

കൊച്ചി: മന്നം സമാധിയിലെ പുഷ്പാർച്ചന വിവാദത്തിൽ ജി സുകുമാരൻ നായരെ തള്ളി എൻഎസ്എസ് കോളേജുകളുടെ മുൻ മാനേജരായ എം ആർ ഉണ്ണി. പശ്ചിമ ബംഗാൾ ഗവർണറായ സി വി ആനന്ദബോസിന് പുഷ്പാർച്ച നടത്താൻ സുകുമാരൻ നായർ അനുമതി നൽകിയിരുന്നില്ല എന്നും അതുകൊണ്ടാണ് അദ്ദേഹം പുഷ്പാർച്ചന നടത്താതെ പോയത് എന്നും തന്നോട് മുൻ എൻഎസ്എസ് രജിസ്ട്രാർ ടി എൻ സുരേഷ് പറഞ്ഞിരുന്നുവെന്ന് എം ആർ ഉണ്ണി പറഞ്ഞു. ആനന്ദബോസ് പരാമർശിച്ച ദിവസം താൻ അവിടെ ഉണ്ടായിരുന്നുവെന്നും അതിന് സാക്ഷിയായിരുന്നുവെന്നും ഉണ്ണി വെളിപ്പെടുത്തി.
ഡല്‍ഹിയില്‍ നടന്ന മന്നം അനുസ്മരണ പരിപാടിയില്‍ സംസാരിക്കുന്നതിനിടെയായിരുന്നു ആനന്ദബോസ് എന്‍എസ്എസ് നേതൃത്വത്തിനെതിരെ ആഞ്ഞടിച്ചത്. തനിക്ക് വളരെ സങ്കടകരമായ ഒരു അനുഭവമുണ്ടായെന്നും അത് തുറന്നുപറയാന്‍ ആഗ്രഹിക്കുന്നുവെന്നും പറഞ്ഞായിരുന്നു ആനന്ദബോസ് എന്‍എസ്എസ് നേതൃത്വത്തിനെതിരെ തിരിഞ്ഞത്.
മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന അനുവദിക്കാത്ത അനുഭവം ഉണ്ടായി എന്നാണ് ആനന്ദബോസ് നേരത്തെ പറഞ്ഞത്. ഗവര്‍ണറായി ചുമതലയേല്‍ക്കുന്നതിന് മുന്‍പായി പുഷ്പാര്‍ച്ചനയ്ക്ക് എത്തിയപ്പോഴായിരുന്നു അവഗണന നേരിടേണ്ടിവന്നത്. എല്ലാ നായന്മാര്‍ക്കും അവകാശപ്പെട്ടതാണ് മന്നത്ത് സ്മാരകം. താനൊരു കരയോഗം നായരാണ്. പെരുന്നയില്‍ താൻ പോകുന്നത് ഗേറ്റ്കീപ്പറെ കാണാനല്ലെന്നും ആനന്ദബോസ് പറഞ്ഞിരുന്നു.
എന്നാൽ, ആനന്ദബോസിന്റെ ഈ പ്രസ്താവനയെ സുകുമാരൻ നായർ തള്ളുകയായിരുന്നു. പുഷ്പാര്‍ച്ചന നടത്തണമെന്ന് ആനന്ദബോസ് ആവശ്യപ്പെട്ടിട്ടില്ല എന്നായിരുന്നു സുകുമാരന്‍ നായര്‍ വിശദീകരിച്ചത്. ഈ വാദത്തിന്റെ മുനയൊടിക്കുന്നതാണ് ഉണ്ണിയുടെ വെളിപ്പെടുത്തൽ.
Content Highlights: Former manager of nss colleges against sukumaran nair on pushparchana row ananda bose