ഈ പണി ദളപതി ഇപ്പോ തുടങ്ങിയതല്ല!; വിജയ് അഭിനയിച്ച് ഹിറ്റടിച്ച 9 തെലുങ്ക് റീമേക്ക് സിനിമകൾ; ജനനായകൻ എന്താകും?

വീണ്ടും ഒരു തെലുങ്ക് റീമേക്കുമായി വിജയ് എത്തുമ്പോൾ വിജയം ആവർത്തിക്കും എന്നാണ് ആരാധകർ പറയുന്നത്

ഈ പണി ദളപതി ഇപ്പോ തുടങ്ങിയതല്ല!; വിജയ് അഭിനയിച്ച് ഹിറ്റടിച്ച 9 തെലുങ്ക് റീമേക്ക് സിനിമകൾ; ജനനായകൻ എന്താകും?
dot image

വിജയ് നായകനായി എത്തുന്ന ജനനായകൻ പൊങ്കൽ റിലീസായി ജനുവരി 9 ന് റിലീസിന് ഒരുങ്ങുകയാണ്. തെലുങ്കിൽ ബാലയ്യ നായകനായി പുറത്തിറങ്ങിയ ഭഗവന്ത് കേസരിയുടെ തമിഴ് റീമേക്ക് ആണ് ജനനായകൻ. സിനിമയുടെ ട്രെയ്‌ലർ പുറത്തുവന്ന നാൾ മുതൽ സമ്മിശ്ര പ്രതികരണങ്ങൾ ആണ് ജനനായകന് ലഭിക്കുന്നത്. അവസാന ചിത്രമായി വിജയ് ഒരു റീമേക്ക് സിനിമ ചെയ്യേണ്ടിയിരുന്നില്ല എന്നാണ് കമന്റുകൾ. എന്നാൽ ഇത് ആദ്യമായി അല്ല വിജയ് ഒരു തെലുങ്ക് ചിത്രം റീമേക്ക് ചെയ്യുന്നത്.

1998 ൽ കെ സെൽവ ഭാരതിയുടെ സംവിധാനത്തിൽ പുറത്തുവന്ന വിജയ് ചിത്രമാണ് 'നിനൈത്തേൻ വന്താൻ'. ഒരു മ്യൂസിക്കൽ കോമഡി ചിത്രമായി പുറത്തിറങ്ങിയ ചിത്രം കെ രാഘവേന്ദ്ര റാവു ഒരുക്കിയ തെലുങ്ക് ചിത്രം 'പെല്ലി സൻഡഡി'യുടെ റീമേക്ക് ആയിരുന്നു. ശ്രീകാന്ത്, റവലി, ദീപ്തി ഭട്‌നാഗർ എന്നിവർ അഭിനയിച്ച സിനിമയ്ക്കായി സംഗീതം ഒരുക്കിയ എം എം കീരവാണി ആയിരുന്നു. ഹിറ്റ് കോമ്പോ ആയ വിജയ്, സിമ്രാൻ ഒന്നിച്ചെത്തിയ സിനിമ ആയിരുന്നു 'പ്രിയമാനവളെ'. കെ സെൽവ ഭാരതി ഒരുക്കിയ സിനിമ വലിയ വിജയമാണ് ബോക്സ് ഓഫീസിൽ നിന്നും നേടിയത്. ഈ ചിത്രം വെങ്കടേഷ് നായകനായി എത്തിയ തെലുങ്ക് ചിത്രം 'പവിത്ര ബന്ധ'ത്തിന്റെ റീമേക്ക് ആയിരുന്നു. മുത്യാല സുബ്ബയ്യ സംവിധാനം ചെയ്ത പവിത്ര ബന്ധത്തിൽ സൗന്ദര്യ ആണ് നായികയായി എത്തിയത്.

പി എ അരുൺ പ്രസാദ് സംവിധാനം ചെയ്തു വിജയ്, വിവേക്, ഭൂമിക എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ സിനിമയാണ് 'ബദ്രി'. ഒരു ആക്ഷൻ ഡ്രാമ സിനിമയായി ഒരുങ്ങിയ സിനിമ വലിയ വിജയമാണ് നേടിയത്. സംവിധായകന്റെ തന്റെ തെലുങ്ക് ചിത്രമായ 'തമ്മുഡു'വിന്റെ തമിഴ് റീമേക്ക് ആയിരുന്നു ഈ വിജയ് ചിത്രം. പവൻ കല്യാൺ ആയിരുന്നു തെലുങ്ക് പതിപ്പിൽ നായകനായി എത്തിയത്.

വിൻസെന്റ് സെൽവ ഒരുക്കി വിജയ് നായകനായി എത്തിയ റൊമാന്റിക് കോമഡി ചിത്രമാണ് 'യൂത്ത്'. മികച്ച പ്രതികരണം നേടിയ സിനിമ ബോക്സ് ഓഫീസിലും മികച്ച വിജയം കാഴ്ചവെച്ചിരുന്നു. വേണു തോട്ടെംപുടി നായകനായി എത്തിയ 'ചിരുനവ്വുതോ' എന്ന സിനിമയുടെ റീമേക്ക് ആയിരുന്നു യൂത്ത്.

കെ സെൽവ ഭാരതിയുടെ സംവിധാനത്തിൽ വിജയ് നായകനായി 2003 ൽ പുറത്തിറങ്ങിയ സിനിമയാണ് 'വസീഗര'. സ്നേഹ, വടിവേലു തുടങ്ങിയവർ കേന്ദ്ര കഥാപാത്രമായി എത്തിയ സിനിമ വലിയ വിജയമായിരുന്നു. വെങ്കടേഷ് നായകനായി എത്തിയ തെലുങ്ക് ചിത്രം 'നുവ്വു നാക്കു നച്ചാവ്' എന്ന സിനിമയുടെ റീമേക്ക് ആയിരുന്നു വസീഗര. ത്രിവിക്രം തിരക്കഥ എഴുതിയ സിനിമ ഒരുക്കിയത് കെ. വിജയ ഭാസ്‌കർ ആയിരുന്നു.

വിജയ്‌യുടെ റൊമാന്റിക് കോമഡി സിനിമയാണ് 'സച്ചിൻ'. ജെനീലിയ നായികയായി എത്തിയ സിനിമയ്ക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. സിനിമയിലെ ഗാനങ്ങൾക്കും നിറയെ ആരാധകരുണ്ട്. 'നീത്തോ' എന്ന തെലുങ്ക് സിനിമയുടെ റീമേക്ക് ആണ് സച്ചിൻ. രണ്ട് സിനിമകളും സംവിധാനം ചെയ്തത് ജോൺ മഹേന്ദ്രൻ തന്നെയാണ്. പ്രകാശ് കോവെലമുടി, മഹെക് ചാഹൽ എന്നിവരാണ് തെലുങ്ക് പതിപ്പിൽ പ്രധാന വിഷത്തിൽ എത്തിയത്.

വിജയ്‌യുടെ എക്കാലത്തെയും മികച്ച വിജയമായി കണക്കാക്കപ്പെടുന്ന സിനിമയാണ് 'ഗില്ലി'. ധരണി ഒരുക്കിയ സിനിമയിൽ തൃഷ ആണ് വിജയ്‌യുടെ നായികയായി എത്തിയത്. മികച്ച വിജയം നേടിയ സിനിമയ്ക്ക് ഇന്നും നിറയെ ആരാധകരുണ്ട്. മഹേഷ് ബാബു നായകനായി എത്തിയ 'ഒക്കഡു' എന്ന സിനിമയുടെ റീമേക്ക് ആയിരുന്നു ഗില്ലി. ഭൂമിക ചൗള ആണ് തെലുങ്ക് പതിപ്പിൽ നായികയായി എത്തിയത്. വിജയ്‌യുടെ കരിയറിൽ വലിയ വഴിത്തിരിവുണ്ടാക്കിയ സിനിമയാണ് ഗില്ലി.

രമണയുടെ സംവിധാനത്തിൽ വിജയ് നായകനായി 2006 ൽ പുറത്തിറങ്ങിയ സിനിമയാണ് 'ആദി'. ഒരു ആക്ഷൻ ത്രില്ലർ ചിത്രമായി ഒരുങ്ങിയ ഈ സിനിമ കല്യാൺ റാം നായകനായി എത്തിയ 'അതനൊക്കടെ' എന്ന സിനിമയുടെ റീമേക്ക് ആണ്. സുരേന്ദർ റെഡ്‌ഡി തിരക്കഥയൊരുക്കി സംവിധാനം ചെയ്ത തെലുങ്ക് ചിത്രം വലിയ വിജയം നേടിയിരുന്നു.

വിജയ്‌യുടെ കരിയറിലെ ഏറ്റവും വലിയ ഹിറ്റ് സിനിമകളിൽ ഒന്നാണ് പോക്കിരി. പ്രഭുദേവ ഒരുക്കിയ സിനിമ വലിയ വിജയമാണ് നേടിയത്. പ്രകാശ് രാജ്, അസിൻ, വടിവേലു എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയ സിനിമ വലിയ കളക്ഷൻ ആണ് നേടിയത്. മഹേഷ് ബാബു ചിത്രം പോക്കിരിയുടെ തമിഴ് പതിപ്പാണ് ഈ വിജയ് ചിത്രം. പുരി ജഗന്നാഥ്‌ ഒരുക്കിയ ഈ തെലുങ്ക് പതിപ്പിൽ ഇല്യാന, പ്രകാശ് രാജ്, നാസർ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയിരുന്നു. മഹേഷ് ബാബുവിന്റെ കരിയറിലെ വഴിത്തിരിവുകളിൽ ഒന്നാണ് പോക്കിരി.

വീണ്ടും ഒരു തെലുങ്ക് റീമേക്കുമായി വിജയ് എത്തുമ്പോൾ വിജയം ആവർത്തിക്കും എന്നാണ് ആരാധകർ പറയുന്നത്. വിജയ്‌ക്കൊപ്പം പൂജ ഹെഗ്‌ഡെ, മമിത ബൈജു, ബോബി ഡിയോൾ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി, മമിതാ ബൈജു തുടങ്ങി വമ്പൻ താരനിരയാണ് ജനനായകനിൽ അണിനിരക്കുന്നത്. കെ വി എൻ പ്രൊഡക്ഷന്റെ ബാനറിൽ വെങ്കട്ട് നാരായണ നിർമിക്കുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കുന്നത് അനിരുദ്ധ് രവിചന്ദർ ആണ്.

Content Highlights: Actor Vijay's nine telugu remake films before jana nayagan

dot image
To advertise here,contact us
dot image