പാലക്കാട് 9 വയസ്സുകാരിയുടെ കൈമുറിച്ചുമാറ്റിയതിൽ ചികിത്സ പിഴവെന്ന ആരോപണം; വിദഗ്ധസമിതിയെ രൂപീകരിച്ച് സർക്കാർ

രണ്ടംഗ സമിതിയെയാണ് നിയോഗിച്ചത്

പാലക്കാട് 9 വയസ്സുകാരിയുടെ കൈമുറിച്ചുമാറ്റിയതിൽ ചികിത്സ പിഴവെന്ന ആരോപണം; വിദഗ്ധസമിതിയെ രൂപീകരിച്ച് സർക്കാർ
dot image

പാലക്കാട്: പാലക്കാട് ജില്ലാ ആശുപത്രിയിൽ ഒൻപതു വയസുകാരിയുടെ കൈ മുറിച്ച് മാറ്റിയ സംഭവത്തിൽ ചികിത്സാ പിഴവ് ഉണ്ടായോ എന്നറിയാൻ വിദഗ്ദ സമിതിയെ രൂപീകരിച്ച് സർക്കാർ. ഒന്നര മാസം മുൻപാണ് പല്ലശ്ശന സ്വദേശിനിയായ വിനോദിനിക്ക് വീണ് പരിക്കേറ്റതിനെ തുടർന്നുള്ള ചികിത്സക്കിടെ കൈ മുറിച്ച് മാറ്റേണ്ടി വന്നത്. ചികിത്സാപ്പിഴവ് ഉണ്ടായെന്ന് ആരോപിച്ച് കുടുംബം രംഗത്തെത്തിയിരുന്നു. ഒന്നര മാസത്തിനു ശേഷം ചികിത്സ പിഴവുണ്ടായോ എന്ന് കണ്ടെത്താൻ രണ്ടംഗ സമിതിയെയാണ് ആരോഗ്യ വകുപ്പ് നിയോഗിച്ചത്.

തിരുവനന്തപുരം മെഡിക്കൽ കോളജിലെ സർജറി വിഭാഗം മേധാവി ഡോ. നസിറുദ്ദീൻ, കൊല്ലം മെഡിക്കൽ കോളജിലെ ഓർത്തോ വിഭാഗം മേധാവി മനോജ് കുമാർ എന്നിവരാണ് സമിതിയിലുള്ളത്. 10 ദിവസത്തിനകം സർക്കാരിന് റിപ്പോർട്ട് നൽകാനാണ് നിർദ്ദേശം. മുറിവിൻ്റെ രീതി, നടത്തിയ പരിശോധനകൾ, ചികിത്സ, ചികിത്സാനന്തര കാര്യങ്ങൾ, അപകട സാധ്യതയെ കുറിച്ചുള്ള വിലയിരുത്തൽ എന്നിവയിലാണ് പ്രധാനമായും അന്വേഷണം നടക്കുക. കുട്ടി ഇപ്പോഴും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. പണിക്ക് പോവാൻ കഴിയാത്തതിനാൽ ഭക്ഷണം കഴിക്കാൻ പോലും പണമില്ലെന്നും സർക്കാർ സഹായിക്കുന്നില്ലെന്നും പറഞ്ഞ് കുട്ടിയുടെ അമ്മ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു

സെപ്റ്റംബര്‍ 24-നാണ് സഹോദരനൊപ്പം കളിക്കുന്നതിനിടെ വീണ് പെണ്‍കുട്ടിക്ക് പരിക്കേല്‍ക്കുന്നത്. ഉടന്‍ മാതാപിതാക്കള്‍ കുട്ടിയെ ചിറ്റൂര്‍ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. അവിടെ നിന്നും ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ നിര്‍ദേശം ലഭിക്കുകയായിരുന്നു. ജില്ലാ ആശുപത്രിയിലെത്തി കൈക്ക് പ്രാഥമിക ചികിത്സ നല്‍കി പ്ലാസ്റ്ററിട്ട് വീട്ടിലേക്ക് വിട്ടു. പിന്നീട് കുട്ടിക്ക് ഗുരുതര ആരോഗ്യപ്രശ്നങ്ങളുണ്ടായി. തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയപ്പോഴാണ് കൈ മുറിച്ചുമാറ്റാനുളള നിര്‍ദേശം ലഭിച്ചത്. തുടര്‍ന്ന് പെണ്‍കുട്ടിയുടെ വലതുകൈ മുറിച്ചു മാറ്റുകയായിരുന്നു. 

Content Highlights: Govt formed an expert committe in amputating a nine-year-old girl's hand in Palakkad case

dot image
To advertise here,contact us
dot image