ഇത്തവണ എങ്കിലും പറഞ്ഞ സമയത്ത് എത്തുമോ?; പുതിയ റിലീസ് ഡേറ്റുമായി മോഹൻലാലിന്റെ 'വൃഷഭ'

നിരവധി തവണ സിനിമയുടെ റിലീസ് തീയതി മാറ്റിവച്ചിരുന്നു

ഇത്തവണ എങ്കിലും പറഞ്ഞ സമയത്ത് എത്തുമോ?; പുതിയ റിലീസ് ഡേറ്റുമായി മോഹൻലാലിന്റെ 'വൃഷഭ'
dot image

ഈ വർഷത്തെ മോഹൻലാലിന്റെ അടുത്ത സൂപ്പർഹിറ്റായി ആരാധകർ കാത്തിരിക്കുന്ന ചിത്രമാണ് വൃഷഭ. ഇതുവരെ എത്തിയ സിനിമയുടെ അപ്ഡേറ്റുകൾക്കെല്ലാം ഗംഭീര പ്രതികരണമാണ് ലഭിച്ചിരുന്നത്. സിനിമയുടെ റിലീസ് തീയതിയെ സംബന്ധിച്ച ചില കൺഫ്യൂഷനുകൾ സോഷ്യൽ മീഡിയയിൽ ഉയർന്ന് കേട്ടിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ പുതിയ റിലീസ് തീയതിയുമായി എത്തിയിരിക്കുകയാണ് അണിയറപ്രവർത്തകർ.

ചിത്രം ആഗോള തലത്തിൽ ഡിസംബർ 25 ന് പുറത്തിറങ്ങുമെന്നാണ് അണിയറപ്രവർത്തകർ അറിയിച്ചിരിക്കുന്നത്. നേരത്തെ നവംബർ ആറിന് സിനിമ പുറത്തിറങ്ങുമെന്നാണ് അറിയിച്ചിരുന്നത്. നിരവധി തവണ സിനിമയുടെ റിലീസ് തീയതി മാറ്റിവച്ചിരുന്നു. സംവിധായകൻ നന്ദകിഷോർ ഒരുക്കുന്ന ഈ ബ്രഹ്മാണ്ഡ പാൻ ഇന്ത്യൻ ഇതിഹാസ ചിത്രം മലയാളം-തെലുങ്ക് ദ്വിഭാഷയായിട്ടാണ് ഒരുങ്ങുന്നത്. കൂടാതെ തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിലേക്കും ചിത്രം മൊഴിമാറ്റിയെത്തും.

ഏകദേശം 200 കോടി രൂപ ബജറ്റിൽ നിർമ്മിക്കുന്ന ഈ ചിത്രം ആക്ഷനും, പുരാണവും, വികാരങ്ങളും സമന്വയിപ്പിച്ച ഒരു ദൃശ്യവിരുന്നായിരിക്കും പ്രേക്ഷകർക്ക് സമ്മാനിക്കുക എന്നാണ് അണിയറപ്രവർത്തകർ നൽകുന്ന സൂചന. നന്ദകിഷോർ തന്നെയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. 2025 ൽ ഹിറ്റുകൾ വാരിക്കൂട്ടുന്ന മോഹൻലാലിൻറെ അടുത്ത വിജയമാകുമോ വൃഷഭ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.

മോഹൻലാലിന്റെ കരിയറിലെ ഏറ്റവും വലിയ സിനിമകളിലൊന്നായി 'വൃഷഭ' മാറുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. ഒരു ഇതിഹാസ കഥാപാത്രമായി മോഹൻലാൽ സ്ക്രീനിലെത്തുമ്പോൾ അതുണ്ടാക്കുന്ന ആവേശം ചെറുതല്ല. അതുകൊണ്ടുതന്നെ, മലയാള സിനിമലോകം മാത്രമല്ല, ഇന്ത്യൻ സിനിമലോകം മുഴുവൻ ഈ ചിത്രത്തിനായി ആകാംഷയോടെ കാത്തിരിക്കുകയാണ്. ശോഭ കപൂർ, എക്താ ആർ കപൂർ, സികെ പത്മകുമാർ, വരുൺ മാത്തൂർ, സൗരഭ് മിശ്ര, അഭിഷേക് വ്യാസ്, വിശാൽ ഗുർനാനി, ജൂഹി പരേഖ് മേത്ത എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ചിത്രത്തില്‍ ഇമോഷന്‍സിനും വിഎഫ്എക്സിനും ഒരുപോലെ പ്രാധാന്യം ഉണ്ടാകും.

Content Highlights: Mohanlal film Vrushaba release date out now

dot image
To advertise here,contact us
dot image