില്ലേ, ഇനി കൈതിയുടെ കാര്യം എന്താകും?, ചിരിച്ചുകൊണ്ട് മറുപടി നൽകി കാർത്തി

ലോകേഷ് കനകരാജും അല്ലു അര്‍ജുനും ഒന്നിക്കുന്ന ചിത്രത്തിന്‍റെ പ്രഖ്യാപനം കഴിഞ്ഞ ദിവസമായിരുന്നു നടന്നത്

ലോകേഷ് അല്ലു പടത്തിനായി പോയില്ലേ, ഇനി കൈതിയുടെ കാര്യം എന്താകും?, ചിരിച്ചുകൊണ്ട് മറുപടി നൽകി കാർത്തി
dot image

ലോകേഷ് കനകരാജിന്റെ കരിയറിൽ നിർണായകമായ സിനിമയാണ് കാർത്തി നായകനായി 2019ൽ റിലീസിന് എത്തിയ കൈതി. ചിത്രം തിയേറ്റററുകളിൽ നിന്ന് വിജയം നേടുക മാത്രമല്ല, ഇന്ത്യയിലെമ്പാടും അനവധി കാഴ്ചക്കാരെ സ്വന്തമാക്കുകയും ചെയ്തു. ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സിലെ ആദ്യ ചിത്രവും കൈതി ആയിരുന്നു. ലോകേഷിന്റെ സിനിമകളിൽ ഏറ്റവും മികച്ചതായി പലരും കണക്കാക്കുന്ന ചിത്രം കൂടിയാണ് കൈതി.

ചിത്രത്തിലെ കഥാപാത്രത്തിന്റെ റഫറൻസ് പിന്നീട് വന്ന വിക്രം, ലിയോ സിനിമകളിലും ഉണ്ടായിരുന്നു. കൈതിയുടെ രണ്ടാം ഭാഗത്തിലൂടെ ദില്ലി എന്ന കാർത്തിയുടെ കഥാപാത്രത്തിന്റെ മടങ്ങിവരവ് കാണാൻ കാത്തിരിക്കുന്നവർ ഏറെയാണ്. കൈതിയുടെ രണ്ടാം ഭാഗം ഉണ്ടാകുമെന്ന് ഇക്കഴിഞ്ഞ വർഷങ്ങളിൽ നിരവധി തവണ റിപ്പോർട്ടുകൾ വന്നിരുന്നു. സിനിമയുടെ അണിയറ പ്രവർത്തകർ കൈതി 2വിനെ കുറിച്ച് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. രജനികാന്ത് നായകനായ കൂലി എന്ന സിനിമയ്ക്ക് ശേഷം കൈതി 2 ചെയ്യുമെന്നായിരുന്നു നേരത്തെ ലോകേഷ് കനകരാജും പറഞ്ഞിരുന്നത്.

Kaithi  movie scene

എന്നാൽ, അല്ലു അർജുനെ നായകനാക്കി പുതിയ ചിത്രം സംവിധാനം ചെയ്യാനൊരുങ്ങുകയാണ് ലോകേഷ് കനകരാജ്. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം കഴിഞ്ഞ ദിവസം നടക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ കൈതി 2 വീണ്ടും നീണ്ടുപോകുമോ എന്ന ചോദ്യങ്ങളുമായി ആരാധകർ മുന്നോട്ടുവന്നു. നിരവധി പേർ നിരാശയും പങ്കുവെച്ച് എത്തിയിരുന്നു. ലോകേഷോ കാർത്തിയോ ഇതിനോട് പ്രതികരിച്ചിരുന്നില്ല.

എന്നാൽ ഇപ്പോൾ കാർത്തിയുടെ ഭാഗത്തു നിന്നും കൈതി 2 വിനെ സംബന്ധിച്ച ഒരു ചോദ്യത്തോടുള്ള പ്രതികരണം വന്നിരിക്കുകയാണ്. വാ വാത്തിയാർ എന്ന പുതിയ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി തിയേറ്റർ വിസിറ്റിന് എത്തിയതായിരുന്നു നടൻ. ലോകേഷ് കനകരാജ് അല്ലു അർജുൻ സിനിമയുമായി പോവുകയാണെന്ന് അറിയിച്ചല്ലോ, ഇനി എന്താകും കൈതി 2വിന്റെ ഭാവി എന്നായിരുന്നു മാധ്യമപ്രവർത്തകന്റെ ചോദ്യം. ഇതിന് മറുപടിയായി 'അത് അവർ തന്നെ പറയും' എന്നാണ് കാർത്തി മറുപടി നൽകിയത്. ചിരിച്ചുകൊണ്ട് വളരെ കൂളായാണ് നടൻ പ്രതികരിച്ചത്.

Kaithi movie

കാർത്തിയുടെ വീഡിയോക്ക് താഴെ കമന്റുമായി കൈതി ഫാൻസ് എത്തിയിട്ടുണ്ട്. കൈതി 2 പോലെ പ്രേക്ഷകർ ഏറെ നാളായി കാത്തിരിക്കുന്ന സിനിമ ചെയ്യാൻ ലോകേഷ് എന്തിനാണ് മടിക്കുന്നത് എന്നാണ് പലരും ചോദിക്കുന്നത്. ദില്ലിയുടെ മകളായി ബാലതാരം വളർന്നു വലുതായെന്നും ഇനി രണ്ടാം ഭാഗം മറ്റാരെയെങ്കിലും വെച്ച് ചെയ്യേണ്ടി വരുമെന്നും മറ്റ് ചിലർ കമന്റ് ചെയ്യുന്നുണ്ട്. എന്തായാലും കൈതി 2വിനായി ഇനിയും ചോദ്യങ്ങളുയരും എന്നാണ് കമന്റുകൾ വ്യക്തമാക്കുന്നത്.

Content Highlights: Karthi replies to a question about Kaithi 2. Since Lokesh Kanagaraj is going to direct Allu Arjun movie many fans are worried Kaithi 2 will be shelved

dot image
To advertise here,contact us
dot image