കഴിവിന്റെയും സൂപ്പര്‍സ്റ്റാര്‍ഡത്തിൻ്റെയും കൂടിച്ചേരൽ, ഈ യാത്രയിലുടനീളം എനിക്കൊപ്പം നിന്ന യഷ്: ഗീതു മോഹൻദാസ്

ടീസർ പുറത്തുവന്നതിന് പിന്നാലെ അതിലെ ഉള്ളടക്കത്തിന്റെ പേരിൽ വലിയ വിമർശനങ്ങൾ ആണ് ഗീതു മോഹൻദാസിന് ലഭിക്കുന്നത്

കഴിവിന്റെയും സൂപ്പര്‍സ്റ്റാര്‍ഡത്തിൻ്റെയും കൂടിച്ചേരൽ, ഈ യാത്രയിലുടനീളം എനിക്കൊപ്പം നിന്ന യഷ്: ഗീതു മോഹൻദാസ്
dot image

കെജിഎഫ് എന്ന ബ്രഹ്മാണ്ഡ സിനിമയ്ക്ക് ശേഷം യഷ് നായകനായി എത്തുന്ന ചിത്രമാണ് 'ടോക്സിക്'. ഗീതു മോഹൻദാസ് ആണ് സിനിമ സംവിധാനം ചെയ്യുന്നത്. നടൻ യഷിന്റെ പിറന്നാൾ പ്രമാണിച്ച് യഷിന്‍റെ ക്യാരക്ടര്‍ ഇന്‍ട്രൊ ടീസർ ഇന്നലെ പുറത്തുവന്നിരുന്നു. റായ എന്ന കഥാപാത്രത്തെയാണ് സിനിമയിൽ യഷ് അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ യഷിനെക്കുറിച്ച് ഗീതു മോഹൻദാസ് കുറിച്ച വാക്കുകളാണ് ചർച്ചയാകുന്നത്.

കഴിവിന്റേയും സൂപ്പര്‍സ്റ്റാര്‍ഡത്തിൻ്റെയും കൂടിച്ചേരൽ ആണ് യഷ് എന്നും അദ്ദേഹത്തിന്റെ അച്ചടക്കവും സിനിമയോടുള്ള പ്രതിബന്ധതയും ഓർത്ത് തനിക്ക് അഭിമാനമുണ്ടെന്നും ഗീതു കുറിച്ചു. 'കഴിവിന്റേയും സൂപ്പര്‍സ്റ്റാര്‍ഡത്തിൻ്റെയും കൂടിച്ചേരല്‍. ലോകം കാണാനിരിക്കുന്ന റായയായുള്ള പ്രകടനത്തില്‍ മാത്രമല്ല, ഓരോ ദിവസങ്ങളും ഞങ്ങളുടെ സിനിമയിലേക്ക് കൊണ്ടു വരുന്ന അച്ചടക്കവും ആത്മാവും അദ്ദേഹത്തെക്കുറിച്ച് എന്നില്‍ അഭിമാനമുണ്ടാക്കുന്നു. ഇത് അദ്ദേഹം അഭിനയിച്ച വെറുമൊരു കഥാപാത്രമല്ല. തന്റെ ആര്‍ട്ടിസ്റ്റിക് ലെഗസിയില്‍ അദ്ദേഹം കൊത്തിവച്ചൊരു ഏടാണ്. അദ്ദേഹം എപ്പോഴും ചോദ്യങ്ങള്‍ ചോദിച്ചു. വെല്ലുവിളിച്ചു. പുതിയ കാര്യങ്ങള്‍ തേടി കണ്ടെത്തി. കീഴടങ്ങി. എപ്പോഴും കഥയുടെ സത്യത്തെ സേവിക്കാന്‍ തയ്യാറായി. കഥ പറച്ചിലിന്റെ ആഴം മാത്രമല്ല, ഈ യാത്രയെ അര്‍ത്ഥവത്താക്കാന്‍ ഉടനീളം എന്നെ പിന്തുണച്ചൊരു നിര്‍മാതാവിനേയും ഇതിലൂടെ ഞാന്‍ കണ്ടെത്തി.

ഞങ്ങളുടെ യാത്ര ദീര്‍ഘ സംഭാഷണങ്ങളിലും പരസ്പര വിശ്വാസത്തിലും ഊന്നിയുള്ളതായിരുന്നു. ഞങ്ങളേക്കാളും ഒരുപാട് ഉന്നതയമായ ഒന്നില്‍ ഞങ്ങള്‍ വിശ്വസിച്ചു. ഞങ്ങള്‍ക്കിടയിലെ വിശ്വാസത്തിലും കലയിലും, പങ്കിട്ട സൗഹൃദത്തിലും എനിക്ക് അതിയായ കൃതജ്ഞതയുണ്ട്. ക്യാമറ റോള്‍ ചെയ്യുന്നത് അവസാനിച്ചാലും അദ്ദേഹം ദീര്‍ഘനേരം എനിക്കൊപ്പമിരിക്കുമായിരുന്നു. ജന്മദിനാശംസകള്‍ യഷ്', ഗീതുവിന്റെ വാക്കുകൾ.

എന്നാൽ ടീസർ പുറത്തുവന്നതിന് പിന്നാലെ അതിലെ ഉള്ളടക്കത്തിന്റെ പേരിൽ വലിയ വിമർശനങ്ങൾ ആണ് ഗീതു മോഹൻദാസിന് ലഭിക്കുന്നത്. സ്ത്രീ ശരീരങ്ങളെ വില്‍പനച്ചരക്കായി തന്നെ ഗീതു മോഹന്‍ദാസും അവതരിപ്പിച്ചിരിക്കുന്നു എന്നാണ് ഉയരുന്ന വിമര്‍ശനം. മാസ് ആക്ഷന്‍ സിനിമകളില്‍ നായകനെ അവതരിപ്പിക്കാന്‍ ഉപയോഗിക്കുന്ന മസാല ടെക്സിനിക്കുകള്‍ തന്നെ ഗീതു മോഹന്‍ദാസും പയറ്റിയിരിക്കുന്നു എന്നാണ് വിമര്‍ശിക്കുന്നവര്‍ പറയുന്നത്. ഗീതു മോഹൻദാസിൽ നിന്നും ഇത്തരമൊരു സിനിമയല്ല പ്രതീക്ഷിച്ചതെന്നും കമന്റുകൾ ഉയരുന്നുണ്ട്. സന്ദീപ് റെഡ്‌ഡി വാങ്ക സിനിമയുടെ ടീസർ പോലെ തോന്നുന്നു എന്നും കമന്റുകളുണ്ട്. സിനിമയിലെ സ്ത്രീവിരുദ്ധ ആഖ്യാനങ്ങള്‍ക്കെതിരെ സംവിധായിക നേരത്തെ സ്വീകരിച്ച നിലപാടുകള്‍ കൂടി ചിലര്‍ എടുത്തു പറയുന്നുണ്ട്.

മാർച്ച് 19 നാണ് ടോക്സിക് തിയേറ്ററുകളിലെത്തുക. സിനിമ ഒരേസമയം കന്നഡയിലും ഇംഗ്ലീഷിലുമാണ് ഒരുങ്ങുന്നത്. ടോക്സിക് പറയുന്ന കഥയ്ക്ക് ആഗോള സ്വഭാവമുളളതിനാൽ ഇതൊരു പാൻ വേൾഡ് സിനിമയായാണ് ഒരുക്കിയിരിക്കുന്നത് എന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു. ഇതിനാലാണ് കന്നഡയിലും ഇംഗ്ലീഷിലും ഒരേസമയം ചിത്രീകരിക്കുന്നത് എന്നാണ് റിപ്പോർട്ട്. മാത്രല്ല മറ്റ് ഇന്ത്യൻ ഭാഷകളിലേക്ക് സിനിമ ഡബ് ചെയ്യുമെന്ന വിവരവുമുണ്ട്.

Content Highlights: Geetu mohandas about Yash and Toxic movie

dot image
To advertise here,contact us
dot image