

മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവൽ മികച്ച പ്രതികരണങ്ങൾ നേടി മുന്നേറുകയാണ്. സിനിമയിൽ നിരവധി നായിക കഥാപാത്രങ്ങൾ ഉണ്ട്. സിനിമയിൽ വളരെ പ്രധാനപ്പെട്ട വേഷം ചെയ്‌തെ നടിയാണ് ഗായത്രി അരുൺ. കളങ്കാവലിന് മുൻപ് മറ്റൊരു മമ്മൂട്ടി ചിത്രത്തിൽ വിളിച്ചിരുന്നുവെന്നും എന്നാൽ സിനിമയുടെ അവസാന ഘട്ടത്തില്‍ ചിത്രത്തില്‍ നിന്നും മാറ്റിയതായും ഗായത്രി പറഞ്ഞു. പിന്നീട് തന്നെ കളങ്കാവലിലേക്കാണ് വിളിച്ചതെന്നും ഗായത്രി പറഞ്ഞു. മൂവി വേൾഡ് മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
‘കളങ്കാവലിന് മുമ്പ് മമ്മൂക്കയുടെ മറ്റൊരു ചിത്രത്തിലേക്ക് വിളിച്ചിരുന്നു. പക്ഷേ ചിത്രത്തില്‍ ആ കഥാപാത്രത്തിന് റെലവെന്‍സില്ലെന്ന് പറഞ്ഞ് എന്റെ വേഷം ഒഴിവാക്കി. ഏകദേശം എല്ലാം പൂര്‍ത്തിയായി അവസാന ഘട്ടത്തില്‍ എത്തിയ അവസരത്തിലായിരുന്നു ചിത്രത്തില്‍ നിന്നും മാറ്റിയത്. അത് മമ്മൂട്ടിക്കമ്പനിയുടെ തന്നെ പ്രൊജക്ടായിരുന്നു. പിന്നീട് ഇതിലേക്കാണ് എന്നെ വിളിക്കുന്നത്.

ഇരുപതിലധികം നായികമാരുണ്ടെങ്കിലും ഓരോരുത്തര്‍ക്കും അവരുടെതായ പ്രാധാന്യം ചിത്രത്തിലുണ്ട്. വീണ്ടും മമ്മൂട്ടി കമ്പനി എന്നെ മറക്കാതെ ചിത്രത്തിലേക്ക് വിളിച്ചപ്പോള്‍ സന്തോഷം തോന്നി. 'വണ്‍' എന്ന മമ്മൂക്ക ചിത്രത്തിലേക്ക് വിളിച്ചപ്പോള്‍ അതിലെ സംവിധായകന്‍ പ്രത്യേകം പറഞ്ഞിരുന്നു, ഞാന്‍ തന്നെ ആ കഥാപാത്രം ചെയ്യണമെന്ന് അദ്ദേഹത്തിന് ആഗ്രഹമുണ്ടായിരുന്നുവെന്ന്. ഇതെല്ലാം കേള്‍ക്കുമ്പോള്‍ ഒരുപാട് സന്തോഷം തോന്നാറുണ്ട്,’ ഗായത്രി പറഞ്ഞു.
അതേസമയം, കളങ്കാവൽ റെക്കോർഡുകൾ തകർത്ത് മുന്നേറുകയാണ്. റിലീസ് ചെയ്ത് നാലു ദിനം കൊണ്ടാണ് ചിത്രം ആഗോള ഗ്രോസ് ആയി 50 കോടി പിന്നിട്ടത്. ഏറ്റവും വേഗത്തിൽ 50 കോടി ക്ലബിൽ ഇടം പിടിച്ച മമ്മൂട്ടി ചിത്രമെന്ന റെക്കോർഡും ഇതിലൂടെ കളങ്കാവൽ സ്വന്തമാക്കി. ഭീഷ്മപർവം, കണ്ണൂർ സ്‌ക്വാഡ്, ഭ്രമയുഗം, ടർബോ എന്നീ ചിത്രങ്ങൾക്ക് ശേഷം 50 കോടി ക്ലബിൽ ഇടം പിടിച്ച മമ്മൂട്ടി ചിത്രം കൂടിയാണ് കളങ്കാവൽ. ജിഷ്ണു ശ്രീകുമാറും ജിതിൻ കെ ജോസും ചേർന്ന് തിരക്കഥ രചിച്ച കളങ്കാവൽ, മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിച്ച ഏഴാമത്തെ ചിത്രം കൂടിയാണ്.
Content Highlights: Gayathri on the stalled Mammootty film