

ജീവിതത്തിലെ തിരക്കുപിടിച്ച ഓട്ടത്തിലാണ് പലരും. കുടുംബബാധ്യതകള്‍, ജോലിയിലെ ബുദ്ധിമുട്ടുകള്‍, നഗര ജീവിതം, സ്ട്രസ് ഇങ്ങനെ പലതും മാനസികാരോഗ്യത്തെ വളരെയധികം ബാധിച്ചേക്കാം. ഇന്ന് ധാരാളം ആളുകള്‍ സ്ട്രസ്, ഡിപ്രഷന്‍, ആങ്‌സൈറ്റി തുടങ്ങിയ പല പ്രശ്‌നങ്ങളിലൂടെ കടന്നുപോകുന്നുണ്ട്. പലരും മരുന്നുകളില്‍ അഭയം തേടുന്നുമുണ്ട്. ഓസ്‌ട്രേലിയയിലെ മോനാഷ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ നടത്തിയ ഒരു പുതിയ പഠനം വെളിപ്പെടുത്തുന്നത് നഗരത്തില്‍ താമസിക്കുന്നവരുടെ മാനസികാരോഗ്യം മെച്ചപ്പെടുത്താന്‍ അല്‍പ്പം പച്ചപ്പ് മതിയെന്നാണ് . പ്രകൃതി വലിയ മരുന്നാണെന്ന പഠനത്തിന്റെ കണ്ടെത്തലുകള്‍ ദി ബിഎംജെയുടെ 'ക്ലൈമറ്റില്‍' പ്രസിദ്ധീകരിച്ചിട്ടുണ്ട്.

മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ കാരണം ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്ന നഗരവാസികളുടെ എണ്ണം വര്‍ധിച്ചുവരികയാണ്. അവര്‍ക്ക് ആശ്വാസമാണ് പച്ചപ്പിന്റെ വെളിച്ചം വീശുന്ന ഈ പഠനം. ഏഴ് രാജ്യങ്ങളില്‍നിന്ന് രണ്ട് പതിറ്റാണ്ടുകളായി നടത്തിയ ഡാറ്റ വിശകലനം അനുസരിച്ച് പ്രകൃതി രമണീയമായ പച്ചപ്പ് മാനസികാരോഗ്യം തകരാറിലായി ആശുപത്രിയില്‍ പ്രവേശിക്കപ്പെടാനുള്ള സാധ്യത കുറയ്ക്കുന്നു.

പ്രാദേശികമായി ലഭിക്കുന്ന ഹരിതയിടങ്ങളില്‍ സമയം ചിലവഴിക്കുന്നതിലൂടെ, ഏത് കാരണങ്ങൾ കൊണ്ടും ഉണ്ടാകുന്ന മാനസികപ്രശ്നങ്ങൾക്ക് ചികിത്സ തേടുന്നതിൽ എഴ് ശതമാനം കുറവുണ്ടാക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ലഹരി വസ്തുക്കള്‍ കൊണ്ടുണ്ടാകുന്ന വൈകല്യങ്ങള്‍ ഒമ്പത് ശതമാനം , മാനസിക വൈകല്യങ്ങള്‍ ഏഴ് ശതമാനം, ഡിമെന്‍ഷ്യ ആറ് ശതമാനം കുറയുന്നതായും കണ്ടെത്തിയിട്ടുണ്ട്.
ഓസ്‌ട്രേലിയയിലെ മോനാഷ് യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസര്‍മാരായ ഷാന്‍ഡി ലി, യുമിംഗ് ഗുവോ എന്നിവരുടെ നേതൃത്വത്തില്‍ നടന്ന പഠനത്തില്‍ പച്ചപ്പിന് കൂടുതല്‍ എക്‌സ്‌പോഷര്‍ ലഭിക്കും തോറും ഒരു വ്യക്തിയുടെ മാനസികാരോഗ്യത്തില്‍ സംരക്ഷണം വര്‍ദ്ധിക്കുന്നതായി കണ്ടെത്തി. നഗരത്തിന്റെ രൂപകല്‍പ്പന മാനസികാരോഗ്യം മെച്ചപ്പെട്ട രീതിയില്‍ സംരക്ഷിക്കുന്നതിനെ എത്രത്തോളം സ്വാധീനിക്കുന്നു എന്ന് ഈ പഠനം തെളിയിക്കുന്നു.
മാനസിക ആരോഗ്യ പ്രശ്‌നങ്ങള്‍ ഇന്ന് ഒരു ആഗോള വെല്ലുവിളിയാണ്. 2021 ല്‍ 1.1 ബില്യണ്‍ ആളുകള്‍ക്ക് മാനസിക വൈകല്യങ്ങള്‍ ഉണ്ടെന്ന് കണ്ടെത്തിയിരുന്നു. മാനസികാരോഗ്യവും ഹരിത ഇടങ്ങളും തമ്മിലുള്ള ബന്ധം മുന്‍ ഗവേഷണങ്ങളിലും കണ്ടെത്തിയിട്ടുണ്ട്.

എല്ലാ കാരണങ്ങള്‍ കൊണ്ടുമുണ്ടാകുന്ന മാനസിക വൈകല്യങ്ങളെയും മറ്റ് ആറ് പ്രത്യേക വിഭാഗങ്ങള്‍ക്കും (മാനസിക വൈകല്യങ്ങള്‍, ലഹരിവസ്തുക്കളുടെ ഉപയോഗ വൈകല്യങ്ങള്‍, ഡിമെന്‍ഷ്യ, ഉത്കണ്ഠ) ഈ മാര്‍ഗ്ഗം ഉപയോഗിച്ച് ഫലം ലഭിക്കുന്നുണ്ടെന്ന് ഗവേഷകള്‍ പറയുന്നു. ഒരു പ്രത്യേക പ്രദേശത്തെ സസ്യങ്ങളുടെ അളവ് വിലയിരുത്തുന്നതിന് ഉപയോഗിക്കുന്ന നോര്‍മലൈസ്ഡ് ഡിഫറന്‍സ് വെജിറ്റേഷന്‍ ഇന്‍ഡക്‌സ് (NDVI) ഉപയോഗിച്ചാണ് അവര്‍ പഠനം നിരീക്ഷിച്ചത്.
( ഈ ലേഖനം വിവരങ്ങള്‍ നല്‍കുന്നതിന് വേണ്ടി മാത്രമുള്ളതാണ്. ആരോഗ്യ സംബന്ധമായ സംശയങ്ങള്‍ക്ക് വിദഗ്ധരുടെ ഉപദേശം തേടേണ്ടതാണ്)
Content Highlights :No need for treatment or medication; New study on how to improve mental health