

തിരുവനന്തപുരം: വിവിധ ആവശ്യങ്ങള്‍ മുന്‍നിര്‍ത്തിയുള്ള സമരം ശക്തമാക്കാന്‍ മെഡിക്കല്‍ കോളേജ് അധ്യാപകരുടെ സംഘടനയായ കെജിഎംസിടിഎ. ഈ മാസം 13ാം തീയ്യതി സമ്പൂര്‍ണ പണിമുടക്ക് നടത്താനാണ് തീരുമാനം. അടിയന്തര സേവനങ്ങള്‍ ഒഴികെ എല്ലാ സേവനങ്ങളില്‍ നിന്നും വിട്ട് നില്‍ക്കും. ആവശ്യങ്ങളില്‍ ഒരു തരത്തിലും ആരോഗ്യവകുപ്പ് വഴങ്ങാതായതോടെയാണ് സമ്പൂര്‍ണ പണിമുടക്കിലേക്ക് പോകുന്നത്.
നേരത്തെ മൂന്ന് തവണ ഒ പി ബഹിഷ്‌കരിച്ച് കൊണ്ടുള്ള സമരം മെഡിക്കല്‍ കോളേജുകളില്‍ ഡോക്ടര്‍മാര്‍ നടത്തിയിരുന്നു. എന്നാല്‍ ഇതില്‍ ഒരു പ്രതികരണവും ആരോഗ്യവകുപ്പ് പ്രവര്‍ത്തകരില്‍ നിന്നുണ്ടായിട്ടില്ല. ഇതേ തുടര്‍ന്നാണ് സമ്പൂര്‍ണ ബഹിഷ്‌കരണം നടപ്പാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഇതുമൂലം ജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടിന്‍റെ പൂര്‍ണ ഉത്തരവാദിത്വം സര്‍ക്കാരിനായിരിക്കുമെന്നും സംഘടന പറഞ്ഞു.
വിഷയത്തില്‍ ഉടന്‍ പരിഹാരം കണ്ടില്ലെങ്കില്‍ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങുമെന്നും സമരത്തിലേക്ക് കടക്കാന്‍ സംഘടന നിര്‍ബന്ധിതരാകും എന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ശമ്പള പരിഷ്‌കരണ കുടിശ്ശിക വിതരണം ചെയ്യുന്നത് ഉള്‍പ്പെടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം നടത്തുന്നത്.
സംഘടന വിവിധ സമയങ്ങളില്‍ ഉന്നയിച്ച ഒരു ആവശ്യവും സര്‍ക്കാര്‍ അംഗീകരിച്ചില്ലെന്ന് കെജിഎംസിടിഎ സംസ്ഥാന പ്രസിഡന്റ് റോസ്‌നാര ബീഗം റിപ്പോര്‍ട്ടറിനോട് പറഞ്ഞു. കഴിഞ്ഞ അഞ്ച് വര്‍ഷമായി ശമ്പള കുടിശികയ്ക്കും സ്റ്റാഫ് പെന്‍ഷന്‍ ശരിയാക്കാനുമെല്ലാം ആവശ്യപ്പെട്ടിരുന്നു. ഇതില്‍ തീരുമാനമാകാത്തതാണ് സമരത്തിലേക്ക് പോകുന്നതെന്ന് അവര്‍ പറഞ്ഞു.
'മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥികളെ പഠിപ്പിക്കാനുണ്ട്. അവര്‍ നമ്മളോടാണ് ചോദിക്കുന്നത്. അധിക ജോലിഭാരമുണ്ട്. കുട്ടികളെ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇവരെയെല്ലാം മുന്നോട്ട് കൊണ്ടുപോകേണ്ടത് ഞങ്ങളുടെ ഉത്തരവാദിത്തമായി മാറി. നാല് വര്‍ഷത്തിന് മേലെ ശമ്പള കുടിശികയുണ്ട്. ഔദ്യോഗികമായി ഒരു ചര്‍ച്ചയ്ക്കും വിളിച്ചിട്ടില്ല. ആദ്യത്തെ സമരത്തിന്റെ പിറ്റേ ദിവസം ആരോഗ്യവകുപ്പിന്റെ അഡീഷണല്‍ ചീഫ് സെക്രട്ടറി ഒരു യോഗം വിളിച്ചിരുന്നു. അതിന്റെ മിനുറ്റ്‌സ് പോലും നമുക്ക് കിട്ടിയിട്ടില്ല. അതിന് ശേഷം അനൗപചാരികമായി ഞങ്ങള്‍ അങ്ങോട്ട് പോയി സംസാരിച്ചതല്ലാതെ ഔദ്യോഗികമായി യോഗത്തിന് ക്ഷണിച്ചില്ല. 13ാം തീയ്യതി എല്ലാം നിര്‍ത്തും. ഒരു ദിവസത്തേക്കാണ് തീരുമാനിച്ചത്. 13ാം തീയ്യതി വരെ സര്‍ക്കാരിന് തീരുമാനമെടുക്കാന്‍ സമയമുണ്ട്', റോസ്‌നാര ബീഗം പറഞ്ഞു.
Content Highlights: KGMCTA announce General strike in Medical Colleges across Kerala