

മലയാള സിനിമയിലെ ആദ്യത്തെ മുഴുനീള WWE സ്റ്റൈൽ ആക്ഷൻ കോമഡി ചിത്രമായ ചത്ത പച്ച - റിങ് ഓഫ് റൗഡീസിന്റെ പ്രോമോ സോങ് വീഡിയോ പുറത്ത്. നേരത്തെ ഈ ടൈറ്റിൽ ട്രാക്കിന്റെ ലിറിക്കൽ വീഡിയോ റിലീസ് ചെയ്തിരുന്നു. ബോളിവുഡ് സംഗീത സംവിധായകരായ ശങ്കർ- ഇഹ്സാൻ - ലോയ് ടീം സംഗീതമൊരുക്കിയ ഈ ഗാനം ആലപിച്ചത് ശങ്കർ മഹാദേവൻ, സിദ്ധാർഥ് മഹദേവൻ, ഫെജോ എന്നിവർ ചേർന്നാണ്. വിനായക് ശശികുമാർ, ഫെജോ എന്നിവർ ചേർന്നാണ് ഗാനത്തിന് വരികൾ രചിച്ചത്.
ഇപ്പോൾ പുറത്തു വന്നിരിക്കുന്ന ഈ ഗാനത്തിന്റെ വീഡിയോ ഒരുക്കിയത് ഡൌൺ ട്രോഡൻ ആണ്. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളിലൊന്ന് അവതരിപ്പിക്കുന്ന ഇഷാൻ ഷൗക്കത് ആണ് പ്രോമോ വീഡിയോ സോങിലും അഭിനയിച്ചിരിക്കുന്നത്. 2026 ജനുവരി 22 ന് ചിത്രം ലോകമെമ്പാടുമുള്ള തീയേറ്ററുകളിലെത്തും. അർജുൻ അശോകൻ, റോഷൻ മാത്യു, വിശാഖ് നായർ, ഇഷാൻ ഷൗക്കത്ത് (മാർക്കോ ഫെയിം), പൂജ മോഹൻദാസ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ലോകമെമ്പാടും ആരാധകരുള്ള WWE റെസ്ലിംഗിൽ നിന്നും, അതിലെ ജനപ്രിയ കഥാപാത്രങ്ങളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് ഒരുക്കിയ ഈ ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ അദ്വൈത് നായർ ആണ്.
റീൽ വേൾഡ് എന്റർടൈൻമെന്റ് ആണ് ചിത്രം നിർമ്മിക്കുന്നത്. ട്രാൻസ് വേൾഡ് ഗ്രൂപ്പും ലെൻസ്മാൻ ഗ്രൂപ്പും ചേർന്നാണ് റീൽ വേൾഡ് എന്റർടൈൻമെന്റ് എന്ന നിർമ്മാണ കമ്പനിക്ക് രൂപം നൽകിയത്. റിതേഷ് എസ് രാമകൃഷ്ണൻ, ഷിഹാൻ ഷൗക്കത് എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ. ചിത്രം കേരളത്തിലെ തീയേറ്ററുകളിൽ വിതരണം ചെയ്യുന്നത് ദുൽഖർ സൽമാൻ നേതൃത്വം നൽകുന്ന വേഫെറർ ഫിലിംസ് ആണ്.
ചിത്രത്തിൽ മെഗാസ്റ്റാർ മമ്മൂട്ടി അതിഥി വേഷത്തിൽ എത്തുമെന്ന് വാർത്തകൾ വന്നിരുന്നു. അടുത്തിടെ പുറത്ത് വന്ന, ചിത്രത്തിൻ്റെ റിലീസ് തീയതി പുറത്ത് വിട്ട് കൊണ്ടുള്ള പോസ്റ്ററിൽ, "എം" എന്ന അക്ഷരത്തിന് പ്രത്യേക പ്രാധാന്യം കൊടുക്കുന്ന ഡിസൈൻ കൂടെ അണിയറ പ്രവർത്തകർ നൽകിയതോടെ, മമ്മൂട്ടി ആരാധകരും സിനിമാ പ്രേമികളും ഏറെ ആവേശത്തിലാണ്. പ്രധാന കഥാപാത്രങ്ങൾ ഉൾപ്പെടെ ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളെയും ഇതുവരെ കാണാത്ത വ്യത്യസ്തമായ ലുക്കിലാണ് അവതരിപ്പിക്കുന്നത്.
ശങ്കർ -ഇഹ്സാൻ -ലോയ് ടീം ആദ്യമായി മലയാളത്തിൽ സംഗീതം നൽകുന്ന ചിത്രത്തിന്റെ മ്യൂസിക് അവകാശം സ്വന്തമാക്കിയത് ടി സീരിസ് ആണ്. നേരത്തെ ചിത്രത്തിൻ്റെ ടീസറും റിലീസ് ചെയ്തിരുന്നു. വമ്പൻ റെസ്ലിങ് ആക്ഷൻ രംഗങ്ങൾ ആയിരിക്കും ചിത്രത്തിന്റെ ഹൈലൈറ്റ് എന്നാണ് ടീസർ നൽകിയ സൂചന. ഫോർട്ട് കൊച്ചിയിലുള്ള ഒരു അണ്ടർ ഗ്രൗണ്ട് ഡബ്ല്യൂ.ഡബ്ല്യൂ.ഇ. സ്റ്റൈൽ റെസ്ലിങ് ക്ലബ് പശ്ചാത്തലമാക്കി ഒരുക്കുന്ന ചിത്രം, മലയാള സിനിമയിലെ പുതിയ ആക്ഷൻ കോമഡി അനുഭവമായി മാറുമെന്നാണ് പ്രതീക്ഷ.
Content Highlights: Chathaa pacha movie promo song video released