

മോഹൻലാലിനെ നായകനാക്കി മേജർ രവി പുതിയ സിനിമ ഒരുക്കുന്നു എന്ന റിപ്പോർട്ടുകൾ കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്നിരുന്നു. ഓപ്പറേഷൻ സിന്ദൂറിന്റെ പശ്ചാത്തലത്തിലാണ് ഈ സിനിമ ഒരുങ്ങുന്നതെന്നാണ് റിപ്പോർട്ട്. ഇപ്പോഴിതാ മോഹൻലാലിനെക്കുറിച്ചും അദ്ദേഹത്തിന്റെ ആരാധകരെക്കുറിച്ചും മേജർ രവി മുൻപ് പറഞ്ഞ വാക്കുകൾ വീണ്ടും ചർച്ചയാകുകയാണ്.
താൻ മോഹൻലാലിനെ വെച്ച് ജീവിക്കുന്ന ആളല്ല അദ്ദേഹത്തിന് വേണ്ടി ജീവിക്കുന്നവനാണ് എന്ന് മേജർ രവി പറഞ്ഞിരുന്നു. മോഹൻലാലിനെ താങ്ങി നടന്നത് കൊണ്ട് തനിക്കൊന്നും കിട്ടാനില്ല. താൻ ജീവിക്കുന്നത് തന്റേതായ വരുമാനത്തിലാണ് എന്നും അദ്ദേഹം പറഞ്ഞിരുന്നു. ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിന് മുൻപ് നൽകിയ അഭിമുഖത്തിലായിരുന്നു മേജർ രവി ഇക്കാര്യം പറഞ്ഞത്. 'മോഹൻലാൽ ഫാൻസിൽ ഒരാൾ ആനപ്പുറത്ത് നിന്ന് വീണ് നട്ടെല്ല് ഒടിഞ്ഞ് കിടന്നപ്പോൾ ഞാൻ ആണ് ഏറ്റവും കൂടുതൽ ഡൊണേഷൻ കൊടുത്തത്. ബാക്കിയുള്ളവർ അയ്യായിരവും രണ്ടായിരവും കൊടുത്തപ്പോൾ ഞാൻ അമ്പതിനായിരം ആണ് കൊടുത്തത്. ആ സമയത്തെല്ലാം മോഹൻലാൽ ഫാൻസ് എന്നെ എയറിൽ കയറ്റി നിർത്തിയിരിക്കുകയായിരുന്നു. 'ഇയാൾ ആരാണ് മോഹൻലാലിന് വേണ്ടി സംസാരിക്കാൻ എന്നാണ് അവർ പറഞ്ഞത്'. വിവരമില്ലായ്മ എന്ന് മാത്രമേ ഞാൻ പറയൂ. മോഹൻലാലിനെ താങ്ങി നടന്നത് കൊണ്ട് എനിക്കൊന്നും കിട്ടാനില്ല. ഞാൻ ജീവിക്കുന്നത് എന്റേതായ വരുമാനത്തിലാണ്. ഞാൻ അദ്ദേഹത്തിനെ വെച്ച് ജീവിക്കുന്നതല്ല അദ്ദേഹത്തിന് വേണ്ടി ജീവിക്കുന്നയാളാണ്. അത് ഫാൻസ് മനസിലാക്കണം'. എന്നായിരുന്നു മേജർ രവിയുടെ പ്രതികരണം.
ഓപ്പറേഷൻ സിന്ദൂറിനെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന ഈ സിനിമയിൽ മോഹൻലാൽ മേജർ മഹാദേവൻ ആയി തിരികെ എത്തുമെന്നാണ് റിപ്പോർട്ട്. വമ്പൻ ബജറ്റിൽ ഒരുങ്ങുന്ന സിനിമയ്ക്കായി പല ഇൻഡസ്ട്രിയിൽ നിന്നുള്ള ഗംഭീര ടെക്‌നിഷ്യൻസ് ഒന്നിക്കുന്നു എന്നും സൂചനകളുണ്ട്. പേട്ട, 24 , ജനത ഗാരേജ്, മരക്കാർ തുടങ്ങിയ സിനിമകൾക്കായി കാമറ ചലിപ്പിച്ച എസ് തിരു ആണ് ഈ മേജർ രവി-മോഹൻലാൽ സിനിമയുടെ ഛായാഗ്രഹണം നിർവഹിക്കുക. അനിമൽ എന്ന സിനിമയ്ക്കായി സംഗീതം ഒരുക്കിയ ഹർഷവർദ്ധൻ രാമേശ്വർ ആണ് സിനിമയുടെ മ്യൂസിക് ഡയറക്ടർ എന്നും റിപ്പോർട്ടുണ്ട്. എന്നാൽ ഇതിനെപ്പറ്റിയുള്ള ഔദ്യോഗിക സ്ഥിരീകരണം മേജർ രവിയുടെയും മോഹൻലാലിൻ്റെയും ഭാഗത്തിനിന്ന് വന്നിട്ടില്ല.
Content Highlights: Major ravi about Mohanlal and his fans