

വായുമലിനീകരണത്തെ കുറിച്ച് കേൾക്കുമ്പോഴേ ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെ സംരക്ഷണത്തെ കുറിച്ചുള്ള വേവലാതിയായിരിക്കും പലരുടെയും മനസിൽ ഉണ്ടാവുക. എന്നാൽ ആരോഗ്യവിദഗ്ധർ പുതിയൊരു കാര്യം ചൂണ്ടിക്കാട്ടുകയാണ്. നമ്മൾ ശ്വസിക്കുന്ന വായു നമുടെ വയറിനെയും സാരമായി തന്നെ ബാധിക്കുന്നുണ്ടെന്നാണ് പുതിയ റിപ്പോർട്ട് വ്യക്തമാക്കുന്നത്. ഡൽഹിയിൽ നിലവിൽ വായു മലിനീകരണത്തിന്റെ തോത് വർധിക്കുന്നതിനാൽ, നിലവിൽ ശ്വാസകോശ സംബന്ധമായതും ക്ഷീണവും പോലുള്ള അവസ്ഥകൾ മാത്രമല്ല ഉയർന്നുവരുന്നത്.
വായുവിലുള്ള വിഷാംശങ്ങൾ രക്തത്തിൽ കലരുന്നതോടെ ഇത് വയറ്റിനുള്ളിലെത്തുകയും അവിടുള്ള ബാക്ടീരിയകളെ ബാധിക്കുകയും ചെയ്യും. ഇത് വയർവീക്കത്തിന് കാരണമാകുമെന്ന് മാത്രമല്ല പ്രതിരോധശേഷിയെയും ബാധിക്കും. ഇതോടെ വയറുമായി ബന്ധപ്പെട്ട ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. വായുവിലെ വിഷാംശം നിറഞ്ഞ കണികകളും വാതകങ്ങളും ശ്വസിക്കുന്നതിലൂടെ ശ്വാസകോശത്തിലെത്തി അവിടെ അടിഞ്ഞുകൂടുകമാത്രമല്ല ചെയ്യുന്നത്. ഇത് രക്തത്തിലെത്തും, പിറകേ ശരീരത്തിൽ വീക്കത്തിന് കാരണമാകും ഇത് വയറനുള്ളിൽ വരെ നീണ്ടേക്കാമെന്ന സ്ഥിതിയുണ്ടാകും. ഈ വീക്കം വയറ്റിനുള്ളിലെ സൂക്ഷ്മജീവികളെയാണ് ബാധിക്കുക.
നല്ല ബാക്ടീരിയകളുടെ എണ്ണം കുറയുകയും അസിഡിറ്റി, വയറിലെ ഉരുണ്ട് കയറ്റം, അസ്വസ്ഥത, പ്രതിരോധം നഷ്ടപ്പെടുക, ഇൻ്റസ്റ്റീനൽ ബാരിയറിനെ ദുർബലമാക്കുക എന്ന സ്ഥിതിയിലേക്ക് എത്തിച്ചേരുമെന്ന് ഉദയ്പൂർ പാരാസ് ഹെൽത്ത് പൾമോണോളജി സീനിയർ കൺസെൾട്ടന്റ് ഡോ ശ്വേതാബ് പുരോഹിത് പറയുന്നു. ഇത്തരം അവസ്ഥയെ പ്രതിരോധിക്കാൻ ഭക്ഷണക്രമം മികച്ചതാക്കുക, പ്രോബയോട്ടിക്കുകൾ ഉപയോഗിക്കുക എന്നിവാണ് മാർഗമെന്ന് മറ്റൊരു ഡോക്ടറായ നീർജ ഹജേല പറയുന്നു. അതേസമയം ന്യൂട്രീഷ്യനിസ്റ്റായ സോണിയ മെഹ്ത ചൂണ്ടിക്കാട്ടുന്നത്, ഈ വിഷാംശങ്ങൾ വയറിലെത്തുന്നതിലൂടെ ദഹനപ്രക്രിയ പതിയെയാവുമെന്നും ക്ഷീണവും ഒപ്പം മൂഡ് സ്വിങ്‌സ് വരെ ഉണ്ടാകുമെന്നുമാണ്
മികച്ച ഭക്ഷണക്രമം, വെള്ളം നന്നായി കുടിക്കുക, മികച്ച ജീവിതശൈലി എന്നിവയാണ് വിദ്ഗധർ നിർദേശിക്കുന്ന പ്രതിരോധ മാർഗങ്ങൾ. പ്രോബയോട്ടികുകളും പ്രീബയോട്ടിക്കുകളും ഡയറ്റിൽ ഉൾപ്പെടുത്താം. നിങ്ങളുടെ വയറിനെ സംരക്ഷിക്കണമെന്ന് പറയുമ്പോൾ ദഹനം മികച്ചതാവണം എന്ന് മാത്രമല്ല. നിങ്ങളുടെ ശരീരത്തിന്റെ മുഴുവൻ ആരോഗ്യം സംരക്ഷിക്കണമെന്നാണ് മനസിലാക്കേണ്ടത്.
Content Highlights: Smog will affect your gut health too