

ഓസീസിനെതിരായ നാലാം ടി 20 യിലും മലയാളി താരം സഞ്ജു സാംസണിനെ പുറത്തിരുത്തിയതിനെ ന്യായീകരിച്ച് ഇന്ത്യൻ മുൻ പേസർ സഹീർ ഖാൻ. സഞ്ജുവിന് പ്രായമായി, പോരാത്തതിന് മൂന്ന് സെഞ്ച്വറികൾ മാറ്റി നിർത്തിയാൽ സ്ഥിരതയുള്ള പ്രകടനം സഞ്ജുവിൽ നിന്നുണ്ടാകുന്നില്ലെന്നും സഹീർ പറഞ്ഞു.
സഞ്ജുവിനെ മാറ്റി ഓപ്പണിങ്ങിൽ വൈസ് ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിനെ പ്രതിഷ്ഠിച്ചതിനെയും സഹീർ പിന്തുണച്ചു. ഗില്ലിനെ അടുത്ത ഓള്‍ ഫോര്‍മാറ്റ് ക്യാപ്റ്റനായി വളര്‍ത്തിയെടുക്കാനാണ് ബി സി സി ഐ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അതുകൊണ്ടു തന്നെ അദ്ദേഹത്തിന് ഇടം നല്‍കിയേ തീരൂ. ചെറിയ കാലത്തേക്ക് നോക്കുമ്പോള്‍ ഇത് ചിലപ്പോള്‍ വെല്ലവിളി സൃഷ്ടിച്ചേക്കാം. എന്നാല്‍ ദീര്‍ഘകാലത്തേക്കാണ് പ്ലാനിങ്ങെങ്കില്‍ കാര്യങ്ങളെല്ലാം പ്രതീക്ഷിച്ചത് പോലെ വന്നാല്‍ അതു ടീമിനു ഗുണം ചെയ്യുമെന്നും മുൻ പേസർ കൂട്ടിച്ചേർത്തു.
നേരത്തെ ഏഷ്യ കപ്പ് മുതൽ സഞ്ജുവിന് പകരം ഓപ്പണിങ്ങിൽ തിരിച്ചെത്തിയ ഗില്ലിന് ഇതുവരെ തിളങ്ങാനായിരുന്നില്ല. ഒടുവിൽ നാലാം ടി 20 യിലാണ് ഭേദപ്പെട്ട പ്രകടനം നടത്തിയത്.
അതേ സമയം ഓസീസിനെതിരെയുള്ള അഞ്ചാമത്തേയും അവസാനത്തെയും ടി 20 യിലും സഞ്ജു പുറത്തിറക്കാൻ തന്നെയാണ് സാധ്യത. സഞ്ജുവിന് പകരം മൂന്നാം ടി 20 യിലെത്തി ഭേദപ്പെട്ട പ്രകടനം നടത്തിയ ജിതേഷ് ഇന്നലത്തെ നാലാം ടി 20 യിൽ തിളങ്ങിയില്ലെങ്കിൽ കൂടി വിന്നിംഗ് ടീമിനെ പൊളിക്കാൻ സാധ്യത ഇല്ലാത്തതിനാൽ സഞ്ജുവിന്റെ സാധ്യത വളരെ കുറവാണ്. അങ്ങനെയെങ്കിൽ രണ്ടാം ടി 20 മത്സരത്തിലെ ഒറ്റ ഫോം ഔട്ട് ഒരു പരമ്പര തന്നെ സഞ്ജുവിന് നഷ്ടമാക്കി എന്ന് പറയേണ്ടി വരും.
അതേ സമയം ഓസ്ട്രേലിയയ്ക്കെതിരായ നാലാം ട്വന്റി 20യിൽ ഇന്ത്യ തകർപ്പൻ വിജയമാണ് നേടിയത്. 48 റൺസിനായിരുന്നു ഇന്ത്യൻ ജയം. മത്സരത്തിൽ ടോസ് നേടിയ ഓസ്ട്രേലിയ ഇന്ത്യയെ ബാറ്റിങ്ങിനയച്ചു. ആദ്യ ബാറ്റിങ്ങിൽ നിശ്ചിത 20 ഓവറിൽ ഇന്ത്യ എട്ട് വിക്കറ്റ് നഷ്ടത്തിൽ 167 റൺസെടുത്തു. മറുപടി പറഞ്ഞ ഓസ്ട്രേലിയ 18.2 ഓവറിൽ 119 റൺസിൽ എല്ലാവരും പുറത്തായി.
ജയത്തോടെ അഞ്ച് മത്സരങ്ങളുടെ ട്വന്റി 20 പരമ്പരയിൽ ഇന്ത്യ 2-1ന് മുന്നിലെത്തി. പരമ്പരയിലെ ആദ്യ മത്സരം മഴമൂലം ഉപേക്ഷിച്ചിരുന്നു. ഇന്ന് ഇന്ത്യ വിജയിച്ചതോടെ ശനിയാഴ്ച നടക്കുന്ന അവസാന മത്സരം ഓസ്ട്രേലിയയ്ക്ക് നിർണായകമായി. അന്ന് വിജയിക്കാനായാൽ ഓസ്ട്രേലിയയ്ക്ക് പരമ്പര സമനിലയിലാക്കാം. മറിച്ചാണ് ഫലമെങ്കിൽ ഓസീസ് മണ്ണിൽ ഇന്ത്യയ്ക്ക് ട്വന്റി 20 പരമ്പര സ്വന്തമാക്കാം.
Content Highlights: zaheer khan criticize sanju samson and support gill